ചണ്ഡിഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെതിരെ പുതിയ റെക്കോഡ് സ്ഥാപിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. മൊഹാലിയിൽ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം സ്‌കോർ പടുത്തുയർത്തിയാണ് ലഖ്നൗ ചരിത്രത്തിലിടം നേടിയത്. പഞ്ചാബിനെതിരേ ലഖ്നൗ 20 ഓവറിൽ 257 റൺസാണ് അടിച്ചെടുത്തത്.

2016 മെയ്‌ 14 ന് റോയൽ ചലഞ്ചേഴ്സ് സ്ഥാപിച്ച 248 റൺസിന്റെ റെക്കോഡ് പഞ്ചാബ് തകർത്തു. എന്നാൽ ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറിന്റെ റെക്കോഡ് ഇപ്പോഴും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കൈവശം തന്നെയാണുള്ളത്. 2013 ഏപ്രിൽ 23 ന് പുണെ വാരിയേഴ്സിനെതിരേ ടീം 263 റൺസെടുത്താണ് റെക്കോഡിട്ടത്. വെറും ഏഴ് റൺസിനാണ് ലഖ്നൗവിന് ഈ റെക്കോഡ് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് വേണ്ടി മിക്ക ബാറ്റർമാരും അടിച്ചുതകർത്തു. മാർക്കസ് സ്റ്റോയിനിസ് (72), കൈൽ മായേഴ്സ് (54), നിക്കോളാസ് പൂരാൻ (45), ആയുഷ് ബദോനി (43) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ലഖ്നൗവിന് റെക്കോഡ് സ്‌കോർ സമ്മാനിച്ചത്. ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ കൂടിയാണിത്.

നാടകീയമായിരുന്നു ലഖ്നൗ സൂപ്പർ ജയന്റ്സ് ബാറ്റിംഗിന്റെ തുടക്കം. അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാർ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളിൽ കെ എൽ രാഹുലിന്റെ ക്യാച്ച് പാഴായി. ഇതോടെ ആദ്യ ഓവർ മെയ്ഡനാക്കുക എന്ന പതിവ് നാണക്കേട് രാഹുൽ മാറ്റി. ഒരുവശത്ത് തകർത്തടിച്ച കെയ്ൽ മെയേഴ്സ് 20 പന്തിൽ അർധസെഞ്ചുറി തികച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ 74-2 എന്ന സ്‌കോറിലായിരുന്നു ലഖ്നൗ സൂപ്പർ ജയന്റ്സ്.

9 പന്തിൽ 12 റൺസെടുത്ത കെ എൽ രാഹുലിനെയും 24 പന്തിൽ ഏഴ് ഫോറും നാല് സിക്സും സഹിതം 54 എടുത്ത കെയ്ൽ മെയേഴ്സിനേയും ആറ് ഓവറിനിടെ പുറത്താക്കി കാഗിസോ റബാഡ മടങ്ങിവരവ് അറിയിച്ചു. ഇതിന് ശേഷം ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും മാർക്കസ് സ്റ്റോയിനിസും 26 പന്തിൽ അമ്പത് റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ലഖ്നൗ 11 ഓവറിൽ 136/2 എന്ന സ്‌കോറിലെത്തി. 13 ഓവറിൽ ഇരുവരും 150 കടത്തി.

89 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പിരിയുമ്പോൾ ലഖ്നൗവിന് 13.3 ഓവറിൽ റൺസുണ്ടായിരുന്നു. 24 ബോളിൽ മൂന്ന് വീതം ഫോറും സിക്സും ഉൾപ്പടെ 43 റൺസെടുത്ത ബദോനിയെ ലിയാം ലിവിങ്സ്റ്റൺ മടക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയിനിസ്-നിക്കോളാസ് പുരാൻ സഖ്യം 16 ഓവറിൽ ടീമിനെ 200 കടത്തി. 19-ാം ഓവറിലെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 40 ബോളിൽ 72 എടുത്ത സ്റ്റോയിനിസിനെ സാം കറൻ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അർഷ്ദീപിന്റെ അവസാന ഓവറിൽ നിക്കോളാസ് പുരാൻ(19 പന്തിൽ 45) എൽബിയിൽ പുറത്തായി. 20 ഓവർ പൂർത്തിയാകുമ്പോൾ ക്രുനാൽ പാണ്ഡ്യയും(2 പന്തിൽ 5*), ദീപക് ഹൂഡയും(6 പന്തിൽ 11*) പുറത്താവാതെ നിന്നു.