- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാൻ റോയൽസിന് 12 റൺസ് വിജയം
ജയ്പൂർ: ഐപിഎല്ലിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 12 റൺസ് വിജയം. സ്‌കോർ: രാജസ്ഥാൻ: 185-5, ഡൽഹി: 173-5. സഞ്ജു സംസൺ നയിക്കുന്ന രാജസ്ഥാന്റെ സീസണിലെ തുടർച്ചയായ രണ്ടാം ജയമാണിത്. ഋഷഭ് പന്തിന്റെ ഡൽഹിക്ക് രണ്ടാം തോൽവിയും.
രാജസ്ഥാൻ കുറിച്ച 186 റൺസ് ലക്ഷ്യമാക്കി ഇറങ്ങിയ ഡൽഹിക്ക് വേണ്ടി ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് തകർപ്പൻ തുടക്കം നൽകി. പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് നേടി. വാർണറെ ആവേശ് ഖാൻ സന്ദീപ് ശർമയുടെ കൈകളിലെത്തിച്ചതാണ് കളിയിൽ നിർണായകമായത്. 34 പന്തിൽ 49 റൺസാണ് വാർണറുടെ സമ്പാദ്യം.
മാർഷ് 12 പന്തിൽ 23 റൺസെടുത്ത് നന്ദ്രേ ബർഗറിന്റെ പന്തിൽ പുറത്തായി. റിക്കി ഭുയി (പൂജ്യം), ക്യാപ്റ്റൻ ഋഷഭ് പന്ത് (28), ട്രിസ്റ്റൻ സ്റ്റബ്സ് (23 പന്തിൽ 44*), അഭിഷേക് പൊരേൽ (9), അക്സർ പട്ടേൽ (15*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ. രാജസ്ഥാനുവേണ്ടി നാന്ദ്രേ ബർഗർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ആവേശ്ഖാൻ ഒരു വിക്കറ്റ് നേടി.
റിയാൻ പരാഗിന്റെ തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിന് എതിരെ രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്റെ രണ്ടുവിക്കറ്റുകൾ തുരുതുരാ വീണു. എന്നാൽ, നിലയുറപ്പിച്ച പരാഗ് 45 പന്തിൽ 84 റൺസെടുത്ത് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 34 പന്തുകളിൽനിന്ന് അർധ സെഞ്ചുറി പിറന്നു. രവിചന്ദ്രൻ അശ്വിൻ 29 റൺസും, ഷിമ്രോൺ ഹെറ്റ്‌മെയർ 14 ഉം, ധ്രുവ് ജുറെൽ 20 റൺസും നേടി. നായകൻ സഞ്ജു സാംസൺ 14 പന്തിൽ 15 റൺസെടുത്ത് പുറത്തായി.
കഴിഞ്ഞ മൂന്നുസീസണിലും പരാജയമായ പരാഗിന് ഇത് വലിയ തിരിച്ചുവരവാണ്. തുടക്കത്തിൽ ജയ്സ്വാളും സഞ്ജുവും ബട്‌ലറും പുറത്തായതോടെ, പരാഗിന്റെ രംഗപ്രവേശമായി. ആറ് സിക്സും ഏഴ് ഫോറും ചേർന്നതാണ് പരാഗിന്റെ ഇന്നിങ്സ്. ഐ.പി.എല്ലിൽ റിയാൻ പരാഗിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.
രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 29), ധ്രുവ് ജുറേൽ (12 പന്തിൽ 20) ഷിംറോൺ ഹെറ്റ്‌മെയർ (ഏഴ് പന്തിൽ പുറത്താകാതെ 14) എന്നിവർ പരാഗിന് മികച്ച പിന്തുണ നൽകി. ഡൽഹിക്കായി ഖലീൽ അഹ്‌മദ്, മുകേഷ് കുമാർ, ആന്റിച്ച് നോർജെ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ (29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല. അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)