കൊൽക്കത്ത: ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കും ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽഹസലിന്റെ പിന്മാറ്റത്തെയും തുടർന്ന് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയെ ടീമിലെടുത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 2.8 കോടി രൂപയ്ക്കാണ് കൊൽക്കത്ത 32കാരനായ താരത്തെ സ്വന്തമാക്കിയത്. നാളത്തെ റോയൽ ചാലഞ്ചേഴ്സിനെതിരായ മത്സരത്തിൽ താരം ഇറങ്ങുമോ എന്ന കാര്യത്തിൽ കൊൽക്കത്ത ടീം അധികൃതർ വിശദീകരണം നടത്തിയിട്ടില്ല.

രണ്ട് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്ക് വലിയ തിരിച്ചടിയായി. സ്ഥിരം ക്യാപ്റ്റന്റെ അഭാവത്തിൽ നിതീഷ് റാണയാണ് ടീമിനെ നയിക്കുന്നത്. പരിക്ക് കാരണം ഈ ഐപിഎൽ സീസൺ ശ്രേയസ് അയ്യർക്ക് നഷ്ടമാകും. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കും വ്യക്തിപരമായ കാരണങ്ങളാലുമാണ് ഷാക്കിബിന്റെ പിന്മാറ്റം. താരലേലത്തിൽ കൊൽക്കത്ത ഒന്നരക്കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് ഷാക്കിബ്.

1.5 കോടി രൂപ അടിസ്ഥാനവിലയുള്ള ഇംഗ്ലണ്ട് ഓപ്പണർ ജോസൺ റോയിയെ 2.8 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. 2017ൽ ഗുജറാത്ത് ലയൺസിലുടയായിരുന്നു ജോസൺന്റെ ഐപിഎൽ അരങ്ങേറ്റം. 2021ൽ ഹൈദരബാദിനായാണ് അവസാനമായി കളിച്ചത്.2021ൽ അഞ്ച് മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരർധ സെഞ്ച്വറി ഉൾപ്പടെ 150 റൺസ് നേടി. 32കാരനായ ജോസൺ ഇംഗ്ലണ്ടിനായി 64 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ട് അർധ സെഞ്ച്വറികൾ ഉൾപ്പടെ 1,522 റൺസാണ് ടി20യിലെ സമ്പാദ്യം.