മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന് എതിരെ 175 റൺസ് വിജയലക്ഷ്യം കുറിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ വിരാട് കോലിയുടെയും ഫാഫ് ഡൂപ്ലെസിയുടെയും വെടിക്കെട്ട് അർധസെഞ്ചുറികളാണ് മികച്ച സ്‌കോറിൽ എത്തിച്ചത്. ആർസിബി 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. കോലി 47 പന്തിൽ 59 റൺസടിച്ചപ്പോൾ ഡൂപ്ലെസി 56 പന്തിൽ 84 റൺസെടുത്തു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റെടുത്തു.

ടോസിലെ നിർഭാഗ്യം ആർസിബിയെ ബാറ്റിംഗിൽ ബാധിച്ചില്ല. വിരാട് കോലിയും-ഫാഫ് ഡൂപ്ലെസിയും ചേർന്ന് ഒരിക്കൽ കൂടി ആർസിബിക്ക് തകർപ്പൻ തുടക്കമിട്ടു, പവർ പ്ലേയിൽ ഇരുവരും ചേർന്ന് ആർസിബിയെ 59 റൺസിലെത്തിച്ചു. 31 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ഡൂപ്ലെസിയാണ് തകർത്തടിച്ചത്. എന്നാൽ അർധസെഞ്ചുറിക്ക് ശേഷം ആറാം ഓവറില് 60ൽ എത്തിയ ആർസിബി പക്ഷെ പന്ത്രണ്ടാം ഓവറിലാണ് 100 കടന്നത്. 10 മുതൽ 15 വരെയുള്ള അഞ്ചോവറിൽ 39 റൺസ് മാത്രമാണ് ആർസിബിക്ക് നേടാനായത്.

ഇതിനിടെ വിരാട് കോലി 40 പന്തിൽ അർധസെഞ്ചുറി തികച്ചു. അർധസെഞ്ചുറിക്ക് പിന്നാലെ നേഥൻ എല്ലിസിനെ സിക്‌സിന് പറത്തി ഗിയർ മാറ്റാനൊരുങ്ങിയ കോലിയെ ഹർപ്രീത് ബ്രാറിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ ജിതേഷ് ശർമ പറന്നു പിടിച്ചു. ഇതിന് തൊട്ടു മുമ്പ് സാം കറന്റെ പന്തിൽ ഫാഫ് ഡൂപ്ലെസി നൽകിയ അനായാസ ക്യാച്ച് ജിതേഷ് ശർമ നഷ്ടമാക്കിയിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടുയർത്തിയശേഷമാണ് കോലി മടങ്ങിയത്, 47 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയ കോലി 59 റൺസടിച്ചു.

സീസണിലെ നാലാം അർധസെഞ്ചുറി കുറിച്ചാണ് വിരാട് കോലി മടങ്ങിയത്. ഈ മത്സരത്തിലൂടെ പുതിയൊരു റെക്കോഡ് കോലി സ്വന്തമാക്കി. ഐ.പി.എല്ലിൽ ഏറ്റവുമധികം 30 റൺസിൽ കൂടുതൽ സ്‌കോർ ചെയ്യുന്ന താരം എന്ന റെക്കോഡ് കോലി സ്വന്തം പേരിൽ കുറിച്ചു. പഞ്ചാബിനെതിരേ 30 റൺസ് കടന്നതോടെ കോലി ഐ.പി.എല്ലിലെ 30 റൺസ് നേട്ടം 100 എണ്ണമാക്കി ഉയർത്തി. മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം.

കോലി മടങ്ങിയതിന് പിന്നാലെ ബ്രാറിന്റെ ആദ്യ പന്തിൽ സിക്‌സിന് ശ്രമിച്ച ഗ്ലെൻ മാക്‌സ്വെൽ ഗോൾഡൻ ഡക്കായി. പതിനെട്ടാം ഓവറിൽ നേഥൻ എല്ലിസിനെ സിക്‌സ് അടിച്ചതിന് പിന്നാലെ വീണ്ടും സിക്‌സിന് ശ്രമിച്ച ഡൂപ്ലെസി(56 പന്തിൽ 84) മടങ്ങി. അഞ്ച് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഡൂപ്ലെസി 84 റൺസടിച്ചത്.

അവസാന ഓവറുകളിൽ തകർത്തടിക്കുമെന്ന് കരുതിയ ദിനേശ് കാർത്തിക്കും (5 പന്തിൽ 7)മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആർസിബി റൺസിലൊതുങ്ങി. അവസാന നാലോവറിൽ 37 റൺസെ ആർസിബിക്ക് റൺസെ നേടാനായുള്ളു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ടും അർഷദീപും നേഥൻ എല്ലിസും ഓരോ വിക്കറ്റും വീഴ്‌ത്തി.