ഫ്ളോറിഡ: ടി 20 ലോകകപ്പിൽ മുൻചാമ്പ്യന്മാരും കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പുമായ പാക്കിസ്ഥാന്റെ വിധി ഇന്നറിയാം.അയർലന്റും കാലാവസ്ഥയുമാണ് ഇനി മുന്നോട്ടുള്ള പാക്കിസ്ഥാന്റെ പ്രയാണത്തെ തീരുമാനിക്കുന്നത്. അതിനാൽ തന്നെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ അമേരിക്ക ഇന്ന് അയർലൻഡിനെ നേരിടുമ്പോൾ ടെൻഷനെല്ലാം പാക്കിസ്ഥാനാണ്.അമേരിക്കയെ അയർലൻഡ് തോൽപിച്ചാൽ മാത്രമേ പാക്കിസ്ഥാന് സൂപ്പർ 8ലെത്താനുള്ള വഴി അൽപ്പമെങ്കിലും തെളിയു.

ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് ഏയിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരമാണ്. അതിൽ ആദ്യത്തേതാണ് അമേരിക്ക അയർലൻഡ് പോരാട്ടം.ഇന്ന് അമേരിക്ക ജയിച്ചാൽ മൂന്ന് ജയവും 6 പോയന്റുമായി പാക്കിസ്ഥാനെ മറികടന്ന് അവർ സൂപ്പർ എട്ടിലെത്തും.അമേരിക്ക, അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചാലും പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്താതെ പുറത്താകും.5 പോയന്റുമായി അമേരിക്ക സൂപ്പർ എട്ടിലെത്തും.അടുത്തമത്സരം ജയിച്ചാൽ പോലും പാക്കിസ്ഥാന് 4 പോയന്റ് ലഭിക്കുകയുള്ളു.

ഇന്ന് അമേരിക്ക ജയിച്ചാൽ അവസാന മത്സരത്തിൽ അയർലൻഡിനെതിരെ ജയിച്ചാൽ പോലും പാക്കിസ്ഥാന് പരമാവധി 4 പോയന്റെ നേടാനാവൂ.അമേരിക്കക്കെതിരെ അയർലൻഡാണ് ജയിക്കുന്നതെങ്കിൽ സൂപ്പർ 8 ലൈനപ്പറിയാൻ ഗ്രൂപ്പിലെ അവസാന മത്സരം വരെ കാത്തിരിക്കണം. 16ന് നടക്കുന്ന പാക്കിസ്ഥാൻ-അയർലൻഡ് മത്സര ശേഷം റൺ റേറ്റിന്റെ കളിയും കഴിഞ്ഞേ സൂപ്പർ എട്ടിലേക്കാരെന്ന് ഉറപ്പിക്കാനാവൂ.അയർലന്റ് പാക്കിസ്ഥാനെ കീഴടക്കിയാൽ പാക്കിസ്ഥാൻ നേരിട്ട് പുറത്താകും.മറിച്ച് മത്സരം പാക്കിസ്ഥാൻ ജയിച്ചാൽ റൺറേറ്റ് നോക്കിയാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക.പാക്കിസ്ഥാനെ സംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷ വേണമെങ്കിൽ ഇന്ന് മത്സരം നടക്കുകയും അമേരിക്ക തോൽക്കുകയും വേണം.

ഗ്രൂപ്പ് എയിൽ അവസാനഘട്ട മത്സരങ്ങൾക്ക് വേദിയാകേണ്ടത് ഫ്‌ളോറിയഡിലെ ലൗഡെർഹിൽ സെൻട്രൽ ബ്രൊവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടാണ്.ദക്ഷിണ ഫ്‌ളോറിഡയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുമുണ്ട്.ഇതോടെ ലൗഡെർഹിലിൽ നിശ്ചയിച്ചിരുന്ന ലോകകപ്പ് മത്സരങ്ങൾ നടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.ജൂൺ 14-ന് യുഎസ്എ-അയർലൻഡ്, ജൂൺ 15-ന് ഇന്ത്യ-കാനഡ, ജൂൺ 16-ന് പാക്കിസ്ഥാൻ-അയർലൻഡ് മത്സരങ്ങളാണ് ലൗഡെർഹിലിൽ നടക്കേണ്ടത്.

സൂപ്പർ 8ൽ എത്താതെ പുറത്തായാൽ ക്യാപ്റ്റൻ ബാബർ അസമിന്റെ ഭാവിയും തുലാസിലാകും. ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ തന്നെ പാക് ടീമിലെ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. സൂപ്പർ 8ൽ എത്താതെ പുറത്തായാൽ ടീമിൽ ആഭ്യന്തര കലഹം കൂടുതൽ കലുഷുിതമാകുമെന്നാണ് റിപ്പോർട്ട്. ഏകദിന ലോകകപ്പ് തോൽവിക്ക് പിന്നാലെ ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ഷഹീൻ അഫ്രീദിയെ ടി20 ടീമിന്റെ നായകനാക്കിയെങ്കിലും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ അഫ്രീദിയെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുകയായിരുന്നു.

ചൊവ്വാഴ്‌ച്ച ഫ്ളോറിഡയിൽ നടക്കേണ്ടിയിരുന്ന നേപ്പാൾ-ശ്രീലങ്ക മത്സരം മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഫ്ലോറിഡയിൽ ഇന്ന് ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.