ചിറ്റഗോംഗ്: ഏക ദിന ക്രിക്കറ്റിൽ അതിവേഗ ഇരട്ട സെഞ്ച്വറിയുടെ റെക്കോർഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരിൽ. യുവതാരം ഇഷാൻ കിഷനാണ് ഇരട്ടസെഞ്ച്വറി ക്ലബ്ബിൽ ഇടംപിടിച്ചത്. ബംഗ്ലാദേശിനെതിരായ ചിറ്റഗോംഗ് ഏകദിനത്തിലാണ് ഇഷാന്റെ നേട്ടം. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ നിറഞ്ഞാടിയ ഇഷാൻ 126 പന്തിലാണ് ഇരുന്നൂറു തികച്ചത്. 23 ഫോറും ഒൻപതു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മുപ്പത്തിയാറാമത്തെ ഓവറിൽ തസ്‌കിൻ അഹമ്മദിന്റെ പന്തിൽ ലിട്ടൻ ദാസ് പിടിച്ചു പുറത്താവുമ്പോൾ 131 പന്തിൽ 210 റൺസ് തികച്ചിരുന്നു ഇഷാൻ.

24 ഫോറും പത്തു സിക്സും അടങ്ങുന്ന ഇന്നിങ്സ്. സ്ട്രൈക്ക് റേറ്റ് 160.3. സിംബാബ്വെയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ 138 പന്തിൽ നേടിയതാണ് ഇതുവരെ വേഗമേറിയ ഇരട്ട ശതകം. രോഹിത് ശർമയുടെ അഭാവത്തിൽ ശിഖർ ധവാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത ഇഷാൻ 85 പന്തിൽ നിന്നാണ് മൂന്നക്കം കടന്നത്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇഷാൻ.

സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ എന്നിവരാണ് ഇരട്ട ശതകം നേടിയ ഇന്ത്യൻ താരങ്ങൾ. ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിൽ, പാക്കിസ്ഥാന്റെ ഫഖർ സമാൻ എന്നിവരും നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരക്കാരനായാണ് ഇഷാൻ കളിക്കാനിറങ്ങിയത്. ഈ അവസരം കിഷാൻ ശരിക്കും ഉപയോഗിക്കുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറി നേട്ടവും താരം സ്വന്തമാക്കി.

ഇഷാന് പുറമേ വിരാട് കൊഹ്ലിക്കും സെഞ്ച്വറി നേടിയിട്ടുണ്ട്. മൂന്ന് വർഷത്തിന് ശേഷമാണ് വിരാട് കോലി സെഞ്ച്വറി നേടിയത്. 113 റൺസെടുത്തു വിരാട് കോലി പുറത്തായി. ഇതോടെ ഇന്ത്യൻ കൂറ്റൻ സ്‌കോറാണ് നേടിയത്. 50 ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസെടുത്തു. ടസ്‌കിൻ അഹമ്മദ്, ഇബാദത്ത് ഹുസൈൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുയായിരുന്നു.

ശിഖർ ധവാന്റെ (3) വിക്കറ്റ് ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു. മെഹ്ദി ഹസൻ മിറാസിനായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഇഷാൻ- കോലി സഖ്യം വേഗത്തിൽ റൺ കണ്ടെത്തി. പതിയെ തുടങ്ങിയ ഇഷാൻ തീയായി. ഇഷാൻ പുറത്താവുമ്പോൾ കോലിക്കൊപ്പം 290 റൺസ് കൂട്ടിചേർത്തിരുന്നു. വൈകാതെ കോലിയും സെഞ്ചുറി പൂർത്തിയാക്കി. 91 പന്തിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു കോലിയുടെന്നിങ്സ്. അന്താരാഷ്ട്ര കരിയറിൽ കോലിയുടെ 72-ാം സെഞ്ചുറി കൂടിയാണിത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കോലി ഏകദിനത്തിൽ സെഞ്ചുറി നേടുന്നത്.

മൊത്തം സെഞ്ചുറികളുടെ എണ്ണത്തിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ പിന്തള്ളാനും കോലിക്കായി. ഏകദിനത്തിൽ കോലിയുടെ 44-ാം സെഞ്ചുറിയാണിത്. ഏകദിനത്തിൽ സച്ചിൻ ടെൻഡുൽക്കറാണ് ഇനി കോലിയുടെ മുന്നിലുള്ളത്. 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നാകെ 28 സെഞ്ചുറികൾ കൂടി നേടിയാൽ സച്ചിനെ മറികടക്കാനും കോലിക്കാവും. 100 സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടിൽ. ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ കോലിയുടെ മൂന്നാം സെഞ്ചുറിയാണിത്. മാത്രമല്ല, ബംഗ്ലാദേശിൽ 1000 റൺസ് പൂർത്തിയാക്കാനും കോലിക്ക് സാധിച്ചു.

ഇരുവരും പുറത്തായ ശേഷമെത്തിയ ശ്രേയസ് അയ്യർ (3), കെ എൽ രാഹുൽ (8) എന്നിവർക്ക് തിളങ്ങാനായില്ല.എന്നാൽ വാഷിങ്ടൺ സുന്ദർ (37) അക്സർ പട്ടേൽ (20) സഖ്യം സ്‌കോർ 400 കടത്തി. ഷാർദുൽ ഠാക്കൂറാണ് (3) പുറത്തായ മറ്റുതാരങ്ങൾ. കുൽദീപ് യാദവ് (3), മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.