ഇൻഡോർ: ന്യൂസിലൻഡിന് എതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവരുടെ റെക്കോർഡ് സെഞ്ചുറിക്കിടയിലും ഇന്ത്യക്ക് നാണക്കേടായി ഇഷാൻ കിഷന്റെ റണ്ണൗട്ട്. ഇന്ത്യൻ ഇന്നിങ്സിലെ 35-ാം ഓവറിൽ ജേക്കബ് ഡഫിയുടെ പന്തിലായിരുന്നു ഇഷാന്റെ വിചിത്ര പുറത്താകൽ.

നാടകീയമായിരുന്നു ഇഷാൻ കിഷന്റെ പുറത്താകൽ. കോലിയും ഇഷാൻ കിഷനും ഒരേ എൻഡിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന വിചിത്ര കാഴ്ചയാണ് ആരാധകർ കണ്ടത്. കവറിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗം സിംഗിളിന് ശ്രമിക്കുകയായിരുന്നു സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഇഷാൻ കിഷൻ. നോൺസ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന വിരാട് കോലി അതിവേഗം റണ്ണിനായി ഓടുകയും ചെയ്തു. എന്നാൽ ഓട്ടം പൂർത്തിയാക്കാൻ കഴിയില്ലെന്ന് പേടിച്ച് പിച്ചിന്റെ മധ്യേ വച്ച് ഇഷാൻ കിഷൻ തിരികെ ഓടി.

 

പക്ഷേ അതിവേഗമായിരുന്ന കോലി തിരിച്ചോടുന്നതിന് പകരം തന്റെ ഓട്ടം പൂർത്തിയാക്കാൻ ശ്രമിച്ച് സ്‌ട്രൈക്കർ എൻഡിൽ കാലുകുത്തി. അതേ ക്രീസിലേക്ക് പിന്നാലെ ഓടിയെത്താൻ ശ്രമിച്ച ഇഷാൻ കിഷൻ റണ്ണൗട്ടാവുകയും ചെയ്തു. നോൺസ്‌ട്രൈക്കർ എൻഡിലെ ബെയ്ൽസ് നിക്കോൾസ് തെറിപ്പിക്കുമ്പോൾ സ്‌ട്രൈക്കർ എൻഡിലെ ക്രീസിൽ നിന്ന് മുഖാമുഖം നോക്കുകയായിരുന്നു കോലിയും ഇഷാനും.

24 പന്തിൽ ഓരോ ഫോറും സിക്സറും സഹിതം 17 റൺസുമായി മികച്ച ടച്ചിലായിരുന്ന ശേഷമായിരുന്നു ഇഷാൻ കിഷൻ വിക്കറ്റ് വലിച്ചെറിഞ്ഞത്.