തിരുവനന്തപുരം: സഞ്ജു വി സാംസൺ ഏകദിനത്തിലെ സെഞ്ച്വറി നേടി. വിജയ് ഹസാരയിലും സെയ്ദ് മുഷ്താഖ് അലിയിലും ടീം കേരള നോക്കൗട്ടും കടന്നു. ഇതെല്ലാം കേരളാ ക്രിക്കറ്റിന് 2023 നൽകിയ നേട്ടങ്ങളാണ്. എന്നാൽ അതുക്കും മേലെ ഒരു സുവർണ്ണ നിമിഷം കേരളാ ക്രിക്കറ്റ് ഇത്തവണ രചിച്ചു.

ആരും അറിയാതെയും ചർച്ച ചെയ്യാതെയും പോയ നേട്ടം. ടിനു യോഹന്നാനിൽ തുടങ്ങുന്നതാണ് കേരളത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രം. അത് തുടർന്ന് ശ്രീശാന്ത് ഏറ്റെടുത്തു. സഞ്ജു മുന്നോട്ട് കൊണ്ടു പോകുന്നു. വിഷ്ണു വിനോദും രോഹൻ കുന്നുമ്മലിനേയും പോലുള്ള പ്രതിഭകൾക്ക് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ലെന്നത് വസ്തുതയാണ്. ഏതായാലും ഈ ചേട്ടന്മാർക്ക് പകരക്കാർ അണിയറയിൽ റെഡിയാണ്. കേരളത്തിന്റെ അണ്ടർ 19 ടീം ഇത്തവണ രചിച്ചത് പുതു ചരിത്രമാണ്.

കൂച്ച് ബിഹർ അണ്ടർ 19 കപ്പിൽ കേരളം ക്വാർട്ടറിലെത്തിയത് കേരളാ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്നതിന് തെളിവാണ്. ആദ്യമായി കേരളം അണ്ടർ 19 തലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി എന്നതാണ് ശ്രദ്ധേയം. അതും ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റിന് സമാനമായ ഡബിൾ ഇന്നിങ്സ് മത്സരത്തിൽ. ഇനി ക്വാർട്ടർ പോരാട്ടമാണ്. അവിടേയും മികവ് കാട്ടിയാൽ സെമി. പിന്നെ ഫൈനൽ. പ്രതീക്ഷകളിലാണ് തിരുവനന്തപുരത്ത് നിന്നുള്ള ഷൈൻ പരിശീലിപ്പിക്കുന്ന കേരളാ അണ്ടർ 19 ടീം. എട്ട് കൊല്ലത്തിന് ശേഷമാണ് അണ്ടർ 19 ക്രിക്കറ്റിലെ പ്രധാന ടൂർണ്ണമെന്റിൽ കേരളം നോക്കൗട്ട് കടക്കുന്നത്. കേരളാ ക്രിക്കറ്റിലെ മിന്നും താരങ്ങളാകാൻ കെൽപ്പുണ്ടെന്ന് തെളിയിച്ച് അവർ ദേശിയ തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്.

2013ൽ കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ടീം ദേശീയ തലത്തിൽ മിന്നും പ്രകടനം നടത്തി. അന്ന് ടീമിന്റെ പരിശീലകനായിരുന്നു തിരുവനന്തപുരത്തുകാരനായ ഷൈൻ. പിന്നീട് 2017ൽ കേരളാ രഞ്ജി ട്രോഫി ടീമിന്റെ ബാറ്റിങ് കോച്ചായി. കഴിഞ്ഞ തവണ അണ്ടർ 16 ടീമിനേയും പരിശീലിപ്പിച്ചു. ഒപ്പം അണ്ടർ 23 ടീമിനേയും. ഷൈനിന്റെ നേതൃത്വത്തിലാണ് കേരളാ അണ്ടർ 19 ടീം ഇത്തവണ അത്ഭുതം കാട്ടിയത്. എലൈറ്റ് ഗ്രൂപ്പ് സിയിൽ ഒരു കളിയും കേരളം തോറ്റില്ല. നാലു ജയവും ഒരു സമനിലയുമായി അണ്ടർ 19 ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കരുത്തു കാട്ടി. മുംബൈയേയും കർണ്ണാടകയേയും പോലെ 27 പോയിന്റുമായി ക്വാർട്ടറിലും എത്തി. 29ന് യുപിക്കെതിരെയാണ് കേരളത്തിന്റെ അണ്ടർ 19 ക്വാർട്ടർ മത്സരം.

കേരളത്തിലെ എതിരാളികൾ പോലും ടീമിനെ വ്യക്തിഗത മികവിന്റെ സാക്ഷ്യമായി കാണുന്നില്ല. മികച്ച ടീം വർക്കാണ് കേരളത്തിന്റെ കരുത്തെന്ന് എതിരാളികളും സമ്മതിക്കുന്നു. ആറു ഇന്നിങ്സിൽ 309 റൺസ് നേടിയ ക്യാപട്നാണ് ബാറ്റിംഗിൽ കേരളത്തിന്റെ കരുത്ത്. ഓൾ റൗണ്ടറായ അഹമ്മദ് ഇമ്രാൻ സെഞ്ച്വറിയും നേടി. 262 റൺസ് നേടിയ ജിഷ്ണുവും 261 റൺസ് നേടിയ അക്ഷയ് എസ് എസും ഭാവിയിലെ താരങ്ങളാണ്. മൂന്ന് അർദ്ധ സെഞ്ച്വറിയുമായി പവൻ ശ്രീധറും സ്ഥിര ഫോം കാട്ടി. മാധവ് കൃഷ്ണയും ബാറ്റ് കൊണ്ട് മികവ് കാട്ടിക്കഴിഞ്ഞു. കേരളാ ക്യാപ്ടന് പുറമേ അക്ഷയും മാധവ് കൃഷ്ണും മൂന്നക്ക നേട്ടം മറികടന്നു. ബാറ്റിംഗിൽ ടീമായി കളിക്കുന്നതാണ് കേരളത്തിന്റെ മികവ്.

18 വിക്കറ്റുമായി ജിഷ്ണു ബൗളിംഗിലും കേരളത്തിന്റെ വിക്കറ്റ് വേട്ടയിൽ ഒന്നാമനാണ്. മുഹമ്മദ് ഇനാൻ എറിഞ്ഞിട്ടത് 17 പേരെയാണ്. ബാറ്റിംഗിൽ ഒന്നാമനായ ക്യാപ്ടൻ അഹമ്മദ് ഇമ്രാൻ 15 വിക്കറ്റുമായി കേരള താരങ്ങളുടെ വിക്കറ്റ് നേട്ടപ്പടികയിൽ മൂന്നാമനാണ്. അഭിരാം എസിന് 15 വിക്കറ്റും കിട്ടി. അർജുൻ ആർ നായർ 11 വിക്കറ്റുമായി പ്രതിഭ തെളിയിച്ചു. മൂന്ന് കളികളിൽ മാത്രമാണ് അണ്ടർ 19 ടീമിലെ കന്നിക്കാരനായ അർജുൻ കളിച്ചത്. വിക്കറ്റ് വേട്ടയിലെ കോളം പരിശോധിച്ചാൽ ഒത്തൊരുമയോടെ ഏവരും വിക്കറ്റു നേടുന്നതിന്റെ പ്രതിഫലനവും കാണാം.