- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോറ്റ് തൊപ്പിയിട്ട് ഡൽഹി! ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവി; പവർപ്ലേയിൽ മൂക്കുകുത്തി മുൻനിര; ചെറുത്ത് നിന്നത് മനീഷ് പാണ്ഡെ മാത്രം; മൂന്ന് വിക്കറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കി വൈശാഖ്; ബാംഗ്ലൂരിന് രണ്ടാം ജയം
ബംഗളൂരു: ഐപിഎൽ സീസണിൽ അഞ്ച് മത്സരം പിന്നിട്ടിട്ടും ആദ്യ ജയം നേടാനാവാതെ ഡൽഹി കാപിറ്റൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 23 റൺസിനാണ് ഡേവിഡ് വാർണറും സംഘവും തോൽവി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടിയപ്പോൾ ഡൽഹിയുടെ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 151 റൺസിൽ അവസാനിച്ചു.
34 പന്തിൽ 50 റൺസ് എടുത്ത വിരാട് കോലി ആർസിബിയുടെ ടോപ് സ്‌കോററായി. മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ വിജയ്കുമാർ വൈശാഖാണ് ഡൽഹിയെ തകർത്തത്. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗിൽ 50 റൺസെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങിയത്.
മോശം തുടക്കാമായിരുന്നു ഡൽഹിക്ക്. പവർപ്ലേയിൽ തന്നെ അവർക്ക് നാല് വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ (0), മിച്ചൽ മാർഷ് (0) യഷ് ദുൾ (1), ഡേവിഡ് വാർണർ (19) എന്നിവരാണ് നാല് ഓവർ പൂർത്തിയാവുമുമ്പ് മടങ്ങിയത്. പൃഥ്വി റണ്ണൗട്ടായപ്പോൾ മാർഷിനെ വെയ്ൻ പാർനെൽ കോലിയുടെ കൈകളിലെത്തിച്ചു. ദുളിനെ സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. വാർണർ വൈശാഖിന്റെ സ്ലോ ബൗൺസറിൽ കോലിക്ക് ക്യാച്ച് നൽകി.
അഭിഷേക് പോറൽ (5), ലളിത് യാദവ് (4) എന്നിവർക്ക് രണ്ടക്കം കാണാൻ പോലും സാധിച്ചില്ല. മനീഷിനൊപ്പം അക്സർ പട്ടേൽ (14 പന്തിൽ 21) ക്രീസിൽ നിന്നപ്പോൾ നേരിയ പ്രതീക്ഷയുണ്ടായിരുന്നു ഡൽഹിക്ക്. എന്നാൽ അക്സറിനെ പുറത്താക്കി വൈശാഖ് ആ പ്രതീക്ഷയും കെടുത്തി. വൈകാതെ മനീഷ്, വാനിന്ദു ഹസരങ്കയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി. അമൻ ഹകീം ഖാൻ (18) സിറാജിനും വിക്കറ്റ് നൽകി. ആന്റിച്ച് നോർജെ (23), കുൽദീപ് യാദവ് (7) പുറത്താവാതെ നിന്നു.
ആർസിബിക്കും അത്ര നല്ല തുടക്കമായിരുന്നില്ല. നേരത്തെ, അഞ്ചാം ഓവറിലാണ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 22 റൺസെടുത്ത ഫാഫ് ഡു പ്ലെസിസിനെ മിച്ചൽ മാർഷ്, ഹകിം ഖാന്റെ കൈകളിലെത്തിച്ചു. ഒന്നാം വിക്കറ്റിൽ കോലിക്കൊപ്പം 42 റൺസാണ് ഫാഫ് കൂട്ടിചേർത്തത്. പതിനൊന്നാം ഓവറിന്റെ ആദ്യ പന്തിൽ കോലിയും മടങ്ങി. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.
ലളിത് യാദവിനായിരുന്നു കോലിയുടെ വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളിൽ ആർസിബിക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. 18 പന്തിൽ 26 റൺസെടു്ത്ത മഹിപാൽ ലോംറോറിനെ മാർഷ് വിക്കറ്റ് കീപ്പർ അഭിഷേക് പോറലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് തുടർച്ചയായ മൂന്ന് പന്തുകളിൽ ആർസിബിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗ്ലെൻ മാക്സ്വെൽ (14 പന്തിൽ 24), ഹർഷൽ പട്ടേൽ (4 പന്തിൽ 6), ദിനേശ് കാർത്തിക് (0) എന്നിവരാണ് മടങ്ങിയത്. രണ്ടിന് 117 നിലയിലായിരുന്ന ആർസിബി ആറിന് 132 എന്ന നിലയിലേക്ക് വീണു. ഷഹ്ബാസ് അഹമ്മദ് (20), അനുജ് റാവത്ത് (15) എന്നിവരാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അക്സർ പട്ടേൽ, ലളിത് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
സ്പോർട്സ് ഡെസ്ക്