ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങി പേസർ ജസ്പ്രീത് ബുമ്ര. പരുക്കു ഭേദമായതിനെ തുടർന്നു ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ബുമ്രയെ ഉൾപ്പെടുത്തി. ചൊവ്വാഴ്ച ബിസിസിഐ അറിയിച്ചതാണ് ഇക്കാര്യം. കായികക്ഷമത വീണ്ടെടുത്തതോടെയാണ് തീരുമാനം.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20യിലാണ് ബുമ്ര അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. പുറത്തിനേറ്റ പരുക്കിനെ തുടർന്നു ട്വന്റി20 ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ബുമ്രയ്ക്കു നഷ്ടമായിരുന്നു.

ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിശീലനത്തിനൊടുവിൽ ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുത്തതായി ബിസിസിഐ വ്യക്തമാക്കി. ഈ മാസം 10നാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം.

ഈ വർഷം ഏകദിന ലോകകപ്പ് നടക്കാനാരിക്കെ ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ആശ്വാസം നൽകുന്നതാണ്. ഏകദിന ലോകകപ്പിനുള്ള 20 പേരുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയാറാക്കിയതിനു പിന്നാലെയാണ് ബുമ്രയുടെ മടങ്ങിവരവ് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബുംറയെ പരിഗണിച്ചിരുന്നില്ല. ഇപ്പോൾ പരിക്ക് ഭേദമായതിനെ തുടർന്നാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുമ്ര , മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്