- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റൺമലയ്ക്ക് മുന്നിൽ മൂക്കുകുത്തി മുൻനിര; കൈവിട്ട കളി തിരിച്ചുപിടിച്ച് മാർകസ് സ്റ്റോയിനിസ്; ജയം ഉറപ്പിച്ച വെടിക്കെട്ടുമായി നിക്കോളാസ് പുരാൻ; അവസാന ഓവർ ത്രില്ലറിൽ ലഖ്നൗവിന് ത്രസിപ്പിക്കുന്ന ജയം; ആർസിബിയെ കീഴടക്കിയത് അവസാന പന്തിൽ ഒരു വിക്കറ്റിന്
ബംഗളൂരു: അവസാന പന്ത് വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒരു വിക്കറ്റിന് കീഴടക്കി ലഖ്നൗ സൂപ്പർ ജെയന്റ്സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ സൂപ്പർ ജെയന്റ്സ് അവസാന പന്തിൽ ലക്ഷ്യം മറികടന്നു.
ബാംഗ്ലൂർ ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ മുൻനിര മൂക്കുകുത്തിയിട്ടും മാർകസ് സ്റ്റോയിനിസ് (30 പന്തിൽ 65), നിക്കോളാസ് പുരാൻ (19 പന്തിൽ 62) എന്നിവരാണ് തോൽക്കുമെന്ന് തോന്നിയ മത്സരം തിരിച്ചുപിടിച്ചത്. അവസാന ഓവറുകളിൽ ആയുഷ് ബദോനി (24 പന്തിൽ 30) പുറത്തെടുത്ത പോരാട്ടവീര്യം ലഖ്നൗവിന് തുണയായി.
ഒട്ടും മികച്ചതല്ലായിരുന്നു ലഖ്നൗവിന്റെ തുടക്കം. ആദ്യ ഓവറിൽ തന്നെ ലഖ്നൗവിൽ ഓപ്പണർ മയേഴ്സിനെ നഷ്ടമായി. റൺസെടുക്കും മുമ്പ് മയേഴ്സിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കി. നാലാം ഓവറിൽ ദീപക് ഹൂഡയും (0) മടങ്ങി. പാർനെല്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന് ക്യാച്ച്. അതേ ഓവറിൽ ക്രുനാൽ പാണ്ഡ്യയേയും (0) പാർനെൽ കാർത്തികിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാല് ഓവറിൽ ലഖ്നൗ മൂന്നിന് 23 എന്ന നിലയിലായി.
അഞ്ചാം ഓവറിൽ സ്റ്റോയിനിസ് നൽകിയ ഒരു അർധാവസരം സിറാജ് പാഴാക്കി. പിന്നീട് കെ എൽ രാഹുലിനൊപ്പം (20 പന്തിൽ 18) ചേർന്ന് സ്റ്റോയിനിസുണ്ടാക്കിയ കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് ലഖ്നൗവിനെ രക്ഷിച്ചത്. ഇരുവരും 76 റൺസ് കൂട്ടിചേർത്തു. എന്നാൽ രാഹുലിന്റെ മെല്ലപ്പോക്ക് ലഖ്നൗവിന് വിനയായി. രാഹുലും സ്റ്റോയിനിസും കൃത്യമായ ഇടവേളകളിലാണ് മടങ്ങിയത്. ഇതോടെ ലഖ്നൗ 11.1 ഓവറിൽ അഞ്ചിന് 105 എന്ന നിലയിലായി. അഞ്ച് സിക്സും ആറ് ഫോറും സ്റ്റോയിനിസിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.
