- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് രോഹിത്തും ഇഷാനും; മധ്യനിരയിൽ പ്രതീക്ഷ കാത്ത് തിലക് വർമ; അവസാന ഓവറുകളിൽ തകർത്തടിച്ച് കാമറൂൺ ഗ്രീൻ; മുംബൈക്കെതിരെ ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം
ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് എതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂൺ ഗ്രീനിന്റെ അർധസെഞ്ചുറി മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. കാമറൂൺ ഗ്രീൻ 40 പന്തിൽ 64 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ഇഷാൻ കിഷൻ, തിലക് വർമ രോഹിത് ശർമ്മ ഏന്നിവരുടെ ഇന്നിങ്‌സ് മുംബൈയ്ക്ക് കരുത്തായി. ഹൈദരാബാദിനായി മാർക്കോ ജാൻസൻ രണ്ട് വിക്കറ്റെടുത്തു
ഭുവനേശ്വർ കുമാർ എറിഞ്ഞ പവർ പ്ലേയിലെ ആദ്യ ഓവറിൽ ആറ് റൺസ് മാത്രമെടുത്ത മുംബൈ മാർക്കോ ജാൻസന്റെ രണ്ടാം ഓവറിൽ ഒമ്പത് റൺസടിച്ച് ലക്ഷ്യം വ്യക്തമാക്കി. മൂന്നാം ഓവർ എറിയാനെത്തിയ വാഷിങ്ടൺ സുന്ദറിനെ ഹാട്രിക്ക് ഫോർ അടിച്ച് വരവേറ്റ രോഹിത് ആ ഓവറിൽ 13 റൺസാണ് അടിച്ചെടുത്ത്. അഞ്ചാം ഓവർ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ചാണ് രോഹിത് സ്വീകരിച്ചത്. പിന്നാലെ നടരാജനെ സിക്‌സിന് പറത്തിയ രോഹിത് ഫുൾ ഫോമിലാണെന്ന് തോന്നിച്ചെങ്കിലും അടുത്ത പന്തിൽ രോഹിത്തിനെ(18 പന്തിൽ 28) ക്യാപ്റ്റൻ ഏയ്ഡൻ മാർക്രത്തിന്റെ കൈകളിലെത്തിച്ച് നടരാജൻ മുംബൈക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. പവർ പ്ലേ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസായിരുന്നു മുംബൈയുടെ സ്‌കോർ ബോർഡിലുണ്ടായിരുന്നത്.
പന്ത്രണ്ടാം ഓവറിൽ ഇഷാൻ കിഷനെ(31 പന്തിൽ 38) മടക്കിയ ജാൻസൻ മുംബൈക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. പകരമെത്തിയ സൂര്യകുമാർ യാദവ് ജാൻസനെ സിക്‌സ് അടിച്ച് തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. അതേ ഓവറിലെ അവസാന പന്തിൽ സൂര്യയെ(മൂന്ന് പന്തിൽ ഏഴ്) ക്യാപ്റ്റൻ മാർക്രത്തിന്റെ കൈകളിലെത്തിച്ച് ജാൻസൻ ഇരട്ട പ്രഹരമേൽപ്പിച്ചു. പിന്നീടെത്തിയ തിലക് വർമ തകർത്തടിച്ചതോടെ മുംബൈ പതിമൂന്നാം ഓവറിൽ 100 കടന്നു. തിലക് വർമ തകർത്തടിക്കുമ്പോൾ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും മുന്നേറിയ കാമറൂൺ ഗ്രീൻ മികച്ച പങ്കാളിയായി.
മാർക്കോ ജാൻസൺ എറിഞ്ഞ പതിനഞ്ചാം ഓവറിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയ തിലക് വർമയും ഗ്രീനും 21 റൺടിച്ചതിന് പിന്നാലെ മായങ്ക് മാർക്കണ്ഡെ എറിഞ്ഞ പതിനാറാം ഓവറിൽ 14 റൺസും അടിച്ചെടുത്തതോടെ മുംബെ 200 കടക്കുമെന്ന് കരുതി. പതിനേഴാം ഓവറിൽ ഭുവനേശ്വർ കുമാർ തിലക് വർമയെ(17 പന്തിൽ 37) മടക്കിയത് മുംബൈക്ക് തിരിച്ചടിയായി. എന്നാൽ നടരാജൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ 20 റൺസടിച്ച ഗ്രീൻ 33 പന്തിൽ ഐപിഎല്ലിലെ ആദ്യ അർധസെഞ്ചുറി തികച്ചു. ഭുവനേശ്വർ കുമാർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആറ് റൺസെ നേടാനായുള്ളുവെങ്കിലും നടരാജൻ എറിഞ്ഞ അവസാന ഓവറിൽ 14 റൺസടിച്ച് ഗ്രീനും ടിം ഡേവിഡും ചേർന്ന് മുംബൈയെ 192 റൺസിലെത്തിച്ചു.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. അർജ്ജുൻ ടെൻഡുൽക്കർ മുംബൈയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയും പ്ലേയിങ് ഇലവനിലെത്തി. ജോഫ്ര ആർച്ചർ ഇന്നും മുംബൈക്കായി ഇറങ്ങിയില്ല. ഡുവാൻ ജോൺസണ് പകരം ജേസൻ ബെഹൻഡോർഫ് മുംബൈയുടെ പ്ലേയിങ് ഇലവനിലെത്തിയതാണ് മറ്റൊരു മാറ്റം. അതേസമയം, ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.
സ്പോർട്സ് ഡെസ്ക്