- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; ജോസ് ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങി
ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. റോയൽസിന്റെ സൂപ്പർ താരം ജോസ് ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ബട്ലർ നാട്ടിലേക്ക് തിരിച്ചുപോയത്. ഇതോടെ അവശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങളിലും പ്ലേ ഓഫ് മത്സരങ്ങളിലും റോയൽസിന് ജോസ് ബട്ലറുടെ സേവനം ഇനി ലഭ്യമാകില്ല.
ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാനെതിരെ നാല് ടി20 മത്സങ്ങൾ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ടീം ക്യാപ്റ്റനായ ബട്ലറെ നേരത്തെ തിരിച്ചുവിളിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നിർബന്ധിതരാവുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതല് ഇംഗ്ലീഷ് താരങ്ങൾ നാട്ടിലേക്ക് മടങ്ങും. മെയ് 22നാണ് പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ടി20 മത്സരം.
നിലവിലെ ഐപിഎൽ സീസണിൽ പ്രതീക്ഷിച്ച ഫോമിലല്ല ബട്ലർ കളിക്കുന്നത്. എങ്കിലും രാജസ്ഥാന് വേണ്ടി രണ്ട് സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചു. 11 മത്സരങ്ങളിൽ നിന്ന് 359 റൺസാണ് ബട്ലറിന്റെ സമ്പാദ്യം.
ഐപിഎല്ലിലെ വിവിധ ടീമുകളിൽ കളിക്കുന്ന, ഫിൽ സാൾട്ട്, ലയാം ലിവിങ്സ്റ്റൺ, സാം കരൺ, ജോണി ബെയർസ്റ്റോ, മൊയിൻ അലി, വിൽ ജാക്‌സ്, റീസ് ടോപ്ലി തുടങ്ങിയ താരങ്ങളും ഇതോടെ ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിച്ച് മടങ്ങും. അതേസമയം ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങൾ നടക്കവെ നാട്ടിലേക്ക് തിരികെ പോകുന്ന ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുനിൽ ഗാവസ്‌കർ ആവശ്യപ്പെട്ടു. മടങ്ങി പോകുന്ന താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും ഗാവസ്‌കർ ആവശ്യപ്പെട്ടു. ഈ മാസം 22 ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ കളിക്കാനാണ് ഐപിഎൽ മത്സരങ്ങൾ ഒഴിവാക്കി ഇംഗ്ലണ്ട് താരങ്ങൾ മടങ്ങുന്നത്.
ഒരു സീസൺ മുഴുവൻ കളിക്കാനാണ് താരങ്ങളെ ഐപിഎൽ ടീമുകൾ വൻവില നൽകി സ്വന്തമാക്കുന്നതെന്നും ഐപിഎൽ പാതിവഴിയിൽ നിൽക്കുമ്പോൾ താരങ്ങൾ തിരികെ പോകുന്നത് ടീമുകളെ ബാധിക്കും. ഐപിഎൽ താരങ്ങൾ സീസൺ പൂർത്തിയാക്കിയില്ലെങ്കിൽ അവർക്കു നൽകുന്ന പ്രതിഫലത്തിൽ ആനുപാതിക കുറവുവരുത്താം. സമാനമായി താരങ്ങൾക്കുവേണ്ടി വിദേശ ക്രിക്കറ്റ് ബോർഡുകൾക്ക് നൽകുന്ന തുകയിലും കുറവുവരുത്തണമെന്നും ഗാവസ്‌കർ പറഞ്ഞു.