- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'300 റൺസ് നേടാൻ സാധിക്കുമായിരുന്നു; ഏകാഗ്രത നിലനിർത്താൻ കോലി ആവശ്യപ്പെട്ടു'; ഡബിൾ സെഞ്ചുറി നേട്ടത്തിൽ മുൻ നായകന് നന്ദി പറഞ്ഞ് ഇഷാൻ കിഷൻ; ബംഗ്ലാ കടുവകളെ വീഴ്ത്തിയ ഇന്ത്യ റെക്കോർഡ് ബുക്കിൽ
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ 227 റൺസിന്റെ പടുകൂറ്റൻ ജയവുമായി ഇന്ത്യ റെക്കോർഡ് ബുക്കിൽ. ഏകദിനത്തിൽ വിദേശത്ത് എതിരാളികളുടെ ഗ്രൗണ്ടിൽ റൺ മാർജിനിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2003ൽ ബംഗ്ലാദേശിനെതിരെ തന്നെ ധാക്കയിൽ 200 റൺസിന് വിജയിച്ചതായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്. അതോടൊപ്പം ഏകദിന ഫോർമാറ്റിൽ ടീം ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ വിജയം കൂടിയാണ് ചിറ്റഗോങ്ങിൽ പിറന്നത്.
യുവതാരം ഇഷാൻ കിഷന്റെ 210 റൺസിന്റെയും വിരാട് കോലിയുടെ 113 റണ്ണിന്റേയും കരുത്തിൽ 409 റൺസ് പടുത്തുയർത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറിൽ വെറും 182 റണ്ണിൽ പുറത്താവുകയായിരുന്നു. ഇതോടെ 227 റൺസിന്റെ കൂറ്റൻ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ പൂർത്തിയാക്കി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര(21) സ്വന്തമാക്കിയിരുന്നു.
ഇഷാൻ 131 പന്തിൽ 24 ഫോറും 10 സിക്സറും സഹിതം 210 റൺസെടുത്തപ്പോൾ കോലി 91 പന്തിൽ 11 ഫോറും രണ്ട് സിക്സറുകളോടെയും 113 റൺസ് അടിച്ചെടുത്തു. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോർഡ് ഇതോടെ ഇഷാൻ കിഷൻ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്റെ റെക്കോർഡും ഇഷാന്റെ പേരിലായി. 126 പന്തിൽ ഡബിൾ സെഞ്ചുറി തികച്ച ഇഷാൻ 138 പന്തിൽ 200 തികച്ച ക്രിസ് ഗെയ്ലിന്റെ റെക്കോർഡാണ് തകർത്തത്. 27 പന്തിൽ 37 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 17 പന്തിൽ 20 റൺസെടുത്ത അക്സർ പട്ടേലും നിർണായകമായി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനായി 50 പന്തിൽ 43 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ടോപ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ മൂന്നും അക്സറും ഉംറാനും രണ്ട് വീതവും സിറാജും കുൽദീപും വാഷിങ്ടണും ഓരോ വിക്കറ്റും നേടി.
അതേ സമയം ഡബിൾ സെഞ്ചുറി തികച്ചെങ്കിലും മത്സര ശേഷം ഒരു നിരാശ ഇഷാൻ കിഷൻ തുറന്നുപറഞ്ഞു. ഏകദിന ക്രിക്കറ്റിൽ ആദ്യമായി 300 സ്കോർ ചെയ്യുന്ന ബാറ്ററായി മാറാൻ സാധിക്കാത്തതിന്റെ നിരാശയാണ് ഇഷാൻ മത്സര ശേഷം പങ്കുവെച്ചത്. വിക്കറ്റ് ബാറ്റിംഗിന് വളരെ അനുകൂലമായിരുന്നുവെന്ന് ഇഷാൻ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നു.
തന്റെ പേര് ഇതിഹാസങ്ങൾക്കൊപ്പം ചേർന്ന് പറയുന്നത് വലിയ അനുഗ്രഹമായി കാണുന്നു. 15 ഓവറുകൾ ബാക്കിയുള്ളപ്പോഴാണ് പുറത്താകുന്നത്. 300 റൺസ് നേടാൻ സാധിക്കുമായിരുന്നുവെന്നും ഇന്ത്യൻ ഇന്നിങ്സിന് ശേഷം ഇഷാൻ പ്രതികരിച്ചു. സീനിയർ താരം വിരാട് കോലിക്ക് അദ്ദേഹം നന്ദി പറഞ്ഞു. സെഞ്ചുറിയുടെ പടിവാതിൽക്കൽ എത്തിയപ്പോൾ ഏകാഗ്രത നിലനിർത്താനും സിംഗിൾസിൽ കാര്യങ്ങൾ ഡീൽ ചെയ്യാനും കോലി ആവശ്യപ്പെട്ടു.
ഏതൊക്കെ ബൗളർമാരെ പ്രഹരിക്കണമെന്ന് കോലി പറഞ്ഞു തന്നു. 95ൽ എത്തിയപ്പോൾ വലിയ ഷോട്ടിന് ശ്രമിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, ആദ്യത്തെ സെഞ്ചുറിയാണ്... അമിതാവേശത്തിന് പോകാതെ ശ്രദ്ധയോടെ ബാറ്റ് ചെയ്യൂ എന്നാണ് വിരാട് ഭായ് പറഞ്ഞതെന്നും ഇഷാൻ കൂട്ടിച്ചേർത്തു. ഡബിൾ സെഞ്ചുറി തികച്ച ഇഷാൻ കിഷൻ ഒരുപിടി റെക്കോർഡുകൾ കൂടെ തന്റെ പേരിൽ എഴുതിചേർത്തിട്ടുണ്ട്.
2020നുശേഷം ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി തികക്കുന്ന ആദ്യ ഇന്ത്യൻ ഓപ്പണറായ ഇഷാൻ കിഷൻ 24 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് ഡബിൾ സെഞ്ചുറിയെന്ന നേട്ടം കൈക്കലാക്കിയത്. 26 വയസും 186 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ശർമ ഡബിൾ സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിൾ സെഞ്ചുറിയെന്ന നേട്ടവും കിഷൻ ഇന്ന് സ്വന്തം പേരിലാക്കി. 85 പന്തിൽ സെഞ്ചുറിയും 126 പന്തിൽ ഡബിൾ സെഞ്ചുറിയും തികച്ച കിഷൻ 138 പന്തിൽ ഡബിൾ സെഞ്ചുറി തികച്ച വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോർഡും കിഷൻ മറികടന്നു.
സ്പോർട്സ് ഡെസ്ക്