ലക്‌നൗ: ഐപിഎൽ മത്സരത്തിനിടെ ഗ്രൗണ്ടിലെ വാക്‌പോരിൽ ഏർപ്പെട്ട റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിക്കും ലക്‌നൗ മെന്റർ ഗൗതം ഗംഭീറിനുമെതിരെ കടുത്ത നടപടി. തിങ്കളാഴ്ച ലക്‌നൗവിൽ നടന്ന മത്സരത്തിലുണ്ടായ തർക്കങ്ങളിൽ കോലിയും ഗംഭീറും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇരുവരും മാച്ച് ഫീസ് പൂർണമായും പിഴയായി അടയ്‌ക്കേണ്ടിവരും. ലഖ്നൗവിന്റെ അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.

ഐപിഎൽ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്. കോലിക്ക് പിഴയായി 1.07 കോടി രൂപ അടയ്‌ക്കേണ്ടി വരുമെന്നാണ് വിവരങ്ങൾ. ഗംഭീറിന് 25 ലക്ഷവും വനീന് 1.79 ലക്ഷവുമാണ് പിഴ വന്നിട്ടുള്ളത്. ആർസിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടാവുകയായിരുന്നു. ഈ സീസണിൽ ഇരുവരും ആദ്യം നേർക്കുനേർ വന്നപ്പോൾ ആർസിബി പരാജയപ്പെട്ടിരുന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഉയർത്തിയ 200 റൺസിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തിൽ ലഖ്‌നൗ മറികടക്കുകയായിരുന്നു. അന്ന് ഗംഭീർ നടത്തിയ വിജയാഘോഷമായിരിക്കാം തർക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ആർസിബി ആരാധകർക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാൻ ഗംഭീർ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

മത്സരത്തിനിടെ നവീനുമായും അമിത് മിശ്രയുമായും കോലി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. കോലിയും മിശ്രയും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്. പിന്നീട് അംപയർ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. നവീനുമായും കോലി ഇത്തരത്തിൽ കോർത്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോൾ കോലി ചിലത് പറയുന്നുണ്ടായിരുന്നു. അത്രയും സമയം കോലിയുടെ കയ്യിൽ പിടിച്ചുനിൽക്കുകയായിരുന്ന നവീൻ പെട്ടന്ന് എടുത്തുമാറ്റുകയും ചെയ്തു.

ലക്‌നൗ ബാറ്റിങ്ങിനിടെ 17ാം ഓവറിലാണ് കോലിയും നവീൻ ഉൾ ഹഖും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയത്. നവീന് നേരെ കോലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും നവീൻ കോലിയെ തുറിച്ചു നോക്കുകയും ചെയ്തു. തുടർന്ന് അംപയർമാരും ലക്‌നൗ താരം അമിത് മിശ്രയും ഇടപെട്ടാണ് കോലിയെ ശാന്തനാക്കിയത്.

മത്സരത്തിനു ശേഷം ഷെയ്ക് ഹാൻഡ് നൽകുമ്പോഴും കോലിയും നവീൻ ഉൾഹഖും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ലക്‌നൗ ടീം മെന്ററായ ഗൗതം ഗംഭീറും ഇടപെട്ടു. തുടർന്ന് കോലിയും ഗംഭീറും തമ്മിലായി വാക്കുതർക്കം. ലക്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ 18 റൺസിന് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ തോൽപിച്ചു.

വാക്കുതർക്കത്തിന് പിന്നാലെ സമൂഹമാധ്യമത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരം നവീൻ ഉൾ ഹഖിന്റെ പ്രതികരിച്ചിരുന്നു. 'നിങ്ങൾ അർഹിക്കുന്നതെ കിട്ടൂ, അത് അങ്ങനെയേ വരൂ' എന്നാണ് നവീൻ ഉൾ ഹഖ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ഇട്ടത്.

കോലി തന്റെ ഷൂ ചൂണ്ടിക്കാട്ടി നവീനോടു സംസാരിക്കുന്നതും അഫ്ഗാൻ യുവതാരം കോലിയെ തുറിച്ചു നോക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് മത്സരത്തിനു ശേഷം പരസ്പരം ഷെയ്ക് ഹാൻഡ് നൽകിയപ്പോഴും നവീനും കോലിയും തമ്മിൽ തർക്കമുണ്ടായി.

ലക്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ കോലിയുമായി സംസാരിച്ച് പ്രശ്‌നങ്ങൾ തീർത്തെങ്കിലും നവീൻ അതിനും വഴങ്ങിയില്ല. കോലിയുമായി സംസാരിക്കവേ, രാഹുൽ നവീൻ ഉൾ ഹഖിനെ അടുത്തേക്കു വിളിച്ചെങ്കിലും അഫ്ഗാൻ താരം അതു ഗൗനിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു. അതിനു പിന്നാലെയാണ് നവീൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.