ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരത്തിൽ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻതാരങ്ങളായ വിരേന്ദർ സെവാഗും ഹർഭജൻ സിംഗും. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ പരിക്കും ഓപ്പണർ കെ.എൽ. രാഹുലിന്റെ മോശം ഫോമും കാരണം പന്തിന് അവസരം നൽകണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. തോൽവിയിൽ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ടീം സെലക്ഷൻ മോശമെന്നായിരുന്നു ആരാധകരുടെ വിമർശനം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മുൻനിര എളുപ്പം വീണുപോയ ഇന്നിങ്‌സിൽ പ്രതീക്ഷ നൽകുമെന്ന് കരുതിയ ദിനേശ് കാർത്തിക് പതിവുപോലെ ദയനീയ പ്രകടനമാണ് നടത്തിയത്. 15 പന്തിൽ ആറു റൺസെടുത്ത് താരം കൂടാരം കയറി. ഇതിനെ പരിഹസിച്ചാണ് പ്രമുഖർ രംഗത്തെത്തിയത്. ബാറ്റിങ്ങിന് കരുത്തുപകരാൻ ഋഷഭ് പന്ത് ആദ്യ കളി മുതൽ വേണ്ടിയിരുന്നുവെന്നും ഓസ്‌ട്രേലിയയിലെ ബൗൺസുള്ള പിച്ചുകളിൽ മറ്റു പലരും പരാജയമാകുമ്പോഴും പന്ത് പിടിച്ചുനിൽക്കുമായിരുന്നുവെന്നും സേവാഗ് പറഞ്ഞു.

''ആദ്യ നാൾ മുതൽ അതാണ് വേണ്ടിയിരുന്നത്. അവിടെ ടെസ്റ്റുകളും ഏകദിനങ്ങളും കളിച്ചയാളാണ് പന്ത്. ഈ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റുചെയ്യണമെന്ന് താരത്തിനറിയാം. അതേ സമയം, ദിനേശ് കാർത്തിക് എന്നാണ് അവസാനമായി ആസ്‌ട്രേലിയയിൽ കളിച്ചത് ഇതുപോലെ ബൗൺസുള്ള പിച്ചുകളിൽ എന്നാണ് കളിച്ചിട്ടുള്ളത് ഇത് ഒരു ബംഗളൂരു വിക്കറ്റല്ല''- സേവാഗ് പറഞ്ഞു.

സേവാഗിനു പിന്നാലെ ഗൗതം ഗംഭീറും ദിനേശ് കാർത്തികിനെതിരെ എത്തിയിട്ടുണ്ട്. പ്രതിസന്ധി സമയങ്ങളിൽ എങ്ങനെ ബാറ്റു ചെയ്യണമെന്ന കൃത്യമായ ബോധ്യം താരം പ്രകടിപ്പിക്കേണ്ടിയിരുന്നുവെന്നും പെർത്തിൽ അതു കണ്ടില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി. ലുംഗി എംഗിഡി പന്തുമായി കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്ത കളിയിൽ രോഹിത്, കെ.എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെല്ലാം ദയനീയ പ്രകടനവുമായി മടങ്ങി. സൂര്യകുമാർ മാത്രമായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിനെ നൂറുകടത്തി മുന്നിൽനിന്നു നയിച്ചത്. ഹാർദിക് പാണ്ഡ്യ ഒമ്പതാം ഓവറിൽ രണ്ടു റണ്ണുമായി തിരിച്ചുനടന്നപ്പോൾ ആറാമനായി എത്തിയ ദീപക് ഹൂഡ സംപൂജ്യനായി.

ദക്ഷിണാഫ്രിക്കക്കെതിരെ കാർത്തികിനോ ദീപക് ഹൂഡക്കോ പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നുവെന്ന് ട്വിറ്ററിൽ ആവശ്യമുയർന്നു. തുടർച്ചയായി പരാജയപ്പെടുന്ന കെ.എൽ. രാഹുലാണ് ഇന്ത്യയുടെ പ്രധാന തലവേദന. കഴിഞ്ഞ മൂന്ന് കളികളിൽ ഒന്നിൽ പോലും താരം രണ്ടക്കം കടന്നില്ല. രാഹുലിന്റെ മോശം ഫോമും കാർത്തികിന്റെ പരിക്കും റിഷഭ് പന്തിന് പ്ലയിങ് ഇലവനിൽ തിരിച്ചെത്താനുള്ള സാധ്യത തുറന്നിടുന്നു. അഡ്ലെയ്ഡ് ഓവലിൽ നവംബർ രണ്ടാം തിയതിയാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. ഇരുടീമുകൾക്കും നിർണായകമാണ് മത്സരം.

ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇരു ടീമിനും സെമി ബർത്ത് ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ നിർണായകമാണ്. മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പിൽ നിലവിൽ ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളിൽ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. നെറ്റ് റൺറേറ്റിന്റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാനേയും തോൽപിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്.

ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് വഴങ്ങിയത്. ഈ ടൂർണമെന്റിൽ ടീം ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.