മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ 201 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകൂ. ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. അർധസെഞ്ചുറി നേടിയ സൺറൈസേഴ്സ് ഓപ്പണർമാരായ വിവ്റാന്ത് ശർമയും മായങ്ക് അഗർവാളുമാണ് ടീമിന് മികച്ച ടോട്ടൽ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനായി ഓപ്പണർമാർ വമ്പൻ തുടക്കം സമ്മാനിച്ചു. സൺറൈസേഴ്സിനുവേണ്ടി വിവ്റാന്ത് ശർമയും മായങ്ക് അഗർവാളുമാണ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് മുംബൈ ബൗളർമാരെ അടിച്ചൊതുക്കി. വമ്പൻ വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യൻസിനെ സൺറൈസേഴ്സ് പ്രതിരോധത്തിലേക്ക് തള്ളിയിട്ടു.

ആദ്യ വിക്കറ്റിൽ വിവ്റാന്തും മായങ്കും ചേർന്ന് 140 റൺസാണ് അടിച്ചെടുത്തത്. അതും വെറും 13.5 ഓവറിൽ. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല. എന്നാൽ 14-ാം ഓവറിൽ വിവ്റാന്തിനെ മടക്കി ആകാശ് മധ്വാൽ ഈ കൂട്ടുകെട്ട് ഭേദിച്ചു. യുവതാരം വിവ്റാന്ത് 47 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സുമടക്കം 69 റൺസെടുത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്ത ശേഷമാണ് ക്രീസ് വിട്ടത്.

വിവ്റാന്ത് മടങ്ങിയതിന് പിന്നാലെ മായങ്ക് അർധസെഞ്ചുറി തികച്ചു. 50 കടന്നതിനുശേഷം ആക്രമണം കൂടുതൽ ശക്തിപ്പെടുത്തിയ മായങ്ക് തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ചു. എന്നാൽ ടീം സ്‌കോർ 174-ൽ നിൽക്കേ മായങ്കിനെയും മധ്വാൽ മടക്കി. 46 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും നാല് കൂറ്റൻ സിക്സിന്റെയും സഹായത്തോടെ 83 റൺസെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ ശേഷമാണ് മായങ്ക് മടങ്ങിയത്.

ഈ രണ്ട് വിക്കറ്റുകളും നഷ്ടമായതോടെ സൺറൈസേഴ്സിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ വന്ന ഗ്ലെൻ ഫിലിപ്സും (1) ഹെയ്ന്റിച്ച് ക്ലാസ്സനും (18) ഹാരി ബ്രൂക്കും (0)അതിവേഗത്തിൽ മടങ്ങിയത് സൺറൈസേഴ്സിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ വലിയ തോതിൽ റൺസ് കണ്ടെത്താൻ സൺറൈസേഴ്സിന് സാധിച്ചില്ല. നായകൻ എയ്ഡൻ മാർക്രം 13 റൺസെടുത്തും സൻവീർ സിങ് നാല് റൺസ് നേടിയും പുറത്താവാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി മധ്വാൽ നാല് വിക്കറ്റെടത്തപ്പോൾ ക്രിസ് ജോർദാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.