മുംബൈ: ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റം ഐപിഎല്ലിന്റെ അവസാനഘട്ടത്തിന്റെ ശോഭ കെടുത്തുകയും ടീമുകളെ പ്രതിസന്ധിയിൽ ആക്കുകയും ചെയ്തിട്ടുണ്ട്. ജോസ് ബട്ട്‌ലർ അടക്കം പിന്മാറിയതോടെ രാജസ്ഥാൻ കടുത്ത പ്രതിസന്ധിയിലാണ് താനും. ഇതിനിടെ ഐ.പി.എല്ലിലെ ഇംഗ്ലണ്ട് താരങ്ങളുടെ മടക്കത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഒന്നുകിൽ ഐ.പി.എൽ സീസണിൽ മുഴുവൻ കളിക്കണം അല്ലെങ്കിൽ വരാതിരിക്കുകയാണ് വേണ്ടതെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഇർഫാൻ പത്താന്റെ പ്രതികരണം.

നേരത്തെ സുനിൽ ഗവാസ്‌ക്കറും ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മെയ്‌ 22ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ ട്വന്റി 20 പരമ്പരക്കായാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് താരങ്ങളെ തിരിച്ചുവിളിച്ചത്. . ഐ.പി.എല്ലിൽ നിർണായകമായ പ്ലേ ഓഫ് മത്സരങ്ങൾ നടക്കാനിരിക്കെയായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ മടക്കം. ജോസ് ബട്‌ലർ ഉൾപ്പടെയുള്ളവർ മടങ്ങിയത് ഐ.പി.എൽ ടീമുകൾക്ക് ക്ഷീണമായിരുന്നു.

ജോസ് ബട്‌ലറില്ലാതെ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെയിറങ്ങിയ രാജസ്ഥാൻ റോയൽസ് തോറ്റിരുന്നു. അഞ്ച് വിക്കറ്റ് തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. ബാറ്റിങ്‌നിരയുടെ പരാജയമായിരുന്നു ഇക്കുറിയും രാജസ്ഥാനെ ചതിച്ചത്. ബട്‌ലർ പോയതോടെ ഓപ്പണിങ്ങിൽ രാജസ്ഥാന് പുതിയ താരത്തെ കണ്ടെത്തേണ്ടി വന്നിരുന്നു.

ജോസ് ബട്‌ലറിന് പുറമേ റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങളായ വിൽ ജാക്‌സ്, റീസ് ടോപ്ലി, പഞ്ചാബ് കിങ്‌സ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ, ചെന്നൈ സൂപ്പർ കിങ്‌സ് ഓൾറൗണ്ടർ മുഈൻ അലി, പഞ്ചാബ് കിങ്‌സ് നായകൻ സാം കറൺ, വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർ‌സ്റ്റോ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഫിൽ സാൾട്ട് എന്നിവരാണ് ദേശീയ ടീമിന്റെ ഭാഗമാകാൻ ഇന്ത്യ വിടുന്നത്.