- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊരുതിയത് ജിതേശ് ശർമയും പ്രഭ്സിമ്രാൻ സിങും മാത്രം; നാല് വിക്കറ്റുമായി ജയമൊരുക്കി സിറാജ്; പഞ്ചാബ് കിങ്‌സിനെ 24 റൺസിന് വീഴ്‌ത്തി ആർസിബി; സീസണിലെ മൂന്നാം ജയം
മൊഹാലി: സ്വന്തം തട്ടകത്തിൽ പഞ്ചാബ് കിങ്‌സിനെ 24 റൺസിന് മലർത്തിയടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീണ്ടും വിജയവഴിയിൽ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലി നായകനായെത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ 150 റൺസിന് പഞ്ചാബ് ഓൾ ഔട്ടായി.
മൊഹാലിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി നാല് വിക്കറ്റ് നഷ്ടത്തിലാണ് 174 റൺസാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (84), വിരാട് കോലി (59) എന്നിവർ തിളങ്ങി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകർത്തത്. 46 റൺസ് നേടിയ പ്രഭ്സിമ്രാനാണ് ടോപ് സ്‌കോറർ. ജിതേശ് ശർമ 41 റൺസെടുത്തു.
മോശം തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. പവർപ്ലേ പൂർത്തിയാവും മുമ്പ് തന്നെ പഞ്ചാബ് നാലിന് 43 എന്ന നിലയായി. അഥർവ ടെയ്ഡെ (4), ലിയാം ലിവിങ്സ്റ്റൺ (2) എന്നിവരെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. മാത്യു ഷോർട്ടിന് വാനിന്ദു ഹസരങ്ക ബൗൾഡാക്കിയപ്പോൾ ഹർപ്രീത് സിങ് ഭാട്ടിയ (13) സിറാജിന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അതേ സമയം പ്രഭ്സിമ്രാൻ സിങ് (30 പന്തിൽ 46) ഒരറ്റത്ത് പിടിച്ചുനിന്നു. എന്നാൽ ക്യാപ്റ്റൻ സാം കറൻ (10) പോയതോടെ അഞ്ചിന് 76 എന്ന നിലയിലായി പഞ്ചാബ്.
പിന്നീട് ജിതേശ് ശർമയുമൊത്ത് (41) പഞ്ചാബിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തി. എന്നാൽ സിമ്രാനും വീണതോടെ പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഹർപ്രീത് ബ്രാർ (13), നതാൻ എല്ലിസ് (1) എന്നിവരെ 18-ാം ഓവറിൽ ബൗൾഡാക്കിയ സിറാജ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. 19-ാം ഓവറിൽ ജിതേഷിനെ (41) ഹർഷൽ മടക്കിയതോടെ ആര്സിബി വിജയം സ്വന്തമാക്കി. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തിയത്. ഹസരങ്ക, വെയ്ൻ പാർനെൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിന് ബാറ്റിങ് നൽകുകയായിരുന്നു. വിരാട് കോലിയും-ഫാഫ് ഡൂപ്ലെസിയും ചേർന്ന് ഒരിക്കൽ കൂടി ആർസിബിക്ക് തകർപ്പൻ തുടക്കമിട്ടു, പവർ പ്ലേയിൽ ഇരുവരും ചേർന്ന് ആർസിബിയെ 59 റൺസിലെത്തിച്ചു. 31 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ഡൂപ്ലെസിയാണ് തകർത്തടിച്ചത്. എന്നാൽ അർധസെഞ്ചുറിക്ക് ശേഷം ആറാം ഓവറില് 60ൽ എത്തിയ ആർസിബി പക്ഷെ പന്ത്രണ്ടാം ഓവറിലാണ് 100 കടന്നത്. 10 മുതൽ 15 വരെയുള്ള അഞ്ചോവറിൽ 39 റൺസ് മാത്രമാണ് ആർസിബിക്ക് നേടാനായത്.
ഇതിനിടെ വിരാട് കോലി 40 പന്തിൽ അർധസെഞ്ചുറി തികച്ചു. അർധസെഞ്ചുറിക്ക് പിന്നാലെ നേഥൻ എല്ലിസിനെ സിക്സിന് പറത്തി ഗിയർ മാറ്റാനൊരുങ്ങിയ കോലിയെ ഹർപ്രീത് ബ്രാറിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ ജിതേഷ് ശർമ പറന്നു പിടിച്ചു. ഇതിന് തൊട്ടു മുമ്പ് സാം കറന്റെ പന്തിൽ ഫാഫ് ഡൂപ്ലെസി നൽകിയ അനായാസ ക്യാച്ച് ജിതേഷ് ശർമ നഷ്ടമാക്കിയിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടുയർത്തിയശേഷമാണ് കോലി മടങ്ങിയത്, 47 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ കോലി 59 റൺസടിച്ചു.
കോലി മടങ്ങിയതിന് പിന്നാലെ ബ്രാറിന്റെ ആദ്യ പന്തിൽ സിക്സിന് ശ്രമിച്ച ഗ്ലെൻ മാക്സ്വെൽ ഗോൾഡൻ ഡക്കായി. പതിനെട്ടാം ഓവറിൽ നേഥൻ എല്ലിസിനെ സിക്സ് അടിച്ചതിന് പിന്നാലെ വീണ്ടും സിക്സിന് ശ്രമിച്ച ഡൂപ്ലെസി(56 പന്തിൽ 84) മടങ്ങി. അഞ്ച് ഫോറും അഞ്ച് സിക്സും പറത്തിയാണ് ഡൂപ്ലെസി 84 റൺസടിച്ചത്.
അവസാന ഓവറുകളിൽ തകർത്തടിക്കുമെന്ന് കരുതിയ ദിനേശ് കാർത്തിക്കും (5 പന്തിൽ 7)മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആർസിബി റൺസിലൊതുങ്ങി. അവസാന നാലോവറിൽ 37 റൺസെ ആർസിബിക്ക് റൺസെ നേടാനായുള്ളു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ടും അർഷദീപും നേഥൻ എല്ലിസും ഓരോ വിക്കറ്റും വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്