മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023- ഏകദിന ലോകകപ്പിന് വേദിയാവാനുള്ള ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഇടം പിടിച്ചത്. ഈ വർഷം ഒക്ടോബർ അഞ്ച് മുതലാണ് ഏകദിന ലോകകകപ്പ് തുടങ്ങുക.

അഹമ്മദാബാദ്, നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലഖ്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്കോട്ട്, ഇൻഡോർ, ബെംഗളൂരു, ധർമ്മശാല, ചെന്നൈ എന്നിവയാണ് ലോകകപ്പ് വേദികളായി ബിസിസിഐ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. പരിശീലന മത്സരങ്ങൾ ഉൾപ്പടെ ഇവിടെയായിരിക്കും നടത്തുക.

അഹമ്മദാബാദ് ഉൾപ്പെടെ ഏഴ് വേദികളിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഇതിൽ അഹമ്മദാബാദിൽ മാത്രമാണ് ഇന്ത്യ ഒന്നിൽ കൂടുതൽ മത്സരങ്ങൾ കളിക്കുക. ലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാവും വേദിയാവുക.

ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാവും വേദിയാവുക. സുരക്ഷാ കാരമങ്ങളാൽ പാക്കിസ്ഥാൻ ടീമിന്റെ ഭൂരിഭാഗം മത്സരങ്ങൾക്കും ചെന്നൈയും ബെംഗളൂരുവുമാകും വേദിയാവുകയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ബംഗ്ലാദേശിന്റെ മത്സരങ്ങളിൽ ഭൂരിഭാഗവും കൊൽക്കത്തയിലും ഗുവാഹത്തിയിലുമായിരിക്കും നടക്കുക. മൺസൂൺ സീസൺ കണക്കിലെടുത്ത് തെക്കേ ഇന്ത്യയിലെ മത്സരങ്ങൾ നവംബർ ആദ്യവാരത്തിന് മുമ്പ് പൂർത്തിയാകുന്ന രീതിയിലാണ് ബിസിസിഐ മത്സരക്രമം തയാറാക്കുന്നത്.

ഇന്ത്യൻ ടീം മാനേജ്‌മെന്റുമായി കൂടിയാലോച്ചിച്ച ശേഷമാണ് ഇന്ത്യൻ ടീമിന്റെ മത്സരക്രമങ്ങൾ അന്തിമമായി തീരുമാനിക്കുക എന്നാണ് സൂചന. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ മത്സരങ്ങൾ സ്പിന്നർമാരെ സഹായിക്കുന്ന പിച്ചുകളിലാവണമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

ഐപിഎൽ പൂർത്തിയായതിന് പിന്നാലെ ലോകകപ്പിനറെ വേദികളും മത്സരക്രമവും ബിസിസിഐ ഔദ്യോഗികമായി പുറത്തുവിടും. ലോകകപ്പിനോട് അനുബന്ധിച്ച് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായിയ 500 കോടി രൂപ ബിസിസിഐ നീക്കിവെച്ചിട്ടുണ്ട്.