ചെന്നൈ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ എറിഞ്ഞിട്ട് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന്. 3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആകാശ് മധ്വാളിന്റെ മികവിൽ 81 റൺസിനാണ് മുംബൈ, ലഖ്നൗവിനെ തകർത്തുവിട്ടത്. മുംബൈ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടായി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. സ്‌കോർ: മുംബൈ- 182/8 (20), ലഖ്നൗ- 101 (16.3).

ചെന്നൈ ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചിൽ മാർക്കസ് സ്റ്റോയ്നിസ് ഒഴികെയുള്ള ലഖ്നൗ ബാറ്റർമാർക്ക് ആർക്കും തന്നെ ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. പവർപ്ലേയ്ക്കിടെ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ രണ്ട് വിക്കറ്റുകൾ മുംബൈ ഇന്ത്യൻസ് വീഴ്‌ത്തി. 6 പന്തിൽ 3 നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്വാളും 13 പന്തിൽ 19 നേടിയ കെയ്ൽ മെയേഴ്സിനെ ക്രിസ് ജോർദാനും ഡ്രസിങ് റൂമിലേക്ക് പറഞ്ഞയച്ചു.

ഇതിന് ശേഷം ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും ക്രുനാൽ പാണ്ഡ്യയും ചുമതല ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തിൽ 1), നിക്കോളാസ് പുരാനേയും(1 പന്തിൽ 0) പുറത്താക്കി ആകാശ് മധ്‌വാളും കനത്ത നാശം വിതച്ചു. ഇതോടെ 9.5 ഓവറിൽ 74-5 എന്ന നിലയിൽ ലഖ്നൗ തകർന്നു.

ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 12-ാം ഓവറിൽ ടിം ഡേവിഡിന്റെ പന്തിൽ ഇഷാൻ കിഷന്റെ സ്റ്റംപിങ് വഴിത്തിരിവായി. 27 പന്തിൽ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും(3 പന്തിൽ 2) അനാവാശ്യ ഓട്ടത്തിൽ റണ്ണൗട്ടായി. രവി ബിഷ്‌ണോയിയെ 15-ാം ഓവറിൽ പുറത്താക്കി മധ്‌വാൾ നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറിൽ ദീപക് ഹൂഡയും(13 പന്തിൽ 15) റണ്ണൗട്ടായി. അവസാനക്കാരൻ മൊഹ്‌സീൻ ഖാന്റെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്‌വാൾ മുംബൈക്ക് 81 റൺസിന്റെ കൂറ്റൻ ജയം സമ്മാനിക്കുകയായിരുന്നു.


നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തിരുന്നു. ഇന്നിങ്‌സിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മുംബൈക്ക് പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 10 പന്തിൽ നിന്ന് 11 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ 12 പന്തിൽ നിന്ന് 15 റൺസുമായി സഹ ഓപ്പണർ ഇഷാൻ കിഷനും മടങ്ങി.

പിന്നാലെ മൂന്നാം വിക്കറ്റിൽ കാമറൂൺ ഗ്രീനിനൊപ്പം സൂര്യകുമാർ യാദവ് എത്തിയതോടെ മുംബൈ ഇന്നിങ്‌സ് ടോപ് ഗിയറിലായി. എന്നാൽ 20 പന്തിൽ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 33 റൺസെടുത്ത സൂര്യകുമാറിനെ മടക്കി നവീൻ ഉൾ ഹഖ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഗ്രീനിനൊപ്പം 66 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സൂര്യ മടങ്ങിയത്. പിന്നാലെ അതേ ഓവറിലെ അവസാന പന്തിൽ ഗ്രീനിനെയും മടക്കി നവീൻ മുംബൈയെ ഞെട്ടിച്ചു. 23 പന്തിൽ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 41 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്.

തുടർന്ന് തിലക് വർമയും ടിം ഡേവിഡും ചേർന്ന് സ്‌കോർ 148 വരെയെത്തിച്ചു. 17-ാം ഓവറിൽ ഡേവിഡിനെ മടക്കി യാഷ് താക്കൂർ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തിൽ നിന്ന് 13 റൺസായിരുന്നു ഡേവിഡിന്റെ സംഭാവന. പിന്നാലെ ഇംപാക്റ്റ് പ്ലെയറായെത്തിയ നെഹാൽ വധേരയെ കൂട്ടുപിടിച്ച് തിലക് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 18-ാം ഓവറിൽ നവീൻ ഉൾ ഹഖ് താരത്തെ പുറത്താക്കി. 22 പന്തിൽ നിന്ന് രണ്ട് സിക്‌സടക്കം 26 റൺസെടുത്താണ് തിലക് മടങ്ങിയത്. 12 പന്തിൽ നിന്ന് 23 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈ സ്‌കോർ 182-ൽ എത്തിച്ചത്. നാല് വിക്കറ്റ് വീഴ്‌ത്തിയ നവീൻ ഉൾ ഹഖ് ലഖ്‌നൗവിനായി ബൗളിങ്ങിൽ തിളങ്ങി. യാഷ് താക്കൂർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.