- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ല; ഏഷ്യാകപ്പ് നിഷ്പക്ഷവേദിയിൽ നടക്കും'; ബിസിസിഐ വാർഷിക പൊതുയോഗത്തിൽ തീരുമാനം അറിയിച്ച് ജയ് ഷാ

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ മണ്ണിൽ കളിക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ. 2023ൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
ബിസിസിഐ സെക്രട്ടറിയായി ഷാ വീണ്ടും അധികാരമേറ്റതിനു ശേഷമുള്ള ആദ്യ തീരുമാനമാണ് ഇത്. മുംബൈയിൽ നടന്ന 91-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇതിനെക്കുറിച്ചുള്ള തീരുമാനം എടുത്തത്.
'ഏഷ്യാകപ്പിന് നിഷ്പക്ഷ വേദി അനുവദിക്കുന്നത് ആദ്യമായല്ല. ഞങ്ങൾ പാക്കിസ്ഥാനിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചു. പാക്കിസ്ഥാൻ സന്ദർശിക്കുന്നതിന്റെ അനുമതിയെക്കുറിച്ച് തീരുമാനിക്കുന്നത് സർക്കാരാണ്. അതിനാൽ ഞങ്ങൾ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. പകരം ഏഷ്യാകപ്പ് നിഷ്പക്ഷവേദിയിൽ നടക്കും' ജയ് ഷാ അറിയിച്ചു.
2005-06 സീസണിൽ നടന്ന ക്രിക്കറ്റ് പരമ്പരയ്ക്കായാണ് ഇന്ത്യൻ ടീം അവസാനമായി പാക്കിസ്ഥാൻ സന്ദർശിച്ചയ്. നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡായിരുന്നു അന്നത്തെ നായകൻ. അതിനു ശേഷം പിന്നീട് 2012-13 സീസൺ വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല.
2012-13 സീസണിൽ പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ പരമ്പര കളിക്കാൻ എത്തിയിരുന്നു. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്നു ഏകദിനങ്ങളുമാണ് അന്ന് കളിച്ചത്. പിന്നീട് ഇതുവരെ ഇരു ടീമുകളും തമ്മിൽ ക്രിക്കറ്റ് പരമ്പരയ അരങ്ങേറിയിട്ടില്ല. ഐസിസി ചാമ്പ്യൻഷിപ്പുകളിലും ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകളിലും മാത്രമാണ് ഇരുകൂട്ടരും നേർക്കുനേർ വന്നിട്ടുള്ളത്.
അതേ സമയം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിസിസിഐയുടെ കരുതൽ ധനശേഖരം 3648 കോടി രൂപയിൽ നിന്ന് 9629 കോടി രൂപയായി വളർന്നതായി സ്ഥാനമൊഴിയുന്ന ട്രഷററും പുതിയ ഐപിഎൽ ചെയർമാനുമായ അരുൺ ധുമാൽ സംസ്ഥാന ഘടകങ്ങളെ അറിയിച്ചു.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്‌മിനിസ്ട്രേറ്റേഴ്സിന്റെ 33 മാസത്തെ കാലാവധിക്ക് ശേഷം 2019ലാണ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭരണം ചുമതലയേറ്റത്. 2019ൽ ഗാംഗുലി അധ്യക്ഷനായി ബിസിസിഐയുടെ അധികാരം ഏറ്റെടുക്കുമ്പോൾ ബിസിസിഐയുടെ ഖജനാവിൽ 3648 കോടി രൂപയുണ്ടായിരുന്നു.
9629 കോടി രൂപ കരുതൽ ധനശേഖരമായി ഇരിക്കുന്ന ഒരു സംഘടനയെയാണ് ഞങ്ങൾ കൈമാറുന്നത്. ധുമൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 'സംസ്ഥാന അസോസിയേഷനുകൾക്കുള്ള വിതരണം ഏകദേശം അഞ്ചിരട്ടി കുതിച്ചുയർന്നുവെന്നും അദ്ദേഹം പറഞ്ഞു.


