അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 12 പോരാട്ടത്തിൽ അയർലൻഡിനെ പരാജയപ്പെടുത്തി ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. 35 റൺസിനാണ് ന്യൂസിലൻഡിന്റെ വിജയം. 186 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് നിശ്ചിത 20-ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റോടെ ഗ്രൂപ്പ് ഒന്നിൽ നിലവിൽ ഒന്നാംസ്ഥാനത്താണ് ന്യൂസിലൻഡ്.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്ക് നിലവിൽ അഞ്ച് പോയന്റുണ്ട്. അവസാനത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ഗ്രൂപ്പ് ഒന്നിലെ സെമി ചിത്രം അതിന് ശേഷം മാത്രമേ വ്യക്തമാകൂ. തോൽവിയോടെ അയർലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.ന്യൂസിലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് നല്ല തുടക്കമാണ് ഓപ്പണർമാരായ പോൾ സല്റ്റിർലിങ്ങും ആൻഡ്രൂ ബാൽബിർനിയും നൽകിയത്.

ഒമ്പതാം ഓവറിലെ ആദ്യ പന്തിൽ ബാൽബിർനിയെ മിച്ചൽ സാന്റ്നർ പുറത്താക്കി. 25 പന്തിൽ നിന്ന് 30 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത ഓവറിൽ പോൾ സ്റ്റിർലിങ്ങും കൂടാരം കയറി. 27 പന്തിൽ നിന്ന് 37 റൺസെടുത്ത് താരത്തെ സ്പിന്നർ ഇഷ് സോധിയാണ് പുറത്താക്കിയത്.

സ്‌കോർബോർഡിൽ കാര്യമായ ചലനം സൃഷ്ടിക്കുന്നതിന് മുന്നേ ഹാരി ടെക്ടറും ഗാരത് ഡിലനിയും ലോർകൻ ടക്കറും പവലിയനിലേക്ക് മടങ്ങി. രണ്ട് റണ്ണെടുത്ത് ഹാരി ടെക്ടറിനെ സാന്റ്നറും 10 റണ്ണെടുത്ത ഡിലനിയെ ലോക്കി ഫെർഗൂസനുമാണ് പുറത്താക്കിയത്. 13 റൺസെടുത്ത ടക്കറിനെ ഇഷ് സോധിയും മടക്കി.

പിന്നീടിറങ്ങിയവർക്കാർക്കും ക്രീസിൽ നിലയുറപ്പിക്കാനാവാതെ വന്നതോടെ അയർലൻഡ് പരാജയത്തിലേക്കടുത്തു. 23 റൺസെടുത്ത ജോർജ് ഡോക്രെല്ലിനെ ലോക്കി ഫെർഗൂസൻ പുറത്താക്കി. കർട്ടിസ് കാംഫർ(7), ഫിയോൻ ഹാൻഡ്(5),മാർക്ക് അഡയർ(4) എന്നിവരെ കിവീസ് ബൗളർമാർ വേഗം കൂടാരം കയറ്റി. നിശ്ചിത 20-ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 150 റൺസിന് അയർലൻഡ് ഇന്നിങ്സ് അവസാനിച്ചു.

നേരത്തേ അഡ്ലെയ്ഡിൽ ടോസ് നേടിയ അയർലൻഡ് ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണിങ്ങ് കൂട്ടുകെട്ടിൽ ഫിൻ അലനും ഡേവിഡ് കോൺവേയും മികച്ച തുടക്കമാണ് കീവിസിന് സമ്മാനിച്ചത്. പതിനെട്ട് പന്തിൽ നിന്ന് 32 റൺസെടുത്ത ഫിൻ അലനാണ് സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. അലനെ ആറാം ഓവറിൽ മാർക്ക് അഡയർ പുറത്താക്കി.

പിന്നീടിറങ്ങിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും കോൺവേയുമൊത്ത് ചേർന്ന് ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചു. ടീം സ്‌കോർ 96-ൽ നിൽക്കുമ്പോൾ ഗാരത് ഡിലനി കോൺവേയെ മടക്കി. 28-റൺസാണ് താരത്തിന്റെ സമ്പാദ്യം. ഒമ്പത് പന്തിൽ നിന്ന് 17 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിനേയും ഡിലനി പുറത്താക്കി.

ഡാരി മിച്ചലിനേയും കൂട്ടുപിടിച്ച് നായകൻ കെയിൻ വില്ല്യംസണാണ് കിവീസ് സ്‌കോർ 150-കടത്തിയത്. 35 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയുടേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെ 61 റൺസെടുത്ത വില്ല്യംസണെ ജോഷ്വ ലിറ്റിൽ പുറത്താക്കി. പിന്നീട് എറിഞ്ഞ അടുത്ത രണ്ട് പന്തുകളും വിക്കറ്റെടുത്ത് ജോഷ്വ ലിറ്റിൽ ഹാട്രിക്കും നേടി.

ജിമ്മി നീഷാം, മിച്ചൽ സാന്റ്നർ എന്നിവരേയാണ് ജോഷ്വ പുറത്താക്കിയത്. നിശ്ചിത 20-ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസിന് ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിച്ചു. ഹാട്രിക്കെടുത്ത ജോഷ്വ ലിറ്റിലാണ് അയർലൻഡിനായി തിളങ്ങിയത്. ഡിലനി രണ്ട് വിക്കറ്റെടുത്തപ്പോൾ മാർക്ക് അഡയർ ഒരു വിക്കറ്റെടുത്തു.