- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്തയുടെ യഥാർഥ ഹീറോയായി ഗൗതം ഗംഭീർ
കൊൽക്കത്ത: ഒമ്പതു വർഷത്തെ കിരീട വരൾച്ചക്ക് ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും ഐപിഎൽ കിരീടം നേടുന്നത്. ഷാരൂഖ് ഖാൻ ഉടമസ്ഥനായ ഫ്രാഞ്ചൈസിയുടെ മൂന്ന് കീരീട നേട്ടത്തിലും സൂപ്പർസ്റ്റാറായി നിൽക്കുന്നത് ഗൗതം ഗംഭീറാണ്. 2012ൽ ഗംഭീറിന്റെ നായകത്വത്തിലാണ് കെകെആർ ആദ്യമായി ഐപിഎൽ കിരീടം നേടുന്നത്. പിന്നീട് 2014ലും കിരീട നേട്ടം ആവർത്തിച്ചു. ഇതിന് ശേഷം ഇപ്പോൾ ടീം കിരീടം നേടുമ്പോൽ മെന്ററുടെ റോളിൽ ഉണ്ടായിരുന്നതും ഗൗതം ഗംഭീറാണ്. ഇതോടെ കൊൽക്കത്തയുടെ വിജയത്തിലെ യഥാർഥ ഹീറോയായി ഗംഭീർ മാറി.
കഴിഞ്ഞ രണ്ട് സീസണുകളിൽ പരിതാപകരമായി ടീമായിരുന്നു കെകെആർ. അവിടെ നിന്നുമാണ് ഇപ്പോൾ അനായാസം വിജയിക്കുന്ന ടീമായി ഗംഭീർ കൊൽക്കത്തയെ മാറ്റിയിരിക്കുന്നത്. വിജയത്തിന് വേണ്ടി പുതിയതാരങ്ങളെ ഇറക്കിയും ആക്രമണോത്സുകത പ്രകടിപ്പിച്ചും ഗംഭീർ ടീമിനൊപ്പം നിന്നും. ഇതോടെയാണ് ടീം വിജയത്തിലേക്ക് എത്തുന്നതും.
ഇപ്പോൾ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ സ്ഥാനം ഒഴിയാതിരിക്കാൻ ടീം ഉടമ ഷാറുഖ് ഖാൻ, ഗൗതം ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനൽകിയതായി അടക്കം വാർത്തകൾ വരുന്നുണ്ട്. പത്തു വർഷത്തേക്ക് ടീമിൽ തുടരാൻ ആവശ്യമായ തുക എത്രയായാലും നൽകാമെന്നാണ് ഷാറുഖിന്റെ നിലപാട്.
അതേസമയം രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുമ്പോൾ പുതിയ പരിശീലകനാകാൻ ബിസിസിഐ ഗൗതം ഗംഭീറിനെയും പരിഗണിക്കുന്നുണ്ട്. ഗംഭീറിനും ടീം ഇന്ത്യയുടെ പരിശീലകനാകാൻ താൽപര്യമുണ്ട്. എന്നാൽ ഗംഭീർ ബിസിസിഐയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. ഗംഭീറിന് തന്നെ നിയമനം നൽകാൻ ബിസിസിഐ അന്തിമ തീരുമാനം എടുക്കുകയാണെങ്കിൽ വേറെ അപേക്ഷ സമർപ്പിക്കേണ്ട കാര്യമില്ല. ഐപിഎൽ വിജയത്തോടെ ഗംഭീർ ഇന്ത്യൻ കോച്ചാകാൻ സാധ്യത വർധിക്കുകയും ചെയ്തു.
പത്തു വർഷത്തേക്കുള്ള കരാർ നൽകാമെന്നാണ് ഗംഭീറിന് ബോളിവുഡ് താരത്തിന്റെ ഓഫർ. ഗംഭീർ ഇക്കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കുമെന്നു വ്യക്തമല്ല. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനില്ലെന്ന് റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ, സ്റ്റീഫൻ ഫ്‌ളെമിങ് എന്നിവർ നേരത്തേ പ്രതികരിച്ചിരുന്നു. ഓസ്‌ട്രേലിയക്കാരായ പരിശീലകർക്ക് ഓഫർ നൽകിയിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പിന്നീടു വ്യക്തമാക്കി. ഇന്ത്യൻ ടീമിനെ അടുത്തറിയുന്ന ആളെയാണ് ടീമിന് ആവശ്യമെന്നാണ് ജയ് ഷായുടെ നിലപാട്. ഇതോടെയാണ് ഗംഭീർ പരിശീലക റോളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നത്.
ട്വന്റി20 ലോകകപ്പിനു ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയാനിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഇനി പരിശീലകനാകാൻ ഇല്ലെന്നാണ് ദ്രാവിഡിന്റെ നിലപാട്. കഴിഞ്ഞ സീസണിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഗൗതം ഗംഭീർ.