മാഞ്ചെസ്റ്റർ: രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്‌സൺ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന പേസറെന്ന നേട്ടമാണ് ആൻഡേഴ്‌സൺ സ്വന്തം പേരിൽ കുറിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇരു ഇന്നിങ്‌സിലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തിയതോടെ മുൻ ഓസ്ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോഡാണ് താരം പഴങ്കഥയാക്കിയത്.

രണ്ടു പതിറ്റാണ്ടോളമായി ഇംഗ്ലീഷ് ബൗളിങ്ങിന്റെ കുന്തമുനയായി ആരാധകരുടെ പ്രിയപ്പെട്ട ജിമ്മിയുണ്ട്. ഇക്കാലത്തിനിടയ്ക്ക് നിരവധി ബൗളിങ് റെക്കോഡുകളും തിരുത്തിക്കുറിച്ച താരം ഇപ്പോഴിതാ മറ്റൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ടെസ്റ്റിൽ 563, ഏകദിനത്തിൽ 381, ട്വന്റി 20-യിൽ അഞ്ച് വിക്കറ്റുകൾ എന്നിവയടക്കം 949 വിക്കറ്റുകൾ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന മഗ്രാത്തായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ പേസർ. ഇത് ടെസ്റ്റിൽ 664, ഏകദിനത്തിൽ 269, ട്വന്റി 20-യിൽ 18 എന്നിങ്ങനെ ആകെ 951 വിക്കറ്റുകളുമായി ആൻഡേഴ്സൺ മറികടന്നു.

800 ടെസ്റ്റ് വിക്കറ്റുകളും 534 ഏകദിന വിക്കറ്റുകളും 13 ട്വന്റി 20 വിക്കറ്റുകളുമടക്കം 1347 വിക്കറ്റ് വീഴ്‌ത്തിയ മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനാണ് രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബൗളർ.

നിലവിൽ മുരളിക്കും അന്തരിച്ച ഓസീസ് ഇതിഹാസം ഷെയ്ൻ വോണിനും ഇന്ത്യൻ താരം അനിൽ കുംബ്ലെയ്ക്കും പിന്നിൽ രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ നാലാം സ്ഥാനത്താണ് ആൻഡേഴ്സൺ. ആറു വിക്കറ്റുകൾ കൂടി വീഴ്‌ത്തിയാൽ കുംബ്ലെയെ (956) മറികടന്ന് ജിമ്മിക്ക് മൂന്നാം സ്ഥാനത്തെത്താം.

രണ്ടാം ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്‌സണും സ്റ്റുവർട്ട് ബ്രോഡും ഒല്ലീ റോബിൻസണും ചേർന്ന് 15 വിക്കറ്റ് വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 85 റൺസിനും തോൽപിച്ചിരുന്നു.