- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം വെറും നമ്പർ! ഇന്ത്യയുടെ റൺമെഷീൻ അതിവേഗം കുതിക്കുന്നു; ശ്രീലങ്കക്കെതിരെ മിന്നും സെഞ്ചുറിയുമായി വിരാട് കോലി; സച്ചിന്റെ വമ്പൻ റെക്കോർഡിനൊപ്പം; തകർപ്പൻ ഫോം തുടർന്ന് രോഹിതും; ആരാധകർ ആവേശത്തിൽ
ഗുവാഹത്തി: മികച്ച പ്രകടനം പുറത്തെടുത്തിട്ടും പ്രായത്തിന്റെ പേരിൽ വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി വിരാട് കോലിയും രോഹിത് ശർമ്മയും. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിൽ മുൻനിര ബാറ്റർമാർ വെടിക്കെട്ടുമായി നിറഞ്ഞതോടെ ഗുവഹത്തിയിൽ റൺമഴ തീർത്ത് ഇന്ത്യ ഉയർത്തിയത് 374 റൺസ് വിജയലക്ഷ്യം.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ എക്കാലത്തെയും വലിയ റെക്കോർഡിനൊപ്പമെത്തി വിരാട് കോലി. ഗുവാഹത്തിയിൽ സെഞ്ചുറി നേടിയതോടെ നാട്ടിൽ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോർഡിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യയിൽ കളിച്ച 102 ഏകദിന മത്സരങ്ങളിൽ നിന്നാണ് കോലി 20 സെഞ്ചുറി നേടിയതെങ്കിൽ 164 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ 20 സെഞ്ചുറികൾ സ്വന്തമാക്കിയത്.
ഏകദിനങ്ങളിൽ കോലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ചുറി നേടിയാണ് കോലി 1214 ദിവസമായുള്ള ഏകദിന സെഞ്ചുറി വരൾച്ചക്ക് വിരമാമിട്ടിരുന്നു. ഇന്നത്തെ സെഞ്ചുറിയോടെ ഏകദിനങ്ങളിൽ വെസ്റ്റ് ഇൻഡീസിനും ഓസ്ട്രേലിയക്കും പുറമെ ശ്രീലങ്കക്കെതിരെയും കോലിയുടെ പേരിൽ ഒമ്പത് സെഞ്ചുറികളായി. സച്ചിൻ വെസ്റ്റ് ഇൻഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഒമ്പത് സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇനി ഒരു സെഞ്ചുറി നേടിയാൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ 10 ഏകദിന സെഞ്ചുറി നേടുന്ന ലോകത്തെ ആദ്യ ബാറ്ററെന്ന റെക്കോർഡ് കോലിയുടെ പേരിലാവും. ശ്രീലങ്കക്കെിരെ കളിച്ച 84 മത്സരങ്ങളിൽ സച്ചിൻ 3,113 റൺസടിച്ചപ്പോൾ 49 മത്സരങ്ങളിൽ നിന്ന് കോലി 2,323 റൺസ് നേടി. ശ്രീലങ്കക്കെതിരെ ഒമ്പത് സെഞ്ചുറിക്ക് പുറമെ 19 അർധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്.
പരമ്പരയിൽ ഇനി 67 റൺസ് കൂടി നേടിയാൽ ഏകദിന റൺവേട്ടക്കാരുടെ ലിസ്റ്റിൽ ആദ്യ അഞ്ചിലെത്താനും കോലിക്ക് അവസരമുണ്ട്. സച്ചിൻ, കുമാർ സംഗക്കാര, റിക്കി പോണ്ടിങ്, സനത് ജയസൂര്യ, മഹേല ജയവർധനെ എന്നിവരാണ് നിലവിൽ കോലിക്ക് മുന്നിലുള്ളവർ.
80 പന്തുകളിൽനിന്നാണ് കോലി ഏകദിന കരിയറിലെ 45ാം സെഞ്ചറി തികച്ചത്. 47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽ സെഞ്ചറിയിലേക്കെത്തി. അടിച്ചുകൂട്ടിയത് പത്ത് ഫോറും ഒരു സിക്സും
ഇതോടെ കോലിയുടെ ആകെ സെഞ്ചറികളുടെ എണ്ണം 73 ആയി. ശ്രീലങ്കയ്ക്കെതിരായ ഏകദിന സെഞ്ചറികളിൽ കോലി സച്ചിനെ മറികടന്നു. സച്ചിൻ എട്ട് സെഞ്ചറികൾ നേടിയപ്പോൾ കോലി സ്വന്തമാക്കിയത് ഒൻപതെണ്ണം.
ഒന്നാം വിക്കറ്റിൽ 143 റൺസിന്റെ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. രോഹിത് 41 പന്തുകളിൽനിന്നും, ഗിൽ 51 പന്തുകളിൽനിന്നും അർധ സെഞ്ചറി തികച്ചു. 67 പന്തുകൾ നേരിട്ട രോഹിത് 83 റൺസെടുത്തു. ഒൻപതു ഫോറുകളും മൂന്ന് സിക്സുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. സെഞ്ചുറിയിലേക്ക് കുതിച്ച രോഹിതിനെ അരങ്ങേറ്റ മത്സരം കളിക്കുന്ന ദിൽഷൻ മദുഷങ്കയുടെ പന്തിൽ പുറത്താകുകായിരുന്നു.
പ്രായത്തിന്റെ പേരിൽ വിമർശനം നേരിടുമ്പോഴും പ്രതിഭ ഒട്ടും ചോർന്നിട്ടില്ലെന്ന് ബാറ്റുകൊണ്ട് തെളിയിച്ചാണ് കോലിയും രോഹിതും ആദ്യ ഏകദിന മത്സരത്തിൽ ഇന്നിങ്സ് പൂർത്തിയാക്കിയത്. ഒപ്പം ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കം പരിശീലകൻ രാഹുൽ ദ്രാവിഡ് പ്രതീക്ഷിക്കുന്ന രീതിയിൽ ശുഭകരമായ തുടക്കമിടാനും ഇന്ത്യൻ മുൻനിര താരങ്ങൾക്കായി.
സ്പോർട്സ് ഡെസ്ക്