ഹൊബാർട്ട്: നിർണ്ണായക മത്സരത്തിൽ മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് സൂപ്പർ 12 ലേക്ക് യോഗ്യത നേടി അയർലന്റ്.തോൽവിയോടെ രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ്ഇൻഡീസ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി.9 വിക്കറ്റിനാണ് അയർലന്റ് വെസ്റ്റ്ഇൻഡീസിനെ തകർത്തത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ അയർലൻഡ് വിജയത്തിലെത്തി.അയർലൻഡിന്റെ ഗാരേത് ഡെലാനിയാണ് കളിയിലെ കേമൻ. സ്‌കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 146-5, അയർലൻഡ് 17.3 ഓവറിൽ 150-1.

ക്യാപ്റ്റൻ ആൻഡ്ര്യൂ ബാൽബിർനിയുടെ (23 പന്തിൽ 37) വിക്കറ്റ് മാത്രമാണ് അയർലൻഡിന് നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ സ്റ്റിർലിംഗിനൊപ്പം 73 റൺസ് കൂട്ടിചേർത്ത ശേഷമാണ് ക്യാപ്റ്റൻ മടങ്ങിയത്. മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു ബാൽബിർനിയുടെ ഇന്നിങ്സ്.

എട്ടാം ഓവറിൽ ക്യാപ്റ്റൻ മടങ്ങിയെങ്കിലും ലോർകാൻ ടക്കറെ (35 പന്തിൽ 45*) കൂട്ടുപിടിച്ച് സ്റ്റിർലിങ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും റൺസ് കൂട്ടിചേർത്തു. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടുന്നതായിരുന്നു ടക്കറുടെ ഇന്നിങ്സ്. സ്റ്റിർലിങ് രണ്ട് സിക്സും ആറ് ഫോറും നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ സ്‌കോട്ലൻഡിനോടും വിൻഡീസ് തോറ്റിരുന്നു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോർബോർഡിൽ 27 റൺസ് മാത്രമുള്ളപ്പോൾ വിൻഡീസിന് രണ്ട് ഓപ്പണർമാരേയും നഷ്ടമായി. കെയ്ൽ മയേഴ്സ് (1), ജോൺസൺ ചാർളസ് (24) എന്നിവരെയാണ് വിൻഡീസിന് നഷ്ടമായത്. നാലാമനായി ബ്രൻഡൻ എത്തിയതോടെയാണ് വിൻഡീസിന്റെ സ്‌കോർ ചലിച്ചു തുടങ്ങിയത്. എന്നാൽ 11-ാം ഓവറിൽ എവിൻ ലൂയിസിനെ (13) വിൻഡീസിന് നഷ്ടമായി.

പിന്നീട് കൃത്യമായ ഇടവേളയിൽ നിക്കോളാസ് പുരാൻ (13), റോവ്മാൻ പവൽ (6) എന്നിവരാണ് മടങ്ങിയത്. ഇതോടെ വിൻഡീസ് 16.3 ഓവറിൽ അഞ്ചിന് 112 എന്ന നിലയിലായി. അവസാന ഓവറുകളിൽ ബ്രൻഡനും ഒഡെയ്ൻ സ്മിത്തും (19*) പുറത്തെടുത്ത പ്രകടനമാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഗരേത് ഡെലാനി അയർലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബാരി മക്കാർത്തി, സിമി സിങ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

2012ലും 2016ലും ടി20 ലോകകപ്പ് നേടിയ ടീമാണ് വെസ്റ്റിൻഡീസ്. ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ വിൻഡീസ് അല്ലാതെ മറ്റൊരു ടീമും ഒന്നിലധികം തവണ കപ്പുയർത്തിയിട്ടില്ല. സിംബാബ്വേ- സ്‌കോട്ലൻഡ് മത്സരത്തിൽ ജയിക്കുന്നവർ അയർലൻഡിനൊപ്പം ഗ്രൂപ്പിൽ നിന്ന് സൂപ്പർ 12ലേക്ക് മുന്നേറും.