- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നുംതാരമായി കാമറൂൺ ഗ്രീൻ; മുംബൈയുടെ കൂറ്റൻ സ്കോറിന് മുന്നിൽ പൊരുതിവീണ് ഹൈദരാബാദ്; സീസണിലെ മൂന്നാം ജയവുമായി രോഹിത്തും സംഘവും; ഐപിഎല്ലിൽ ആദ്യ വിക്കറ്റ് സന്തമാക്കി
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയത്തോടെ മുംബൈ ഇന്ത്യൻസ് മുന്നോട്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കാമറൂൺ ഗ്രീനിന്റെ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 14 റൺസിനാണ് തകർത്തത്.
മുംബൈ ഇന്ത്യൻസ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് 19.5 ഓവറിൽ 178 റൺസിന് പുറത്തായി. ഹൈദരാബാദിന്റെ പത്താം വിക്കറ്റ് വീഴ്‌ത്തി ഐപിഎലിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയ അർജുൻ തെൻഡുൽക്കറാണ് മത്സരം പൂർത്തിയാക്കിയത്. രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ജേസൻ ബെഹ്രൻഡോഫ്, റിലേ മെറിഡിത്ത്, പീയൂഷ് ചൗള എന്നിവരുടെ ബോളിങ് മുംബൈയ്ക്ക് വിജയത്തിൽ നിർണായകമായി. കാമറൂൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്‌ത്തി.
ഈ സീസണിൽ മുംബൈ നേടുന്ന മൂന്നാം വിജയമാണിത്. മറുവശത്ത് സൺറൈസേഴ്സ് മൂന്നാം തോൽവി ഏറ്റുവാങ്ങി. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കാമറൂൺ ഗ്രീനാണ് മുംബൈയുടെ വിജയശിൽപ്പി. ഒരുഘട്ടത്തിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സൺറൈസേഴ്സിനെ അവസാന ഓവറുകളിൽ മുംബൈ വരിഞ്ഞുമുറുക്കുകയായിരുന്നു. 48 റൺസെടുത്ത മായങ്ക് അഗർവാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.
193 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് തുടക്കത്തിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാരി ബ്രൂക്കിനെ നഷ്ടമായി. ഒൻപത് റൺസെടുത്ത താരത്തെ ജേസൺ ബെഹ്റെൻഡോർഫ് പുറത്താക്കി. പിന്നാലെ വന്ന രാഹുൽ ത്രിപാഠി വെറും ഏഴ് റൺസെടുത്ത് മടങ്ങിയതോടെ സൺറൈസേഴ്സ് വിറച്ചു.
എന്നാൽ നാലാമനായി ക്രീസിലെത്തിയ എയ്ഡൻ മാർക്രവും ഓപ്പണർ മായങ്ക് അഗർവാളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 17 പന്തിൽ 22 റൺസെടുത്ത മാർക്രത്തെ പുറത്താക്കി ഗ്രീൻ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന അഭിഷേക് ശർമ ഒരു റണ്ണെടുത്ത് മടങ്ങി. ഇതോടെ സൺറൈസേഴ്സ് 72 ന് നാല് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
എന്നാൽ അഭിഷേകിന് പകരം വന്ന ഹെന്റിച്ച് ക്ലാസൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ സൺറൈസേഴ്സ് ക്യാമ്പിൽ വിജയപ്രതീക്ഷ പരന്നു. അഞ്ചാം വിക്കറ്റിൽ ക്ലാസനും മായങ്കും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. പീയുഷ് ചൗള ചെയ്ത 14-ാം ഓവറിൽ തുടർച്ചയായി സിക്സും ഫോറുമടിച്ച് ക്ലാസൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും തൊട്ടടുത്ത പന്തിൽ താരം പുറത്തായി. 16 പന്തിൽ നിന്ന് 36 റൺസെടുത്താണ് താരം മടങ്ങിയത്. ക്ലാസന് പകരം അബ്ദുൾ സമദ് ക്രീസിലെത്തി.
15-ാം ഓവറിൽ അർധസെഞ്ചുറിയിലേക്ക് അടുത്തുകൊണ്ടിരുന്ന മായങ്കും പുറത്തായതോടെ സൺറൈസേഴ്സ് തകർച്ചയിലേക്ക് വീണു. 40 പന്തിൽ 48 റൺസെടുത്ത മായങ്കിനെ മെറെഡിത്ത് പുറത്താക്കി. പിന്നാലെ വന്ന യാൻസൺ 13 റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ റൺസ് കണ്ടെത്താൻ സമദ് പാടുപെട്ടതോടെ സൺറൈസേഴ്സ് തോൽവിയിലേക്ക് നീങ്ങി. യാൻസണ് പിന്നാലെ വന്ന വാഷിങ്ടൺ സുന്ദർ 10 റൺസെടുത്ത് ടീമിന്റെ വിജയലക്ഷ്യം ചുരുക്കി. പക്ഷേ സമദ് തീർത്തും നിരാശപ്പെടുത്തി. കാമറൂൺ ഗ്രീൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ നാലു റൺസെ ഹൈദരാബാദിന് നേടാനായുള്ളു.
അർജ്ജുൻ ടെൻഡുൽക്കർ എറിഞ്ഞ അവസാന ഓവറിൽ 20 റൺസായിരുന്നു ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആ ഓവറിലെ രണ്ടാം പന്തിൽ സൺറൈസേഴ്സിന്റെ അവസാന പ്രതീക്ഷയായിരുന്ന സമദ് പുറത്തായി. 12 പന്തിൽ 9 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ മുംബൈ വിജയമുറപ്പിച്ചു. ആദ്യ നാലു പന്തിൽ അഞ്ച് റൺസ് മാത്രം വഴങ്ങിയ അർജ്ജുൻ അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ച് മുംബൈയുടെ ജയം പൂർത്തിയാക്കി. ഐപിഎല്ലിൽ അർജ്ജുന്റെ ആദ്യ വിക്കറ്റാണിത്. നാലു ക്യാച്ചും ഒരു റണ്ണൗട്ടുമായി ടിം ഡേവിഡ് മുംബൈക്കായി ഫീൽഡിംഗിൽ തിളങ്ങി.
മുംബൈയ്ക്ക് വേണ്ടി ജേസൺ ബെഹ്റെൻഡോർഫും റിലെ മെറെഡിത്തും പീയുഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ കാമറൂൺ ഗ്രീനും അർജുൻ തെണ്ടുൽക്കറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂൺ ഗ്രീനിന്റെ അർധസെഞ്ചുറി മികവിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തത്. കാമറൂൺ ഗ്രീൻ 40 പന്തിൽ 64 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ഇഷാൻ കിഷൻ(31 പന്തിൽ 38), തിലക് വർമ(17 പന്തിൽ 37), ടിം ഡേവിഡ് (11 പന്തിൽ 16*) ഏന്നിവരും മുംബൈക്കായി തിളങ്ങി. ഹൈദരാബാദിനായി മാർക്കോ ജാൻസൻ രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ മുംബൈ അഞ്ച് കളികളിൽ ആറ് പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമുള്ള ഹൈദരാബാദ് ഒൻപതാം സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്