കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ആവേശം അലതല്ലിയ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അന്തിമ വിജയം. നാല് റൺസിനായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തോൽവി. കൊൽക്കത്ത ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ ഇന്നിങ്‌സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു.

ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ടിന് ഹെന്റി ക്ലാസനിലൂടെ സൺറൈസേഴ്‌സ് മറുപടി നല്കിയെങ്കിലും അവസാന ഓവറിൽ വിജയത്തിൽ എത്തിക്കാനായില്ല. 29 പന്തിൽ 69 റൺസെടുത്ത ക്ലാസൻ അവസാന ഓവറിൽ പുറത്തായതതാണ് മത്സരത്തിൽ നിർണായകമായത്. ഹർസിത് റാണെ എറിഞ്ഞ അവസാന ഓവറാണ് നിർണായകമായത്. വിജയിക്കാൻ 13റൺസ് വേണ്ടിടത്ത് 9 റൺസെടുക്കാനേ സാധിച്ചൂള്ളൂ.

അവസാന നാല് ഓവറിൽ മാത്രം 71 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ 13 റൺസാണ് ജയത്തിലേക്ക് വേണ്ടിയിരുന്നതെങ്കിലും എട്ടു റൺസ് മാത്രമാണ് ഹൈദരാബാദിനു നേടാനായത്. ഇതോടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ പാറ്റ് കമിൻസിന് തോൽവിയായിരുന്നു ഫലം. കൊൽക്കത്ത വീണ്ടും വിജത്തോടെ ടൂർണമെന്റ് തുടങ്ങി.

സാൾട്ട് തുടങ്ങിവച്ചത് റസ്സൽ തീർത്തു. തുടക്കവും ഒടുക്കവും ഭംഗിയാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎൽ പതിനേഴാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 208 റൺസ്. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സാൾട്ട് (40 പന്തിൽ 54), അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളംനിറഞ്ഞ ആന്ദ്രെ റസ്സൽ (25 പന്തിൽ 64*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

അവസാന അഞ്ച് ഓവറിൽ മാത്രം 85 റൺസാണ് കൊൽക്കത്ത അടിച്ചൂകൂട്ടിയത്. ഇതിൽ 62 റൺസും നേടിയത് റസ്സൽ തന്നെ. ഏഴു സിക്‌സും മൂന്നു ഫോറുമാണ് റസ്സലിന്റെ ബാറ്റിൽനിന്നു പിറന്നത്. 19ാം ഓവറിൽ മാത്രം 26 റൺസ് നേടി. ശനിയാഴ്ചയിലെ മത്സരത്തോടെ റസൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഐ.പി.എലിൽ ഇരുന്നൂറിലധികം സിക്സ് നേടുന്ന ഒൻപതാമത്തെ താരമായി റസൽ മാറി.

ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് കൊൽക്കത്തെയ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ സുനിൽ നരെയ്‌നെ (2) കൊൽക്കത്തയ്ക്കു നഷ്ടമായെങ്കിൽ മറ്റൊരു ഓപ്പണർ ഫിൽ സാൾട്ട് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. കൊൽക്കത്തയ്ക്കായി അരങ്ങേറ്റം കുറിച്ച സാൾട്ട്, ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചറി നേടുകയും ചെയ്തു.

വെങ്കടേഷ് അയ്യർ (7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (പൂജ്യം), നിതീഷ് റാണ (9) എന്നിവർ തിളങ്ങാതായതോടെ മധ്യഓവറുകളിൽ കൊൽക്കത്ത പരുങ്ങി. രമൺദീപ് സിങ്ങിന്റെ (17 പന്തിൽ 35) ബാറ്റിങ്ങാണ് ഈ സമയത്തുകൊൽക്കത്തയ്ക്ക് തുണയായത്. ഏഴാം വിക്കറ്റിൽ റസ്സലും റിങ്കു സിങ്ങും (15 പന്തിൽ 23) ഒന്നിച്ചതോടെ കൊൽക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന ഓവറിൽ റിങ്കു പുറത്തായതിനു പിന്നാലെ എത്തിയ മിച്ചൽ സ്റ്റാർക്ക് (6*) പുറത്താകാതെനിന്നു. ഹൈദരാബാദിനായി ടി.നടരാജൻ മൂന്നു വിക്കറ്റും മയാങ്ക് മാർക്കണ്ഡെ രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും വീഴ്‌ത്തി.