മെൽബൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12വിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്. മഴ നിയമത്തിന്റെ പിൻബലത്തിൽ അഞ്ച് റൺസിനാണ് അയർലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് ഓൾ ഔട്ടായപ്പോൾ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു നിൽക്കെ മഴ മൂലം മത്സരം നിർത്തിവെച്ചു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം അയർലൻഡ് അഞ്ച് റൺസിന് വിജയിക്കുകയായിരുന്നു. മഴ മൂലം കളി നിർത്തുമ്പോൾ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് നേടേണ്ട സ്‌കോറിന് അഞ്ച് റൺസിന് പിന്നിലായിരുന്നു. നേരത്തെ അയർലൻഡ് ഇന്നിങ്സിനിടയിലും മഴയെത്തിയിരുന്നു. സ്‌കോർ അയർലൻഡ് 19.2 ഓവറിൽ 157ന് ഓൾ ഔട്ട്. ഇംഗ്ലണ്ട് 14.3 ഓവറിൽ 105-5.

അയർലൻഡിന്റെ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ അടിതെറ്റി. ജോഷ്വാ ലിറ്റിലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ജോസ് ബട്ലർ പൂജ്യനായി മടങ്ങി.മൂന്നാം ഓവറിൽ അലക്‌സ് ഹെയിൽസിനെ(7)നെയും ജോഷ്വാ ലിറ്റിൽ മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. പവർ പ്ലേയിൽ തന്നെ ബെൻ സ്റ്റോക്‌സിന്റെ(6) കുറ്റി തെറിപ്പിച്ച് ഫിയോൻ ഹാൻഡ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. 29-3 എന്ന സ്‌കോറിൽ സമ്മർദ്ദതിതലായ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(18) ഡേവിഡ് മലനും ചേർന്ന് 50 കടത്തിയെങ്കിലും ബ്രൂക്കിനെ ഡോക്റെലും മലനെ ബാരി മക്കാർത്തിയും വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് തോൽവി മുന്നിൽക്കണ്ടു.

മഴ തടസ്സപ്പെടുത്തും മുൻപേ 15ാം ഓവറിൽ ഗാരത് ഡെലാനിക്കെതിരെ മൊയീൻ അലി മൂന്നു പന്തിൽ 12 റൺസ് നേടിയിരുന്നു. ഒരു സിക്‌സും ഫോറും സഹിതമായിരുന്നു ഇത്. മൂന്നു പന്തുകൾ എറിഞ്ഞതിനു പിന്നാലെ മഴയെത്തിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 

മൊയീൻ അലി(12 പന്തിൽ 24) ലിയാം ലിവിങ്‌സ്റ്റൺ(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ എത്തിയത്. ഇതോടെ മത്സരം നിർത്തിവെച്ചു. ഈ സമയം ഇംഗ്ലണ്ട് 14.3 ഓവറിൽ 105-5 എന്ന സ്‌കോറിലായിരുന്നു. മഴനിയമപ്രകാരം വേണ്ട സ്‌കോറിനേക്കാൾ അഞ്ച് റൺസ് കുറവ്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ ഐറിഷ് പട വിജയവുമായി മടങ്ങി. അയർലൻഡിനായി ജോഷ്വാ ലിറ്റിൽ മൂന്നോവറിൽ 16 റൺസിന് രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആൻഡ്രൂ ബാൽബിർണിയുടെ അർധസെഞ്ചറിയാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട ആൻഡ്രൂ, അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം നേടിയത് 62 റൺസ്. വിക്കറ്റ് കീപ്പർ ബാറ്റർ ലോർകൻ ടക്കർ 27 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 34 റൺസെടുത്തു.

ഒരു ഘട്ടത്തിൽ 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലായിരുന്ന അയർലൻഡ് കൂറ്റൻ സ്‌കോർ കുറിക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിൽ മുറുക്കമാർന്ന ബോളിങ്ങിലൂടെ ഇംഗ്ലിഷ് ബോളർമാർ ഐറിഷ് പടയെ 157 റൺസിൽ ഒതുക്കുകയായിരുന്നു.

ഐറിഷ് നിരയിൽ ബാൽബിർണിക്കും ടക്കറിനും പുറമെ രണ്ടക്കം കണ്ടത് ഓപ്പണർ പോൾ സ്റ്റർലിങ് (എട്ടു പന്തിൽ 14), കർട്ടിസ് കാംഫർ (11 പന്തിൽ 18), ഗാരത് ഡെലാനി (10 പന്തിൽ 12) എന്നിവർ മാത്രം. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയും മാർക്ക് വുഡ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. സാം കറൻ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.