അഹമ്മദാബാദ്:ഓസ്ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ശതകം പിന്നിട്ട് മുൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്ലി.കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്ലി അഹമ്മദാബാദിൽ സ്വന്തമാക്കിയത്. 241 പന്തുകൾ നേരിട്ട് അഞ്ച് ഫോറുകൾ സഹിതമായിരുന്നു താരത്തിന്റെ നിർണായക സെഞ്ച്വറി.മൂന്ന് വർഷത്തെ ടെസ്റ്റ് സെഞ്ച്വറി വരൾച്ചയ്ക്കാണ് കോഹ്ലി വിരാമമിട്ടത്.2019 നവംബറിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലി അവസാനം ടെസ്റ്റ് സെഞ്ചുറി നേടിയത്.

ഓസ്‌ട്രേലിയക്കെതിരായ ഇന്നത്തെ സെഞ്ചുറിയോടെ എതിർ ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്നവരുടെ പട്ടികയിൽ കോലി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്‌ട്രേലിയക്കെതിരെ 20 സെഞ്ചുറികൾ നേടിയിട്ടുള്ള സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ 19 സെഞ്ചുറികൾ നേടിയിട്ടുള്ള ഡോൺ ബ്രാഡ്മാൻ രണ്ടാമതുള്ള പട്ടികയിൽ ശ്രീലങ്കക്കെതിരെ 17 സെഞ്ചുറികളുമായി സച്ചിൻ ടെൻഡുൽക്കർ തന്നെയാണ് മൂന്നാമത്.

ഓസ്‌ട്രേലിയക്കെതിരെ 16 സെഞ്ചുറികളുമായി വിരാട് കോലി നാലാമതാണ്. ശ്രീലങ്കക്കെതിരെയും കോലിക്ക് 16 സെഞ്ചുറികളുണ്ട്.ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ബാറ്റർമാരിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്നത്തെ സെഞ്ചുറിയോടെ കോലിക്കായി. ഓസ്‌ട്രേലിയക്കെതിരെ കളിച്ച 24 ടെസ്റ്റിൽ കോലി നേടുന്ന എട്ടാം സെഞ്ചുറിയാണിത്.

ഓസ്‌ട്രേലിയക്കെതിരെ 20 ടെസ്റ്റിൽ നിന്ന് എട്ട് സെഞ്ചുറികൾ നേടിയിട്ടുള്ള സുനിൽ ഗവാസ്‌കറാണ് പട്ടികയിൽ കോലിക്കൊപ്പം രണ്ടാം സ്ഥാനത്തുള്ളത്. 39 ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ 11 സെഞ്ചുറികൾ നേടിയിട്ടുള്ള സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

കോലിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. 241 പന്തിലാണ് കോലി അഹമ്മദാബാദിൽ ഓസ്‌ട്രേലിയക്കെതിര സെഞ്ചുറി തികച്ചത്. 2012ൽ നാഗ്പൂരിൽ ഇംഗ്ലണ്ടിനെതിരെ 289 പന്തിൽ സെഞ്ചുറിയിലെത്തിയതാണ് കോലിയുടെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി.