- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എൽ. രാഹുലിന് ഒരു അവസരം കൂടി നൽകണമെന്ന് ഗാവസ്‌കർ; പ്രതിഭയുള്ള താരമെന്ന് മദൻ ലാൽ; ടീമിൽ തുടരുന്നത് പലരുടെയും ഇഷ്ടക്കാരനായതു കൊണ്ടെന്ന് വെങ്കടേഷ് പ്രസാദ്; ഡൽഹി ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ കളിച്ചേക്കുമെന്ന് സൂചന
മുംബൈ: നാഗ്പുർ ടെസ്റ്റിലെതടക്കം മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിനെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ അടക്കം പ്രമുഖർ രംഗത്ത്. രാഹുലിന് ഇനിയും അവസരം നൽകണമെന്നാണു ഗാവസ്‌കറിന്റെ നിലപാട്. കഴിഞ്ഞ ഒന്നു, രണ്ടു വർഷമായി രാഹുൽ കളിച്ചിട്ടുള്ളതു നല്ല ഇന്നിങ്‌സുകൾ തന്നെയാണെന്നു സുനിൽ ഗാവസ്‌കർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
''കഴിഞ്ഞ രണ്ടു വർഷത്തോളം അദ്ദേഹം മികച്ച പ്രകടനമാണു നടത്തിയതെന്നാണ് എനിക്കു തോന്നുന്നത്. ഒരു അവസരം കൂടി രാഹുലിന് കൊടുക്കേണ്ടതുണ്ട്. ഡൽഹിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും രാഹുലിനു കളിക്കാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.'' ഒരു ദേശീയ മാധ്യമത്തോടു ഗാവസ്‌കർ പറഞ്ഞു.
''അതിനു ശേഷം രാഹുലിനെ മാറ്റുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കാം. കാരണം ഫോമിലുള്ള ശുഭ്മൻ ഗിൽ പുറത്തിരിക്കുന്നുണ്ട്. രാഹുലിനെ മാറ്റി ഗില്ലിനെ കളിപ്പിക്കാം'' ഗാവസ്‌കർ പറഞ്ഞു. രാഹുലിന് ഒരു അവസരം കൂടി ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ബിസിസിഐ കൊടുക്കണമെന്ന് മുൻ ഇന്ത്യൻ താരം മദൻ ലാലും അഭിപ്രായപ്പെട്ടു.
രാഹുൽ ഇപ്പോഴും ഇന്ത്യൻ ടെസ്റ്റ് ടീമിൽ തുടരുന്നത് പ്രകടനം കൊണ്ടല്ല, പലരുടെയും ഇഷ്ടക്കാരനായതു കൊണ്ടു മാത്രമാണെന്ന് മുൻ താരം വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. നാഗ്പുർ ടെസ്റ്റിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ ഓപ്പണറാക്കിയ തീരുമാനം തനിക്കു മനസ്സിലാകുന്നില്ലെന്നും പ്രസാദ് പറഞ്ഞു.
ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഇന്ത്യൻ ഇന്നിങ്‌സിൽ 71 പന്തുകൾ നേരിട്ട രാഹുൽ 20 റൺസ് മാത്രമാണ് നേടിയത്. 'സ്ഥിരമായി അസ്ഥിരത പുലർത്തുന്ന താരമാണ് രാഹുൽ. 8 വർഷമായി ഇന്ത്യൻ ടീമിനൊപ്പമുള്ള ഒരാൾ ഇങ്ങനെ നിരന്തരം മോശം പ്രകടനം കാഴ്ച വയ്ക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. ഫോമല്ല, ആരുടെയൊക്കെയോ താൽപര്യമാണ് രാഹുലിനെ ടീമിൽ നിലനിർത്തുന്നത്.' പ്രസാദ് ട്വിറ്ററിൽ കുറിച്ചു. രാഹുലിനു പകരം രവിചന്ദ്രൻ അശ്വിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാക്കണമെന്നും പ്രസാദ് പറഞ്ഞു.
അരങ്ങേറ്റക്കാരൻ സ്പിന്നർ ടോഡ് മർഫിയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റനെ ആദ്യ ടെസ്റ്റിൽ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹന്നസ്ബർഗിൽ 2022 ജനുവരിയിൽ ഫിഫ്റ്റി നേടിയ ശേഷം രാഹുലിന് അർധ സെഞ്ചുറികളൊന്നുമില്ല. അതിന് ശേഷമുള്ള ടെസ്റ്റ് ഇന്നിങ്സുകളിൽ 23 മാത്രമാണ് ഉയർന്ന സ്‌കോർ. 50, 8, 12, 10, 22, 23, 10, 2, 20 എന്നിങ്ങനെയാണ് രാഹുലിന്റെ അവസാന ഒൻപത് ടെസ്റ്റ് ഇന്നിങ്സ് സ്‌കോറുകൾ. കഴിഞ്ഞ 10 മാസത്തിനിടെ മൂന്ന് ടെസ്റ്റുകൾ കളിച്ചപ്പോൾ രാഹുൽ 15.4 ശരാശരിയിൽ 77 റൺസേ നേടിയുള്ളൂ. അതേസമയം അവസരം കാത്തിരിക്കുന്ന ശുഭ്മാൻ ഗിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ടീം ഇന്ത്യക്കായി 13 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ഗിൽ 32.0 ശരാശരിയിൽ 736 റൺസ് നേടിയിട്ടുണ്ട്.
ഡൽഹിയിൽ 17-ാം തിയതി ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ രാഹുൽ ടീമിൽ തുടർന്നേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാഹുലിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും പരിശീലകൻ രാഹുൽ ദ്രാവിഡും വിശ്വാസമർപ്പിക്കുന്നതായാണ് സൂചന.
'കെ എൽ രാഹുലിന് ക്യാപ്റ്റന്റെയും പരിശീലകന്റേയും പിന്തുണയുണ്ട്. എല്ലാവരും മോശം ഫോമിലൂടെ കടന്നുപോകും. വിരാട് കോലിക്ക് ദൈർഘ്യമേറിയ ഫോമില്ലായ്മ ഉണ്ടായിരുന്നു. എന്നാൽ അദേഹം ശക്തമായി തിരിച്ചെത്തി. രാഹുലിന്റെ കാര്യത്തിലും ക്ഷമയാണ് കാണിക്കേണ്ടത്. അദേഹമൊരു ക്ലാസിക് താരമാണ്, തിരിച്ചുവരും എന്നുറപ്പാണ്. വൈസ് ക്യാപ്റ്റന് ടീമിൽ സംരക്ഷമുണ്ടാവില്ല എന്നത് ശരി തന്നെയാണ്. എന്നാൽ താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്ന് മാനേജ്മെന്റ് തീരുമാനമായിരിക്കും. ഡൽഹി ടെസ്റ്റിന് ശേഷമേ താരത്തിന്റെ ഭാവി സംബന്ധിച്ച് ചർച്ചകളുണ്ടാകൂ' എന്നും മുതിർന്ന ബിസിസിഐ ഒഫീഷ്യൽ ഇൻസൈഡ് സ്‌പോർടിനോട് പറഞ്ഞു.