ലഖ്‌നൗ: ഐ.പി.എൽ മത്സരത്തിനിടെ വലതുതുടയിൽ ഗുരുതര പരിക്കേറ്റ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെ.എൽ. രാഹുലിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജൂണിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കാനാവില്ല. വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ രാഹുൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കൊടുവിൽ വലതു തുടയിലെ പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനാൽ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജൂൺ ഏഴിന് ഓവലിൽ ഓസ്ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കാനാകില്ലെന്നും രാഹുൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by KL Rahul???? (@klrahul)

മെയ്‌ ഒന്നിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ രാഹുലിന്റെ തുടയിൽ പരിക്കേൽക്കുകയായിരുന്നു. ഫാഫ് ഡുപ്ലെസ്സിയുടെ ബൗണ്ടറി തടയുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്.

രണ്ടാം ഓവറിൽ പന്തിന് പിറകേ പായുന്നതിനിടെ താരം മൈതാനത്ത് വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്.

ഉടൻ തന്നെ മെഡിക്കൽ സഘമെത്തി താരത്തേ മൈതാനത്ത് നിന്ന് നീക്കി. പിന്നീട് ലഖ്നൗ ബാറ്റിങ്ങിനിടെ 11ാമനായി താരം ക്രീസിലെത്തിയിരുന്നു. എന്നാൽ ടീമിനെ വിജയതീരമണക്കാനായില്ല. രാഹുലിന് പുറമേ പേസർ ജയദേവ് ഉനദ്ഘട്ടും പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്തായിരുന്നു