അഹമ്മദാബാദ്: കഴിഞ്ഞ സീസണിലെ കലാശപ്പോരിൽ ഏറ്റ തോൽവിക്ക് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് കണക്കുതീർത്ത് രാജസ്ഥാൻ റോയൽസ്. ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടെറ്റൻസിനെ മൂന്നു വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസന്റെ നേതൃത്തിലുള്ള രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്, ക്യാപ്റ്റൻ സഞ്ജു സാംസൺ (32 പന്തിൽ 60), ഷിമ്രോൺ ഹെറ്റ്മയർ (26 പന്തിൽ 56*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലർ (30 പന്തിൽ 46), ഓപ്പണർ ശുഭ്മാൻ ഗിൽ (34 പന്തിൽ 45) എന്നിവരുടെ ബാറ്റിങ്ങാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ റോയൽസിന്റെ തുടക്കം പാളി. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രം നേടിയ രാജസ്ഥാന് ഹാർദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിൽ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ഏഴ് പന്തിൽ ഒരു റണ്ണെടുത്ത താരത്തെ ശുഭ്മാൻ ഗിൽ പിടികൂടുകയായിരുന്നു. ഷമി വീണ്ടും പന്തെടുത്തപ്പോൾ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ വെടിക്കെട്ട് വീരൻ ജോസ് ബട്ലർ പൂജ്യത്തിൽ മടങ്ങി. ഇതോടെ 2.5 ഓവറിൽ 4-2 എന്ന നിലയിൽ രാജസ്ഥാൻ പ്രതിരോധത്തിലായി.

പവർപ്ലേ പൂർത്തിയാകുമ്പോൾ 26-2 എന്ന നിലയിലായിരുന്ന രാജസ്ഥാൻ ഒൻപത് ഓവറിലാണ് 50 തികച്ചത്. എന്നാൽ റാഷിദ് ഖാനെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ദേവ്ദത്ത് പടിക്കലും(25 പന്തിൽ 26), റിയാൻ പരാഗും(7 പന്തിൽ 5) വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ടീം വീണ്ടും പ്രതിരോധത്തിലായി. ഇതിന് ശേഷം ക്രീസിലൊന്നിച്ച സഞ്ജു സാംസൺ-ഷിമ്രോൻ ഹെറ്റ്മെയർ സഖ്യത്തിലേക്കായി കണ്ണുകളെല്ലാം.

പതിമൂന്നാം ഓവറിൽ റാഷിദ് ഖാനെ ഹാട്രിക് സിക്സറിന് പറത്തി സഞ്ജു ഗിയർ മാറ്റി. പിന്നാലെ അൽസാരി ജോസഫിനെ ആദ്യ പന്തിൽ സിക്സിന് ശിക്ഷിച്ച് ഹെറ്റ്മയർ സൂചന കാട്ടി. ഇതോടെ 14 ഓവറിൽ രാജസ്ഥാൻ 100 തൊട്ടു. 29 പന്തിൽ സഞ്ജു ഫിഫ്റ്റി തികച്ചതോടെ ഗുജറാത്ത് ഭയന്നു. പിന്നാലെ നൂർ അഹമ്മദിനെ സിക്സിനും ഫോറിനും ശിക്ഷിച്ച സഞ്ജു തൊട്ടടുത്ത പന്തിൽ മില്ലറുടെ ക്യാച്ചിൽ മടങ്ങി. 32 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം 60 എടുത്തു മലയാളി താരം. അവസാന അഞ്ച് ഓവറിൽ രാജസ്ഥാന് ജയിക്കാൻ 64 റൺസ് വേണമെന്നായി.

ഷിമ്രോൻ ഹെറ്റ്മെയർ ഹിറ്റ്മെയറായതോടെ അവസാന മൂന്ന് ഓവറിൽ 36 റൺസായി വിജയലക്ഷ്യം കുറച്ച് കൊണ്ടുവരാൻ രാജസ്ഥാൻ റോയൽസിനായി. റാഷിദ് ഖാന്റെ 18-ാം ഓവറിൽ 13 ഉം മുഹമ്മദ് ഷമിയുടെ 19-ാം ഓവറിൽ 16 ഉം റൺസടിച്ച് രാജസ്ഥാൻ ആവേശമാക്കി. ഇതിനിടെ ധ്രുവ് ജൂരെലിനെ(10 പന്തിൽ 18) ഷമി, മൊഹിത് ശർമ്മയുടെ കൈകളിലെത്തിച്ചിരുന്നു. ശേഷം ക്രീസിലെത്തിയ അശ്വിൻ ഷമിയെ ഫോറിനും സിക്സിനും ശിക്ഷിച്ച് മൂന്ന് പന്തിൽ 10 റൺസുമായി പുറത്തായി. 25 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ ഹെറ്റ്മെയർ 20-ാം ഓവറിലെ രണ്ടാം പന്തിൽ സിക്സോടെ മത്സരം ഫിനിഷ് ചെയ്തു

ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ വൃദ്ധിമാൻ സാഹയെ (3 പന്തിൽ 4) ട്രെന്റ് ബോൾട്ട് മടക്കി. പിന്നീടെത്തിയ സായ് സുദർശനും (19 പന്തിൽ 20) ഗില്ലും ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും അഞ്ചാം ഓവറിൽ സായ്യെ ബട്ലറും സഞ്ജുവും ചേർന്ന് റണ്ണൗട്ടാക്കി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (19 പന്തിൽ 28) ഗില്ലുമാണ് ഗുജറാത്ത് ഇന്നിങ്‌സിന്റെ നട്ടെല്ല്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. 11ാം ഓവറിൽ ഹാർദിക്കിനെ പുറത്താക്കി ചെഹലാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഇതിനുശേഷമെത്തിയ ഡേവിഡ് മില്ലറും തകർത്തടിച്ചതോടെ ഗുജറാത്തിനു മാന്യമായ സ്‌കോർ നേടാനായി. രണ്ടു സിക്‌സും മൂന്നും ഫോറും അടങ്ങുന്നതായിരുന്നു മില്ലറിന്റെ ഇന്നിങ്‌സ്. അവസാന ഓവറിൽ സന്ദീപ് ശർമയാണ് മില്ലറിനെ പുറത്താക്കിയത്. അഭിനവ് മനോഹർ (13 പന്തിൽ 27), റാഷിദ് ഖാൻ (1 പന്തിൽ 1), രാഹുൽ തെവാത്തിയ (1 പന്തിൽ 1*) അൽസാരി ജോസഫ് (0*) എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റർമാരുടെ സ്‌കോറുകൾ. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റും ട്രെന്റ് ബോൾട്ട്, ആദം സാംപ, യുസ്വേന്ദ്ര ചെഹൽ, എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.