തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിലേക്ക്. ബിനീഷ് കെസിഎ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് എത്തുന്നത്. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജയേഷ് ജോർജ് ആണ് കെസിഎ പ്രസിഡന്റാവുക. മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് കെസിഎ പത്ര കുറിപ്പ് പറയുന്നത്.

വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുൾ റഹിമാൻ ട്രഷററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുത്തു. അപെക്സ് കൗൺസിലിന്റെ കൗൺസിലറായി ശ്രീ സതീശനെ നിയമിച്ചു.

നേരത്തെ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു. കണ്ണൂരിൽ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ബിനീഷിന്റെ പാനലിനെതിരെ മുൻഭാരവാഹികളടക്കമുള്ളവർ രംഗത്തെത്തിയിരുന്നുവെങ്കിലും വിജയം ഒപ്പം നിന്നു.

ബിനീഷിനൊപ്പം കൃഷ്ണരാജും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകൾ നേടിയാണ്. 50 ക്ലബ്ബുകൾക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ബിനീഷിന്റെ പാനലിൽ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദിന് 35 വോട്ടുകൾ ലഭിച്ചു.

നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിർത്ത് ആരും പാനൽ പത്രിക നൽകിയിരുന്നില്ല. ഇതോടെയാണ് ബിനീഷ് കോടിയേരിക്ക് കെ.സി.എയുടെ നേതൃത്വത്തിലേക്കുള്ള വഴി തെളിഞ്ഞത്.