ന്യൂഡൽഹി: കരിയറിലെ പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന ഒരേയൊരാൾ എം എസ് ധോണിയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലി. ധോണിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പരാമർശിക്കുമ്പോഴാണ്, മോശം കാലത്ത് അദ്ദേഹം നൽകിയ പിന്തുണ കോലി ഓർത്തെടുത്തത്. കളിക്കളത്തിനകത്തും പുറത്തും ധോണി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു. ഐപിഎൽ 2023 സീസണിന് മുന്നോടിയായാണ് കോലിയുടെ വാക്കുകൾ.

രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറികൾ നേടാനാകാതെ ഫോം ഔട്ടായിരുന്ന കോലി, അടുത്തിടെയാണ് ഫോമിലേക്കു തിരിച്ചെത്തിയത്. തുടർന്ന് നാല് ഏകദിനങ്ങൾക്കിടെ മൂന്നു സെഞ്ചറികൾ നേടുകയും ചെയ്തു. മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു കോലിയുടെ സെഞ്ചറി പിറന്നത്.

'എന്റെ മോശം കാലത്ത് ഏറ്റവും പിന്തുണ നൽകിയത് അനുഷ്‌കയാണ്. വെല്ലുവിളികൾ നേരിടാൻ എന്നെ കരുത്തനാക്കിയതും അനുഷ്‌കയാണ്. ഞാൻ കടന്നുപോയ ബുദ്ധിമുട്ടികളും തരണം ചെയ്ത വെല്ലുവിളികളും അടുത്തുനിന്ന് അനുഷ്‌ക കണ്ടതാണ്. എനിക്ക് സംഭവിച്ചതിനെല്ലാം അവൾ സാക്ഷിയാണ്' കോലി പറഞ്ഞു.

''എന്റെ കുടുംബത്തെയും ബാല്യകാല പരിശീലകനെയും മാറ്റിനിർത്തിയാൽ പിന്തുണയുമായി ഒപ്പമെത്തിയ ഒരാൾ മഹേന്ദ്രസിങ് ധോണിയാണ്. അദ്ദേഹത്തെ ഒന്നു ബന്ധപ്പെടാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. സാധാരണ ഗതിയിൽ ഞാൻ അദ്ദേഹത്തെ വിളിച്ചാൽ 99 ശതമാനവും ഫോണെടുക്കില്ല. കാരണം അദ്ദേഹം ഫോൺ നോക്കാറു പോലുമില്ല. പക്ഷേ, ആ ഘട്ടത്തിൽ അദ്ദേഹം എന്നെ തേടിവന്നു' കോലി വിവരിച്ചു.

2008 മുതൽ 2019 വരെ ഇന്ത്യൻ ടീമിൽ ധോണിക്കൊപ്പം ചിലവഴിച്ച താരമാണ് കോലി. 2022 ജനുവരിയിൽ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ തനിക്ക് സന്ദേശം അയച്ച ഒരേയൊരു താരം ധോണിയാണെന്നും കോലി വെളിപ്പെടുത്തി. ക്രിക്കറ്ററെന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ധോണിയുടെ വാക്കുകൾ പ്രചോദനമായി എന്നും കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റിൽ പറഞ്ഞു.

''രണ്ടു തവണ അദ്ദേഹം എന്നെ വിളിച്ചു. ഒരിക്കൽ അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. നിങ്ങൾ കരുത്തനായിരിക്കുമ്പോഴും കരുത്തനെന്ന് തോന്നിക്കുമ്പോഴും ക്ഷേമാന്വേഷണം നടത്താൻ ആളുകൾ മറക്കും.'

''ധോണിയുടെ ഈ വാക്കുകൾ എനിക്കു കരുത്തായി. പൂർണ ആത്മവിശ്വാസവും മാനസികമായി കരുത്തുമുള്ള, ഏതു സാഹചര്യവും നേരിടാനും കൃത്യമായ വഴി കണ്ടെത്താനും ആ വഴി നമുക്കു കാണിച്ചു തരാനും സാധിക്കുന്ന ഒരാളെ ശ്രവിക്കാൻ എനിക്കും സന്തോഷമായിരുന്നു. ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മനുഷ്യരെന്ന നിലയിൽ രണ്ടു ചുവടു പിന്നോട്ടു വയ്ക്കാനും, നമ്മുടെ യാത്ര എങ്ങനെയെന്ന് വിലയിരുത്താനും, നാം എത്ര സന്തോഷവാന്മാരാണെന്നു തിരിച്ചറിയാനും നമുക്കു സാധിക്കണം' കോലി ചൂണ്ടിക്കാട്ടി.

മൂന്ന് വർഷത്തോളം നീണ്ട സെഞ്ചുറി വരൾച്ചയിൽ വലിയ വിമർശനം നേരിട്ട താരമാണ് വിരാട് കോലി. കോലിക്ക് വിശ്രമം നൽകണമെന്നും ടീമിൽ നിന്ന് പുറത്താക്കണം എന്നുവരെ ഇക്കാലത്ത് ആവശ്യമുയർന്നിരുന്നു. 2022 സെപ്റ്റംബറിലെ ഏഷ്യാ കപ്പിലൂടെയായിരുന്നു സെഞ്ചുറി വഴിയിലേക്ക് കോലി തിരിച്ചെത്തിയത്. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനെതിരെയായിരുന്നു കോലിയുടെ കാത്തിരുന്ന ശതകം. കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 122* റൺസെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. ഇതിന് ശേഷം ഏകദിനങ്ങളിൽ ബംഗ്ലാദേശിനെതിരെ 113 ഉം ശ്രീലങ്കയ്ക്ക് എതിരെ 113 ഉം 166* റൺസ് കോലി അടിച്ചുകൂട്ടി.