ലഖ്നൗ: ഐപിഎലിൽ ലക്‌നൗവിനെ വീഴ്‌ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്‌നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്‌നൗവിന്റെ ടോപ്പ് സ്‌കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. വൻ വിജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിലും കൊൽക്കത്ത ഒന്നാമതെത്തി. രാജസ്ഥാൻ റോയിൽസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒന്നാമതെത്തിയത്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്‌നൗ ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ കെകെആർ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി. അർഷിൻ കുൽക്കർണി (9) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ കെഎൽ രാഹുലും മാർക്കസ് സ്റ്റോയിനിസും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തി. രാഹുൽ (21 പന്തിൽ 25) മടങ്ങിയതോടെ ലക്‌നൗ തകർന്നു. ദീപക് ഹൂഡ (5), നിക്കോളാസ് പൂരാൻ (10), ആയുഷ് ബദോനി (15), ആഷ്ടൺ ടേണർ (16), കൃണാൽ പാണ്ഡ്യ (5), യുദ്ധ്വീർ സിങ് (7), രവി ബിഷ്‌ണോയ് (2) എന്നിവരൊക്കെ വേഗം മടങ്ങി.

ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് അടിച്ചുകൂട്ടി. ഏകാന സ്റ്റേഡിയത്തിലെ റെക്കോർഡ് സ്‌കോറാണിത്. 39 പന്തിൽ 81 റൺസെടുത്ത നരെയന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊൽക്കത്തയെ ഹിമാലയൻ ടോട്ടലിലേക്ക് നയിച്ചത്. ഏഴ് സിക്‌സും ആറ് ബൗണ്ടറിയുമാണ് നരെയ്ന്റെ ബാറ്റിൽ നിന്ന് പിറന്നത്. ലഖ്നൗവിന് വേണ്ടി നവീൻ ഉൽ ഹഖ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന കൊൽക്കത്തയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ 61 റൺസെടുക്കാൻ ഫിലിപ്പ് സാൾട്ട്-സുനിൽ നരെയ്ൻ സഖ്യത്തിന് സാധിച്ചു. 14 പന്തിൽ 32 റൺസെടുത്ത സാൾട്ട് അഞ്ചാം ഓവറിൽ നവീൻ ഉൾ ഹഖിന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

വൺഡൗണായി എത്തിയ അംഗ്കൃഷ് രഘുവംശി നരെയ്നൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സ്‌കോർ 140ലെത്തിയതിന് പിന്നാലെ നരെയ്ൻ പോരാട്ടം അവസാനിപ്പിച്ചു. 12-ാമത്തെ ഓവറിലെ അവസാന പന്തിൽ നരെയ്നെ രവി ബിഷ്ണോയ് സ്വന്തം പന്തിൽ പിടികൂടുകയായിരുന്നു. പകരമെത്തിയ ആന്ദ്രെ റസ്സലിന് കാര്യമായ സംഭാവന നൽകാനായില്ല. 8 പന്തിൽ 12 റൺസെടുത്ത റസ്സലിനെ നവീൻ മടക്കി.

പിന്നാലെ ക്രീസിലെത്തിയ റിങ്കു സിങ്- ശ്രേയസ് അയ്യർ കൂട്ടുകെട്ട് കൊൽക്കത്തയെ 200 കടത്തി. ഇതിന് പിന്നാലെ റിങ്കുവിനെ (11 പന്തിൽ 16) നവീൻ ഉൽ ഹഖ് മാർകസ് സ്റ്റോയിനിസിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിൽ ശ്രേയസ് അയ്യർ (15 പന്തിൽ 23) വീണു. റിങ്കുവിന് പകരമെത്തിയ രമൺദീപ് സിങ് പുറത്താകാതെ 6 പന്തിൽ 25 റൺസ് നേടി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ടീം സ്‌കോർ 235ലെത്തി.