നാഗ്പൂർ: നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസ്‌ട്രേലിയക്കെതിരെ പന്തെറിയുന്നതിനിടെ രവീന്ദ്ര ജഡേജ പന്തിൽ കൃത്രിമം കാട്ടിയെന്ന ഓസീസ് മാധ്യമങ്ങളുടെ ആരോപണം ഉയർത്തിയ വിവാദങ്ങൾക്കിടെ വിഷയത്തിൽ ഇന്ത്യൻ ടീം ഔദ്യോഗിക വിശദീകരണം നൽകി. മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ തകർത്തുവിട്ട ജഡേജ പന്തിൽ കൃത്രിമം കാണിച്ചെന്ന തരത്തിലാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങളും ആരാധകരും ആരോപണം ഉന്നയിച്ചത്. എന്നാൽ മത്സരത്തിനിടെ ഇന്ത്യൻ താരം കയ്യിലെ വേദന കുറയ്ക്കാനുള്ള ക്രീമാണ് ഉപയോഗിച്ചതെന്ന് ഇന്ത്യൻ ടീം ഔദ്യോഗിക വിശദീകരണം നൽകി.

വ്യാഴാഴ്ച പന്തെറിയുന്നതിനിടെ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജിൽനിന്നു ക്രീം വാങ്ങി വിരലിൽ പുരട്ടുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമത്തിൽ വൈറലായി. ഇതോടെയാണ് വിശദീകരണവുമായി ബിസിസിഐ എത്തിയത്. ജഡേജ ഉപയോഗിച്ചത് വേദനസംഹാരി മാത്രമാണെന്ന് ഇന്ത്യൻ ടീം, മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ അറിയിച്ചു. രവീന്ദ്ര ജഡേജ ക്രീം ഉപയോഗിച്ചതിനെതിരെ ഓസ്‌ട്രേലിയൻ ടീം ഔദ്യോഗികമായി പരാതി ഉയർത്തിയിട്ടില്ല. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ 177 റൺസിനു പുറത്തായിരുന്നു.

പരുക്കുമാറി തിരിച്ചെത്തിയ ജഡേജ അഞ്ചു വിക്കറ്റുകളാണു വീഴ്‌ത്തിയത്. മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ടോഡ് മർഫി എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. 22 ഓവറുകൾ പന്തെറിഞ്ഞ താരം 47 റൺസ് മാത്രമാണു വിട്ടുനൽകിയത്.

അതിനിടെ ഓസീസ് മാധ്യമങ്ങളുടെ ആരോപണം ഏറ്റുപിടിച്ച മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന് മറുപടി നൽകി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും രംഗത്തെത്തി. ഓസ്‌ട്രേലിയൻ ഇന്നിങ്‌സിൽ ബൗൾ ചെയ്യുന്നതിനിടെ ജഡേജ സിറാജിന്റെ കൈയിൽ നിന്ന് വേദനക്കുള്ള ഓയിന്റ്‌മെന്റ് തന്റെ കൈയിൽ പുരട്ടുന്ന ചിത്രങ്ങൾ ആണ് ഓസീസ് മാധ്യമങ്ങൽ പന്തിൽ കൃത്രിമം കാട്ടുന്നതായി ചിത്രീകരിച്ചത്.

ഓസീസ് മാധ്യമങ്ങൾ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അത് ഏറ്റുപിടിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്‌നും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൈക്കൽ വോണും ജഡേജ തന്റെ വിരലിൽ എന്താണ് പുരട്ടുന്നത്, മുമ്പൊരിക്കലും ഇത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ ആദ്യ ദിവസത്തെ കളിക്കുശേഷം രവി ശാസ്ത്രി ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. ജഡേജ പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെക്കുറിച്ച് ഞാനധികം കേട്ടിട്ടില്ല. എനിക്ക് ചോദിക്കാനുള്ള രണ്ട് കാര്യങ്ങളാണ്. ഓസ്‌ട്രേലിയൻ ടീമിനെ അത്തരമൊരു പരാതിയുണ്ടോ, ഇല്ലെന്നാണ് എന്റെ അറിവ്. പിന്നെ മാച്ച് റഫറി ഇതിനെക്കുറിച്ച് വിശദീകരണം തേടിയോ എന്നതാണ്.

അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും മാച്ച് റഫറിക്ക് ഇതിൽ യാതൊരു പ്രശ്‌നവുമില്ലെന്നതാണ് യാഥാർത്ഥ്യം. പിന്നെ ആർക്കാണ് ഇവിടെ പ്രശ്‌നം. സത്യസന്ധമായി പറയട്ടെ, കൈയിൽ ഓയിന്റ്‌മെന്റ് പുരട്ടുന്നത് വേദന മാറാനാണ്. അതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ അക്കാര്യം മാച്ച് റഫറി നേരത്തെ പറയുമായിരുന്നു. നാഗ്പൂരിലെ പിച്ചിൽ പന്ത് സ്പിൻ ചെയ്യിക്കാൻ ഓയിന്റ്‌മെന്റ് പുരട്ടേണ്ട കാര്യമൊന്നുമില്ല. അല്ലാതെ തന്നെ പന്ത് ടേൺ ചെയ്യുമെന്നും രവി ശാസ്ത്രി പറഞ്ഞു.