- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിനിഷിങ് മികവുമായി അബ്ദുൾ ബാസിത്; നായകനായി സഞ്ജു; ഹരിയാനയെ മൂന്ന് വിക്കറ്റിന് കീഴടക്കി കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് സിയിൽ ആവേശകരമായ മത്സരത്തിൽ ഹരിയാനയെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് കേരളം ഹാട്രിക്ക് ജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഏഴ് വിക്കറ്റിന് 131 റൺസ് എന്ന ചെറിയ സ്‌കോറിൽ ഒതുങ്ങിയപ്പോൾ, കേരളം ഒരോവർ ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു.
നായകൻ സഞ്ജു സാംസണ് തിളങ്ങാനാവാതെ പോയ മത്സരത്തിൽ എട്ടാം നമ്പർ ബാറ്റർ അബ്ദുൾ ബാസിത് നടത്തിയ വെടിക്കെട്ടാണ് കേരളത്തെ ആവേശ ജയത്തിലേക്ക് നയിച്ചത്. ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഇപ്പോൾ 12 പോയിന്റുണ്ട്. ഹരിയാനയാണ് രണ്ടാമത്. നേരത്തെ അരുണാചൽ പ്രദേശിനെയും കർണാടകയെയും കേരളം തോൽപ്പിച്ചിരുന്നു.
മധ്യനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ അബ്ദുൾ ബാസിതിന്റെ (15 പന്തിൽ പുറത്താവാതെ 27) ഇന്നിങ്സാണ് കേരളത്തിന് തുണയായത്. നേരത്തെ ജയന്ത് യാദവ് (39), സുമിത് കുമാർ (30) എന്നിവരുടെ ഇന്നിങ്സാണ് ഹരിയാനയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.
ഓപ്പണിങ് വിക്കറ്റിൽ 52 റൺസ് കൂട്ടിചേർത്ത ശേഷമാണ് കേരളത്തിന്റെ ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹനെ ജയന്ത് യാദവ് ബൗൾഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റൺസെടുത്ത ക്യാപ്റ്റനെ അമിത് മിശ്ര, ഹിമാൻഷു റാണയുടെ കൈകളിലെത്തിച്ചു. ഇതോടെ കേരളം രണ്ടിന് 57 എന്ന നിലയിലായി.
സ്‌കോർബോർഡിൽ രണ്ട് റൺ കൂടി കൂട്ടിചേർത്ത ശേഷം വിഷ്ണു വിനോദും (25) മടങ്ങി. സച്ചിൻ ബേബിക്കും (4) അധികം ആയുസുണ്ടായിരുന്നില്ല. തെവാട്ടിയയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങുകയായിരുന്നു താരം. ഇംപാക്റ്റ് പ്ലയറായെത്തിയ കൃഷ്ണ പ്രസാദും (9), സിജോമോൻ ജോസഫും (13) മടങ്ങിയതോടെ കേരളം പതറി.
16.4 ഓവറുകളിൽ 106/7 എന്ന നിലയിലായതോടെ കേരളം പരാജയത്തെ മുന്നിൽക്കണ്ടതാണ്. എന്നാൽ എട്ടാം നമ്പരിൽ കളിക്കാനിറങ്ങിയ അബ്ദുൾ ബാസിതിന്റെ വെടിക്കെട്ട് കളി മാറ്റി. 15 പന്തിൽ 3 ബൗണ്ടറികളും, ഒരു സിക്‌സറുമടക്കം 27 റൺസ് നേടി പുറത്താകാതെ നിന്ന അബ്ദുൾ ബാസിതിന്റെ മികവിൽ കേരളം 6 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലേക്ക് കുതിച്ചെത്തി. 4 റൺസെടുത്ത മനു കൃഷ്ണൻ പുറത്താകാതെ നിന്നു.
നേരത്തെ, ഹരിയാനയുടെ മൂന്ന് മുൻനിര താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. അങ്കിത് കുമാർ (0), ചൈതന്യ ബിഷ്ണോയ് (5), ഹിമാൻഷു റാണ (9) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. നാലാമനായി ക്രീസിലെത്തിയ നിഷാന്ത് സിന്ധുവും (10) നിരാശ മാത്രമാണ് സാധിച്ചത്. പ്രമോദ് ചന്ധില (24), ദിനേഷ് ബന (10) എന്നിവരും പുറത്തായതോടെ ഹരിയാന ആറിന് 62 എന്ന നിലയിലായി. തുടർന്നാണ് സുമിത് കുമാർ (പുറത്താവാതെ 30) ജയന്ത് സഖ്യത്തിന്റെ കൂട്ടൂകെട്ട് പിറന്നത്. അവസാന ഓവറിലാണ് ജയന്ത് പുറത്താവുന്നത്. ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ജയന്തിന്റെ ഇന്നിങ്സ്. രാഹുൽ തെവാട്ടിയ (0) പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി പന്തെടുത്ത എല്ലാവരും ഓരോ വിക്കറ്റ് നേടി.
കേരള ടീമിൽ സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരം കൂടിയാണിത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. കർണാടകയ്ക്കെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോൾ കൃഷ്ണ പ്രസാദ് വഴിമാറി. പിന്നീട് ഇംപാക്റ്റ് പ്ലയറായി താരം ബാറ്റിംഗിനെത്തി.


