തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ 204 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി കേരളം. ജലജ് സക്സേനയുടെ ഓഫ് സ്പിൻ ബൗളിങ്ങിന് മുന്നിൽ സർവീസസ് തകർന്നടിയുകയായിരുന്നു. സക്സേന 15.4 ഓവറിൽ 36 റൺസിന് എട്ട് വിക്കറ്റ് വീഴ്‌ത്തിയതോടെ 341 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സർവീസസിനെ കേരളം 136 റൺസിന് എറിഞ്ഞിട്ടു. രണ്ട് ഇന്നിങ്സിലുമായി സക്‌സേന 11 വിക്കറ്റ് നേടി. അവസാന ദിനം ജയിക്കാൻ വേണ്ടിയിരുന്ന 321 റൺസിലേക്ക് ബാറ്റിങ് പുനരാരംഭിച്ച സർവീസസ് 136 റൺസിൽ കേരളം ചുരുട്ടിക്കെട്ടി. സ്‌കോർ കേരളം- 327, 242/7 ഡിക്ലയർ. സർവീസസ്- 229, 136.

വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് തുടങ്ങിയ സർവീസസിനെ തന്റെ കറങ്ങും പന്തുകൊണ്ട് എറിഞ്ഞിടുകയായിരുന്നു ജലജ് സക്സേന. ഓപ്പണർ ശുഭം രോഹില്ല 55 പന്തിൽ 28 റൺസെടുത്ത് വൈശാഖ് ചന്ദ്രന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സൂഫിയാൻ ആലാം 108 പന്തിൽ 52 റൺസ് നേടിയപ്പോൾ സക്സേനയുടെ ത്രോ താരത്തെ പുറത്താക്കി. പിന്നീടുള്ള എട്ട് വിക്കറ്റുകളും ജലജ് സക്സേനക്കായിരുന്നു.

രവി ചൗഹാനും ഗൗലത്ത് രാഹുൽ സിംഗും ഏഴ് വീതവും റൺസെടുത്ത് പുറത്തായപ്പോൾ സർവീസസ് നായകൻ രജത് പാലിവാലിന് അക്കൗണ്ട് തുറക്കാനായില്ല. വിക്കറ്റ് കീപ്പർ എൽ ബൻസാൽ അഞ്ചും മോഹിത് രത്തീ ഒന്നും അർപിത് ഗുലേറിയ ഒന്നും പിഎസ് പൂനിയ 18 ഉം റൺസെടുത്ത് പുറത്തായി. ഇതോടെ 204 റൺസിന്റെ വമ്പൻ വിജയവുമായി കേരളം ഗോവയ്ക്കെതിരായ തോൽവിയുടെ ക്ഷീണം മറികടന്നു.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 98 റൺസ് ലീഡ് നേടിയ കേരളം ഏഴ് വിക്കറ്റിന് 242 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 93 റൺസെടുത്ത സച്ചിൻ ബേബിയാണ് രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ടോപ് സ്‌കോറർ. ഗോവിന്ദ് വത്സാൽ 48 ഉം സൽമാൻ നിസാർ 40 ഉം റൺസ് നേടി.

ആദ്യ ഇന്നിങ്സിൽ 19 റൺസിന് നാല് മുൻനിര ബാറ്റ്സ്മാന്മാരെ നഷ്ടമായ കേരളത്തെ സച്ചിൻ ബേബിയുടെ സെഞ്ച്വറിയാണ്(159) രക്ഷയായത്. 98 റൺസിന്റെ വിലപ്പെട്ട ഒന്നാം ഇന്നിങ്സ് ലീഡുമായി കേരളത്തെ രണ്ടാം ഇന്നിങ്സിലും സച്ചിൻ(93) നയിച്ചു. ആദ്യ ഇന്നിങ്സിൽ സച്ചിൻ ബേബി 308 പന്തിലാണ് 159 റൺസെടുത്തത്. ആദ്യ ഇന്നിങ്സിൽ ജലജ് സക്സേനയും സിജോമോൻ ജോസഫും മൂന്ന് വീതവും നിഥീഷ് എംഡിയും വൈശാഖ് ചന്ദ്രനും രണ്ട് വീതം വിക്കറ്റും വീഴ്‌ത്തിയിരുന്നു.