- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: പരിക്കേറ്റ കെ.എൽ. രാഹുലിന് പകരം ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ; സ്റ്റാൻഡ്‌ബൈ താരങ്ങളായ സൂര്യകുമാറും ഋതുരാജും മുകേഷ് കുമാറും; ഉനദ്ഘട്ടിന്റെയും ഉമേഷ് യാദവിന്റെയും കാര്യത്തിൽ തീരുമാനം പിന്നീട്
മുംബൈ: ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷനെ ഉൾപ്പെടുത്തി. പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരനായാണ് ഇഷാൻ ടീമിൽ ഇടംപിടിച്ചത്. തിങ്കളാഴ്ച ബി.സി.സിഐ. ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ഐപിഎല്ലിനിടെ കെ എൽ രാഹുലിന് പരിക്കേറ്റിരുന്നു. ഇതോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായ രാഹുലിന് ഐപിഎൽ സീസണും നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഐ.പി.എല്ലിൽ മെയ് ഒന്നിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ രാഹുലിന്റെ തുടയിൽ പരിക്കേൽക്കുകയായിരുന്നു. ഫാഫ് ഡുപ്ലെസ്സിയുടെ ബൗണ്ടറി തടയുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്.
സ്റ്റാൻഡ്‌ബൈ താരങ്ങളായി റുതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ് എന്നിവരെയാണ് ബിസിസിഐ നിയോഗിച്ചിട്ടുള്ളത്. അതേസമയം, പരിക്കറ്റ ജയ്‌ദേവ് ഉനദ്ഘട്ടിന്റെയും ഉമേഷ് യാദവിന്റെയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇരുവരുടെയും കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഐപിഎല്ലിൽ മിന്നുന്ന ഫോമിലുള്ള അജിങ്ക്യാ രഹാനെ പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിരുന്നു.
നേരത്തെ ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചർച്ചയായത് രഹാനെയുടെ മടങ്ങിവരവാണ്. പരിക്കേറ്റ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവരില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിർത്തിയപ്പോൾ ഷർദ്ദുൽ ഠാക്കൂർ പേസ് ഓൾ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്‌സറുമാണ് ടീമിലെ സ്പിന്നർമാർ. രോഹിത് ശർമ നായകനാകുന്ന ടീമിൽ ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ എന്നിവരാണ് ബാറ്റിംഗിന് കരുത്ത് പകരുക.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷർദ്ദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ).
സ്പോർട്സ് ഡെസ്ക്