ഹൈദരാബാദ്: ക്ലാസിക്കൽ സെഞ്ചുറിയുമായി കളം നിറഞ്ഞ ഹെന്റിച്ച് ക്ലാസന്റെ ഇന്നിങ്‌സിന് അത്രതന്നെ മനോഹരമായ സെഞ്ചുറിയിലൂടെ മറുപടി നൽകിയ വിരാട് കോലിയുടെ ബാറ്റിങ് മികവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മിന്നും ജയം. എട്ടുവിക്കറ്റിനാണ് ബാംഗ്ലൂർ ഹൈദരാബാദിനെ തകർത്തത്. ഹൈദരാബാദ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയും അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയുമാണ് ആർസിബിക്ക് മികച്ച വിജയം സമ്മാനിച്ചത്. വിജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

ഹൈദരാബാദ് ഉയർത്തിയ 187 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ഗംഭീര തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ഓപ്പണർമാരായ വിരാട് കോലിയും നായകൻ ഫാഫ് ഡുപ്ലെസിയും ആദ്യ ആറ് ഓവറിൽ 64 റൺസെടുത്തു. പവർപ്ലേയ്ക്ക് ശേഷവും തകർപ്പൻ ബാറ്റിങ്ങ് പുറത്തെടുത്ത ഇരുവരും ഹൈദരാബാദ് ബൗളേഴ്സിന് വലിയ വെല്ലുവിളി ഉയർത്തി. 10 ഓവറിൽ 95 റൺസായി ടീം സ്‌കോർ ഉയർന്നു.

ഹൈദരാബാദിന്റെ വിജയപ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തി ഇരുവരും അനായാസം മൈതാനത്ത് വെടിക്കെട്ട് കാഴ്ചവെച്ചു. 18-ാം ഓവറിൽ കോലി സെഞ്ചുറിയും തികച്ചു. എന്നാൽ അടുത്ത പന്തിൽ തന്നെ കോലി പുറത്തായി. 63-പന്തിൽ നിന്ന് 12 ഫോറിന്റേയും നാല് സിക്സറുകളുടേയും അകമ്പടിയോടെ കോലി 100 റൺസെടുത്താണ് പുറത്തായത്. ഡു പ്ലസിക്ക് ഒപ്പം 172 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് കോലി മടങ്ങിയത്.

പിന്നാലെ ഡുപ്ലെസിയും കൂടാരം കയറി. 47 പന്തിൽ നിന്ന് 71 റൺസെടുത്താണ് ഡുപ്ലെസി മടങ്ങിയത്. പിന്നീടിറങ്ങിയ മാക്സ്വെല്ലും ബ്രെയ്സ്വെല്ലും നാല് പന്ത് ശേഷിക്കേ ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ചു. വിരാട് കോലി പന്തിൽ 63 ബോളിൽ 100 റൺസും ഫാഫ് ഡുപ്ലസിസ് 47 പന്തിൽ 71 ഉം റൺസുമായി മടങ്ങിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ 3 പന്തിൽ 5* റൺസും, മൈക്കൽ ബ്രേസ്‌വെൽ 4 പന്തിൽ 4* ഉം റൺസുമായി ടീമിനെ ജയിപ്പിച്ചു.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് വിക്കറ്റ് നഷ്ടങ്ങളോടെയായിരുന്നു തുടക്കം. 4.3 ഓവറിൽ 28 റൺസിനിടെ ഓപ്പണർമാരെ സൺറൈസേഴ്സിന് നഷ്ടമായി. പേസർമാരായ മുഹമ്മദ് സിറാജിന്റെയും വെയ്ൻ പാർനലിന്റേയും ആദ്യ സ്പെല്ലിന് ശേഷം മൈക്കൽ ബ്രേസ്വെല്ലാണ് ഇരു വിക്കറ്റുകളും വീഴ്‌ത്തിയത്. ഇന്നിങ്സിലെ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് ശർമ്മയെയും(14 പന്തിൽ 11), മൂന്നാം ബോളിൽ രാഹുൽ ത്രിപാഠിയേയും(12 പന്തിൽ) ബ്രേസ്വെൽ പുറത്താക്കുകയായിരുന്നു. എങ്കിലും പവർപ്ലേ പൂർത്തിയാകുമ്പോൾ കൂടുതൽ നഷ്ടമില്ലാതെ 49-2 എന്ന നിലയിലെത്തി ടീം. നായകൻ ഏയ്ഡൻ മാർക്രാമിനെ സാക്ഷിയാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ഹെന്റിച്ച് ക്ലാസൻ തകർത്തടിക്കുന്നതാണ് പിന്നീട് കണ്ടത്.

രണ്ട് വിക്കറ്റ് വീണിട്ടും പതറാതെ കളിച്ച ക്ലാസൻ 24 പന്തിൽ അർധസെഞ്ചുറി കണ്ടെത്തിയതോടെ 12-ാം ഓവറിൽ സൺറൈസേഴ്സ് സ്‌കോർ ബോർഡ് 100 തൊട്ടു. 13-ാം ഓവറിലെ അഞ്ചാം പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച മാർക്രമിനെ(20 പന്തിൽ 18) ബൗൾഡാക്കി ഷഹ്ബാസ് അഹമ്മദാണ് 76 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത്. 16 ഓവർ പൂർത്തിയാകുമ്പോൾ എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. ഇതിന് ശേഷം ഷഹ്ബാസിനെ തുടർച്ചയായ സിക്സുകൾക്ക് ക്ലാസൻ പറത്തി. ഹർഷൽ പട്ടേലിന്റെ 19-ാം ഓവറിൽ തകർപ്പൻ സിക്സോടെ ക്ലാസൻ 49 ബോളിൽ തന്റെ ക്ലാസ് ശതകം തികച്ചു.

പിന്നാലെ ഹർഷൽ ബൗൾഡാക്കിയെങ്കിലും ക്ലാസന്റെ ഇന്നിങ്സ് എതിരാളികളുടെ പോലും കയ്യടി വാങ്ങി. 4 റൺസ് മാത്രം വിട്ടുകൊടുത്ത സിറാജിന്റെ അവസാന ഓവറാണ് 200 കടക്കുന്നതിൽ നിന്ന് സൺറൈസേഴ്സിനെ തടഞ്ഞത്. അവസാന പന്തിൽ ഗ്ലെൻ ഫിലിപ്സ്(4 പന്തിൽ 5) പുറത്താവുകയും ചെയ്തു. ബാംഗ്ലൂരിനായി ബ്രെയ്സ്വെൽ രണ്ട് വിക്കറ്റെടുത്തപ്പോൾ ഹർഷൽ പട്ടേൽ, ഷബാസ് അഹമ്മദ്, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.