ജയ്പുർ: അവസാന പന്തുവരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ ഒട്ടേറെ മത്സരങ്ങൾ കണ്ട ഐപിഎലിൽ സീസണിലെ ഏറ്റവും നാടകീയ മത്സരങ്ങളിലൊന്നിനാണ് ഞായറാഴ്ച ആരാധകർ സാക്ഷ്യം വഹിച്ചത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിന്റെ അവസാന പന്തിൽ അവിശ്വസനീയമാംവിധം സൺറൈസേഴ്‌സ് നാല് വിക്കറ്റിന്റെ നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാൻ പേസർ സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നോബോൾ ആയതോടെയാണ് ജയിച്ചെന്നു കരുതിയ മത്സരം രാജസ്ഥാന് കൈവിട്ടത്.

അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ സന്ദീപ് ശർമ എറിഞ്ഞ പന്തിൽ അബ്ദുൾ സമദ് പുറത്തായെങ്കിലും അവസാന പന്ത് നോ ബോളായതോടെ വീണ്ടും എറിയേണ്ടിവന്നു. വീണ്ടുമെറിഞ്ഞ പന്തിൽ അബ്ദുൾ സമദ് സിക്‌സ് പറത്തി ഹൈദരാബാദിന് അവിശ്വസനീയ ജയം സമ്മാനിക്കുകയും ചെയ്തു.

മത്സരശേഷം, തോൽവിയെക്കുറിച്ച് വിശദമായി സംസാരിച്ച റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വളരെയധികം അസ്വസ്ഥനായാണ് കണ്ടത്. ഇത്തരത്തിലുള്ള തോൽവികൾ ഏറ്റുവാങ്ങാൻ കളിക്കാർ മാനസികമായ തയാറായിരിക്കണമെന്ന് സഞ്ജു അഭിപ്രായപ്പെട്ടു.

തോൽവിയിൽ നിരാശയുണ്ടെങ്കിലും ഐപിഎൽ മത്സരങ്ങളിൽ അവസാന പന്തുവരെ ജയിച്ചുവെന്ന് ഒരു ടീമിനും ഉറപ്പിക്കാനാവില്ലെന്നതിന്റെ തെളിവാണിതെന്ന് സഞ്ജു മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ പറഞ്ഞു. ഐപിഎല്ലിൽ ഇങ്ങനെയാണ്. ഇതുപോലെയുള്ള മത്സരങ്ങളാണ് ഐപിഎല്ലിലെ സ്‌പെഷലാക്കുന്നത്. കളിയുടെ ഒരു ഘട്ടത്തിലും ജയിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാനാവില്ല.

എന്നാൽ ആദ്യം ബാറ്റ് ചെയ്ത റോയൽസിന്, കൂടുതൽ റൺസ് കൂട്ടിച്ചേർക്കാനാകുമായിരുന്നോ എന്ന് കമന്റേറ്റർ ചോദിച്ചപ്പോൾ സഞ്ജുവിന് വാക്കുകൾ നഷ്ടപ്പെട്ടു. ''മികച്ച ചോദ്യമാണ്. എനിക്കറിയില്ല'' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇത് കമന്റേറ്ററെ കുറച്ച് നിമിഷം നിശബ്ദനാക്കി. അൽപസമയത്തിനുശേഷമാണ് അദ്ദേഹം അടുത്ത ചോദ്യത്തിലേക്ക് കടന്നത്.

'ഇതാണ് ഐപിഎൽ നിങ്ങൾക്ക് നൽകുന്നത്. ഇതുപോലുള്ള മത്സരങ്ങൾ ഐപിഎലിനെ സവിശേഷമാക്കുന്നു. കളി ജയിച്ചതായി ഒരിക്കലും തോന്നില്ല. ഏത് എതിരാളിക്കും ജയിക്കാമെന്ന് എനിക്കറിയാമായിരുന്നു, അവരും നന്നായി ബാറ്റ് ചെയ്യുകയായിരുന്നു, പക്ഷേ സന്ദീപിനൊപ്പം അവസാന ഓവർ പ്രതിരോധിക്കുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.'' സന്ദീപിന്റെ നോ ബോളിനെക്കുറിച്ച് ചോദിച്ചപ്പോൾ സാംസൺ പറഞ്ഞു.

ജയിച്ചുവെന്നറിഞ്ഞശേഷം നോ ബോളായ പന്ത് വീണ്ടും എറിയേണ്ടിവന്നത് സന്ദീപിനെയും ബാധിച്ചിരിക്കാം. നോ ബോളാണെന്ന് അറിഞ്ഞപ്പോൾ എന്തുതോന്നിയെന്ന ചോദ്യത്തിന് ഒന്നും തോന്നിയില്ലെന്നും നോ ബോളായതിനാൽ വീണ്ടും എറിയുക എന്നത് മാത്രമെ ചെയ്യാനുള്ളുവെന്നും സഞ്ജു പറഞ്ഞു.

''സമാനമായ ഒരു സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ അദ്ദേഹം ഞങ്ങളെ വിജയിപ്പിച്ചു. ഇപ്രാവശ്യം അത് വീണ്ടും ചെയ്തു, പക്ഷേ ആ നോബോൾ എല്ലാം നശിപ്പിച്ചു.'' സഞ്ജു കൂട്ടിച്ചേർത്തു.

അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ല. രാജസ്ഥാൻ റോയൽസ് നേടിയ ടോട്ടലിൽ സംതൃപ്തനായിരുന്നോ എന്ന ചോദ്യത്തിന് ജയിച്ചിരുന്നെങ്കിൽ സംതൃപ്തനാവുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.

രാജസ്ഥാന് കഴിഞ്ഞ 6 മത്സരങ്ങളിൽ അഞ്ചാം തോൽവിയായിരുന്നു ഇന്നലത്തേയത്. ജോസ് ബട്ലർ (95), സഞ്ജു സാംസൺ (66), യശസ്വി ജയ്‌സ്വാൾ (35) എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തിൽ രാജസ്ഥാൻ കുറിച്ച 215 റൺസ് വിജയലക്ഷ്യമാണ് ഹൈദരാബാദ് അവസാന പന്തിൽ മറികടന്നത്. ലീഗ് ഘട്ടത്തിൽ ഇനി മൂന്നു മത്സരങ്ങളാണ് രാജസ്ഥാന് അവശേഷിക്കുന്നത്. അഞ്ച് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് നാലാം സ്ഥാനത്താണ്. എങ്കിലും പ്ലേഓഫിൽ പ്രവേശിക്കുന്നതിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാകും.