ഗുവാഹത്തി: ഐപിഎൽ പതിനാറാം സീസണിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്ങ്‌സും.ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.സന്തുലിതമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഓപ്പണർമാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും അർധസെഞ്ചുറിയോടെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ട്രെന്റ് ബോൾട്ടിന്റെ വേഗവും യുസ്‌വേന്ദ്ര ചഹലിന്റെ സ്പിൻ മികവും രാജസ്ഥാനെ അപകടകാരികളാക്കും. ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ആർ അശ്വിൻ എന്നിവർ കൂടി ഫോമിലേക്കെത്തിയാൽ രാജസ്ഥാന് ആശങ്കയൊന്നുമില്ല. കൊൽക്കത്തയെ മഴനിയമത്തിന്റെ ആനുകൂല്യത്തിൽ മറികടന്നാണ് ശിഖർ ധവാന്റെ പഞ്ചാബ് കിങ്സ് എത്തുന്നത്. ലിയം ലിവിങ്സ്റ്റൺ ഇന്നുമിറങ്ങില്ലെങ്കിലും കാഗിസോ റബാഡയുടെ സാന്നിധ്യം പഞ്ചാബിന് കരുത്താവും.

പ്രഭ്‌സിമ്രാൻ സിങ്, ശിഖർ ധവാൻ, ഭാനുക രജുപക്‌സെ, ജിതേഷ് ശർമ്മ എന്നിവരുടെ ബാറ്റുകളിലേക്കാണ് പഞ്ചാബ് റൺസിനായി ഉറ്റുനോക്കുന്നത്. സാം കറൺ, ഷാറൂഖ് ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകമാവും. ബൗളർമാർക്ക് കാര്യമായ പിന്തുണ കിട്ടാത്ത വിക്കറ്റാണ് ഗുവാഹത്തിയിലേത്. വൈകിട്ട് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.