- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചു തകർത്ത മിസ്ബയെ കബളിപ്പിച്ച് ഇന്ത്യക്ക് കിരീടം സമ്മാനിച്ച പന്തിന്റെ ഉടമ ; ഇന്ത്യയുടെ 2007 ലോകകപ്പ് ഹീറോ ജൊഗീന്ദർ ശർമ വിരമിച്ചു; വിരാമമാകുന്നത് 23 വർഷം നീണ്ട കരിയറിന്
ന്യൂഡൽഹി: 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ജൊഗീന്ദർ ശർമ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2007 സെപ്റ്റംബർ 24-ന് പാക്കിസ്ഥാനെതിരായ ഫൈനലിൽ അവസാന ഓവറിൽ 13 റൺസ് പ്രതിരോധിച്ചത് ജൊഗീന്ദറായിരുന്നു.
2001 മുതലാരംഭിച്ച ക്രിക്കറ്റ് കരിയറിനാണ് താരം ഇപ്പോൾ വിരാമമിടുന്നത്. 2022 സെപ്റ്റംബറിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ താരം കളിച്ചിരുന്നു. 2004-ൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറിയ ജൊഗീന്ദർ, നാല് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും മാത്രമാണ് കളിച്ചത്. 2008 മുതൽ 2011 വരെ എം.എസ് ധോനിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിങ്സിനായി 16 ഐപിഎൽ മത്സരങ്ങളും കളിച്ചു.
പിന്നീട് ഹരിയാണ പൊലീസിൽ ഡിവൈഎസ്‌പിയായി ജോലിയിൽ പ്രവേശിച്ചു. കോവിഡ് വ്യാപനവുമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ക്രമസമാധാനപാലന ചുമതലയുമായി സജീവമായിരുന്നു ജൊഗീന്ദർ.
2007 ലോകകപ്പിൽ അവസാന ഓവറിൽ കൂറ്റനടിക്കാരൻ മിസ്ബാഹ് ഉൾ ഹഖ് ക്രീസിലുള്ളപ്പോഴാണ് ധോനി, ജൊഗീന്ദറിനെ പന്തേൽപ്പിക്കുന്നത്. അന്ന് ഹർഭജൻ സിങ്ങിന് ഒരു ഓവർ ബാക്കിയുണ്ടായിരുന്നെങ്കിലും അതിന് മുമ്പുള്ള ഭാജിയുടെ ഓവറിൽ മിസ്ബാഹ് അടിച്ചു തകർത്തതിനെ തുടർന്നായിരുന്നു ധോനി അവസാന ഓവർ എറിയാൻ ജൊഗീന്ദറിനെ പന്തേൽപ്പിച്ചത്. ഇന്ത്യ അഞ്ചു റൺസിന്റെ വിജയം നേടുകയും ചെയ്തു.