കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ച്വറിയുമായി സഞജുവിന്‌റെ ടീമിനെ ഒരിക്കൽ കൂടി വിജയത്തിലേക്ക് നയിച്ചിരിക്കയാണ് ജോസ് ബട്‌ലർ. കൊൽക്കത്തയെ മുട്ടുകുത്തിക്കാൻ വഴിയൊരുക്കിയ ഇന്നിംഗസായിരുന്നു ബട്‌ലറിന്റേത്. മെല്ലെ തുടങ്ങിയ ഇന്നിങ്‌സിന്റെ അവസാന നിമിഷങ്ങളിലാണ് ബട്‌ലർ വെടിക്കെട്ടിലേക്ക് ഗിയർ മാറ്റിയത്. ഇംഗ്ലീഷ് താരത്തിന്റെ പോരാട്ടം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം നേടി നൽകി. പിന്നാലെ തന്റെ ബാറ്റിങ് തന്ത്രം തുറന്നുപറഞ്ഞിരിക്കുകയാണ് ജോസ് ബട്‌ലർ.

വിരാട് കോഹ്ലിയെയും മഹേന്ദ്ര സിങ് ധോണിയെയും പോലുള്ള താരങ്ങൾ കളിക്കുന്നത് വ്യത്യസ്തമാണ്. തുടക്കത്തിൽ തന്നെ ക്രീസിലെത്തി അവസാന പന്ത് വരെ അവർ ബാറ്റ് ചെയ്യും. അതുപോലെ ബാറ്റ് ചെയ്യാൻ താൻ ആഗ്രഹിച്ചു. രാജസ്ഥാൻ പരിശീലകൻ കുമാർ സംഗക്കാര തനിക്ക് നൽകിയ ഉപദേശവും ഇതായിരുന്നു. ഏറ്റവും മോശമായ കാര്യം ഒരു പോരാട്ടം പോലും നടത്താതെ വിക്കറ്റ് കളയുന്നതാണെന്നും ബട്‌ലർ വ്യക്തമാക്കി.

തുടക്കത്തിൽ റൺസ് കണ്ടെത്താൻ താൻ വിഷമിച്ചിരുന്നു. എങ്കിലും തിരിച്ചുവരാൻ കഴിയുമെന്ന് സ്വയം കരുതി. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ നന്നായി കളിക്കാൻ കഴിയുമെന്ന് തന്റെ മനസിനോട് താൻ പറഞ്ഞു. ഈ ഐപിഎല്ലിൽ അത്ഭുതകരമായ കാര്യങ്ങൾ നിരവധി തവണ ഉണ്ടായതായും ജോസ് ബട്‌ലർ പറഞ്ഞു.