മുംബൈ: ട്വന്റി20 ലോകകപ്പിൽ ഇന്ന് പാക്കിസ്ഥാനും ഇംഗ്ലണ്ടും കലാശപ്പോരാട്ടിന് ഇറങ്ങുമ്പോൾ കിരീടം ആര് ഉയർത്തും എന്ന പ്രവചനവുമായി ഇതിഹാസ താരങ്ങളായ സച്ചിനും ലാറയും.

ഇംഗ്ലണ്ട് ഇന്ന് കിരീടം ഉയർത്തും എന്നാണ് സച്ചിൻ പ്രവചിക്കുന്നത്. ഫൈനൽ മത്സരം നടക്കുന്ന മെൽബൺ ഗ്രൗണ്ടിന്റെ വലിപ്പം ചൂണ്ടിയാണ് പ്രധാനമായും സച്ചിൻ ഇംഗ്ലണ്ടിനൊപ്പം നിൽക്കുന്നത്. പാക്കിസ്ഥാൻ ആണ് വിജയാവേശത്തിൽ നിൽക്കുന്ന ടീം, സച്ചിൻ പറയുന്നു.

എന്നാൽ മെൽബണിലെ സ്‌ക്വയർ ബൗണ്ടറികളുടെ വലിപ്പം മുതലെടുത്ത് ഇംഗ്ലീഷ് പേസർമാർ ഷോർട്ട് പിച്ച് ഡെലിവറികൾ എറിയും. ഇത് സ്‌ക്വയർ ഓഫ് ദി വിക്കറ്റ് ഷോട്ടുകൾ കളിക്കാൻ പാക് ബാറ്റേഴ്സിനെ പ്രേരിപ്പിക്കുമെന്നും സച്ചിൻ വിലയിരുത്തുന്നു.

എന്നാൽ പാക്കിസ്ഥാനൊപ്പമാണ് വിൻഡിസ് ഇതിഹാസം ബ്രയാൻ ലാറ നിൽക്കുന്നത്. പാക് കളിക്കാരുടെ വ്യക്തിഗത മികവിൽ അവർ കപ്പ് ഉയർത്തും എന്നാണ് ലാറ പറയുന്നത്. ലോക കിരീടം ഏഷ്യയിലേക്ക് തന്നെ എത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലാറ പറഞ്ഞു.