കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നി സെഞ്ചുറി കുറിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഹിമാലയൻ സ്‌കോർ ഉയർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.

അപരാജിത വെടിക്കെട്ട് സെഞ്ച്വറിയുമായി ബ്രൂക്ക് കളം നിറഞ്ഞു. 55 പന്തിൽ 100 റൺസെടുത്തു. താരത്തിന്റെ പ്രഥമ ഐ.പി.എൽ സെഞ്ച്വറിയാണിത്. വൻ തുക മുടക്കി ടീമിലെത്തിച്ച താരം ആദ്യം മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇന്ന് കൊൽക്കത്തൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് കണ്ടത്. 32 പന്തിലാണ് ബ്രൂക്ക് അർധ സെഞ്ച്വറിയിലെത്തിയത്.

ഹൈദരാബാദ് 13.25 കോടി രൂപക്കാണ് ഹാരിയെ സ്വന്തമാക്കിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാക്കിസ്ഥാൻ പ്രീമിയർ ലീഗിലെ ബ്രൂക്കിന്റെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സൺറൈസേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. അതു വെറുതെയായില്ല. വിമർശകരുടെ വായടപ്പിക്കുന്ന താരത്തിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഈഡൻ ഗാർഡൻസിൽ സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തൻ ബൗളർമാരെ തല്ലിയൊതുക്കിയാണ് ഹൈദരാബാദ് കൂറ്റൻ സ്‌കോർ നേടിയത്. ഹാരി ബ്രൂക്ക്, ഏയ്ഡൻ മർക്രാം, അഭിഷേക് ശർമ എന്നിവരാണ് ഓറഞ്ച് ആർമിക്കായി പട നയിച്ചത്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. സെഞ്ചുറിയോടെ ബ്രൂക്ക് (100*) ഷോ തന്നെയാണ് ഈഡൻ കണ്ടത്. മർക്രാം 50 റൺസ് എടുത്തപ്പോൾ 32 റൺസുമായി അഭിഷേകും തിളങ്ങി.

ടോസ് നഷ്ടമാമായി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് തുടക്കം മുതൽ തകർത്തടിച്ചു. ഐപിഎല്ലിൽ തിളങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്, ഈഡൻഗാർഡൻസിൽ ആഘോഷം നടത്താനുള്ള മൂഡിലായിരുന്നു. ലോക്കി ഫെർഗൂസനെയും ഉമേഷ് യാദവിനെയും തലങ്ങും വിലങ്ങും പായിച്ച് ഹാരി തകർത്തപ്പോൾ മായങ്ക് അഗർവാൾ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. മായങ്കിനെയും പിന്നാലെ വന്ന രാഹുൽ ത്രിപാഠിയെയും വീഴ്‌ത്തി ആന്ദ്രേ റസൽ കൊൽക്കത്തയ്ക്ക് ആശ്വാസം കൊണ്ട് വന്നു.

പക്ഷേ, നായകൻ ഏയ്ഡൻ മർക്രാമും ബ്രൂക്കും ഒന്നിച്ചതോടെ എസ്ആർഎച്ച് സ്‌കോർ ബോർഡിലേക്ക് അതിവേഗം റൺസ് എത്തി. നായകൻ ഉഷാറായപ്പോൾ ബ്രൂക്ക് സ്‌ട്രൈക്ക് കൈമാറി ഒപ്പം നിന്നു. ടീം സ്‌കോർ 129ൽ എത്തിയപ്പോഴാണ് മർക്രാം വീണത്. ഇതിനകം അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം മർക്രാം 50 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഇതോടെ വെടിക്കെട്ടിന്റെ അമരത്തേക്ക് ബ്രൂക്ക് എത്തി. ലോക്കിയെ ഒരോവറിൽ 23 റൺസിന് പറത്തി ടോപ്ഗിയറിൽ താരം കുതിച്ചു. നായകന് പകരമെത്തിയ അഭിഷേക് ശർമയും തകർത്തടിച്ചതോടെ ഈഡനിൽ സുനിൽ നരെയ്ൻ അടക്കം ഉരുകി.

വീണ്ടും റസലിനെ ഇറക്കി റാണ പരീക്ഷണം നടത്തിയപ്പോൾ 32 റൺസെടുത്ത അഭിഷേക്, ഷർദുൽ താക്കൂറിന്റെ കൈകളിൽ ഒതുങ്ങി. പക്ഷേ ഓവറിലെ ആദ്യ പന്ത് എറിഞ്ഞപ്പോൾ തന്നെ പരിക്കേറ്റ റസലിന് ഗ്രൗണ്ട് വിടേണ്ടി വന്നത് കെകെആറിന് വൻ തിരിച്ചടിയായി. പകരം ഓവർ പൂർത്തീകരിച്ച ഷർദുലിനെ മൂന്ന് ഫോറുകളോടെയാണ് ഹൈദരാബാദ് ശിക്ഷിച്ചത്. അവസാന ഓവറിൽ അർഹതപ്പെട്ട സെഞ്ചുറി ബ്രൂക്ക് പേരിൽ ചേർത്തു. 55 പന്തിൽ നിന്നായിരുന്നു താരത്തിന്റെ ഐപിഎല്ലിലെ കന്നി സെഞ്ചുറി. ക്ലാസനും അവസരം മുതലാക്കിയതോടെയാണ് എസ്ആർഎച്ച് സ്‌കോർ 228ൽ എത്തിയത്.