മുംബൈ: ഐപിഎൽ അപൂർവ നേട്ടം പേരിൽ കുറിച്ച് സച്ചിൻ ടെൻഡുൽക്കറും മകൻ അർജുൻ ടെൻഡുൽക്കറും. പതിനാറാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിനായി മകൻ അർജുൻ അരങ്ങേറിയതോടെയാണ് ടെൻഡുൽക്കർ കുടുംബത്തിന് അപൂർവ നേട്ടം സ്വന്തമാക്കാനായത്.

ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടമാണ് സച്ചിൻ ടെൻഡുൽക്കറും അർജുൻ ടെൻഡുൽക്കറും പേരിലാക്കിയത്. ഇരുവരും ഐപിഎൽ അരങ്ങേറ്റം കുറിച്ചത് ഒരേ ടീമിനായാണ് എന്നതും ശ്രദ്ധേയമാണ്. അർജുൻ ടെൻഡുൽക്കർ അരങ്ങേറ്റം കുറിക്കുമ്പോൾ സച്ചിൻ ടീം ഐക്കണിന്റെ കുപ്പായത്തിൽ മുംബൈയുടെ ഡഗൗട്ടിലുണ്ടായിരുന്നു.

കെകെആറിനെതിരെ ആദ്യമായി ഐപിഎൽ അവസരം ലഭിച്ച അർജുൻ ടെൻഡുൽക്കർക്ക് അരങ്ങേറ്റത്തിൽ ആദ്യ രണ്ട് ഓവർ എറിയാനുമായി. രണ്ട് ഓവർ ബോളിങ് ചെയ്ത അർജുൻ പതിനേഴ് റൺസ് വിട്ടുനൽകിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ഐപിഎല്ലിന്റെ ആദ്യ സീസണായ 2008ൽ മുംബൈ ഇന്ത്യൻസിന്റെ ഐക്കൺ താരമായിരുന്ന സച്ചിൻ ടെൻഡുൽക്കർ 2013 വരെ ഫ്രാഞ്ചൈസിക്കായി കളിച്ചു. ഇതിന് ശേഷം മുംബൈ ഇന്ത്യൻസിന്റെ ടീം ഐക്കണായി തെരഞ്ഞെടുക്കപ്പെട്ട സച്ചിൻ നിലവിൽ ടീമിന്റെ ഉപദേഷ്ടാവ് കൂടിയാണ്. ഐപിഎല്ലിലെ 78 മത്സരങ്ങളിൽ 33.83 ശരാശരിയിലും 119.82 സ്‌ട്രൈക്ക് റേറ്റിലും 2,334 റൺസ് നേടിയ സച്ചിൻ 2010 സീസണിലെ മികച്ച ബാറ്റർക്കും ക്യാപ്റ്റനും സീസണിലെ മികച്ച താരത്തിനുമുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ഐപിഎല്ലിൽ സച്ചിന് ഒരു സെഞ്ചുറിയും 13 അർധസെഞ്ചുറികളുമുണ്ട്. ക്യാപ്റ്റനായി രണ്ട് സീസണുകളിൽ അഞ്ഞൂറിലധികം റൺസ് നേടി. സച്ചിനോടുള്ള ആദരമായി 10-ാം നമ്പർ ജേഴ്സി മുംബൈ ഇന്ത്യൻസ് പിൻവലിച്ചിരുന്നു.

മുമ്പ് ഈ സീസണിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ ക്ലാസിക്കോയിൽ ഇംപാക്ട് പ്ലെയേഴ്സിന്റെ പട്ടികയിൽ അർജുൻ ടെൻഡുൽക്കറെ മുംബൈ ഇന്ത്യൻസ് ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തിന് മൈതാനത്തിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ അരങ്ങേറ്റം നീളുകയായിരുന്നു.

ഇടംകൈയൻ പേസ് ബൗളിങ് ഓപ്ഷനിനൊപ്പം ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാനാകും എന്നതും അർജുൻ ടെൻഡുൽക്കറുടെ പ്രത്യേകതയാണ്. ഐപിഎൽ 2022 സീസൺ മുതൽ മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിനൊപ്പമുണ്ട് അർജുൻ ടെൻഡുൽക്കർ.