പിന്നീട് പുരാനാണ് ലഖ്നൗവിന്റെ പ്രതീക്ഷകൾക്ക് നിറം പകർന്നത്. 19 പന്തുകൾ മാത്രം നേരിട്ട പുരാൻ ഏഴ് സിക്സും നാല് ഫോറും പായിച്ചു. ആയുഷ് ബദോനിക്കും 84 റൺസ് പുരാൻ കൂട്ടിചേർത്തു. എന്നാൽ സിറാജിന്റെ പന്തിൽ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നൽകി പുരാൻ മടങ്ങി. ലഖ്നൗ വിജയിക്കുമെന്ന് തോന്നിരിക്കെ ബദോനി ഹിറ്റ് വിക്കറ്റാവുകയും ചെയ്തു. വീണ്ടും ഫോട്ടോഫിനിഷിലേക്ക്. അവസാന ഓവറിൽ മാർക്ക് വുഡിനെ (1), ജയ്ദേവ് ഉനദ്ഖട് (9) എന്നിവരെ നഷ്ടമായെങ്കിലും അവസാന പന്തിൽ ബൈയിലുടെ ഒരു റൺ നേടി ആവേഷ് ഖാൻ ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചു. രവി ബിഷ്നോയ് (3) പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് വിരാട് കോലി (44 പന്തിൽ 61) മികച്ച തുടക്കം നൽകി. പിന്നാലെ ഫാഫ് ഡുപ്ലെസിസ് (46 പന്തിൽ 79), മാക്സ്വെൽ (29 പന്തിൽ 59) എന്നിവരും അർധ സെഞ്ചുറി നേടിയതോടെ ആർസിബി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി.
തുടക്കത്തിൽ തകർത്തടിച്ച വിരാട് കോലിയാണ് ആർസിബിയെ മുന്നോട്ട് നയിച്ചത്. പവർ പ്ലേയിൽ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെ കാഴ്ചക്കാരനായി കോലി തകർത്തടിച്ചതോടെ ബാംഗ്ലൂർ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസിലെത്തി. ഇതിൽ 42 റൺസും കോലിയപുടെ ബാറ്റിൽ നിന്നായിരുന്നു. പവർ പ്ലേയിൽ മാത്രം മൂന്ന് സിക്സും നാലു ഫോറും കോലി പറത്തി.മാർക്ക് വുഡിനെയടക്കം സിക്സിന് പറത്തിയ കോലിയെ പിടിച്ചുകെട്ടാൻ ലഖ്നൗ സ്പിന്നർമാരെ രംഗത്തിറക്കിയതോടെ ആർസിബി സ്‌കോറിംഗിന് കടിഞ്ഞാൺ വീണു. 35 പന്തിൽ അർധസെഞ്ചുറി തികച്ച കോലി 44 പന്തിൽ 61 റൺസടിച്ച് പുറത്താകുമ്പോൾ ആർസിബി പന്ത്രണ്ടാം ഓവറിൽ 96ൽ എത്തിയിരുന്നു.
കോലി പുറത്തായശേഷം കടിഞ്ഞാൺ ഏറ്റെടുത്ത ഫാഫ് ഡൂപ്ലെസി തകർത്തടിച്ചതോടെ ബാംഗ്ലൂർ വീണ്ടും കുതിച്ചു. കൂട്ടിന് മാക്സ്വെൽ കൂടിയെത്തിയതോടെ ലഖ്നൗ ബൗളർമാർ കാഴ്‌ച്ചകാരായി. കോലിയെപ്പോലെ 35 പന്തിലാണ് ഡൂപ്ലെസിയും അർധസെഞ്ചുറി തികച്ചത്. മറുവശത്ത് മിന്നലടികളുമായി മാക്സ്വെൽ ആളിക്കത്തിയതോടെ ആർസിബി 200 കടന്ന് കുതിച്ചു.ഉനദ്ഘട്ട് എറിഞ്ഞ പതിനെട്ടാം ഓവറിൽ 23 റൺസടിച്ച ആർസിബി 200 കടന്നു. പത്തൊമ്പതാം ഓവറിൽ ആവേശ് ഖാനെ തുടർച്ചയായി സിക്സിന് പറത്തി 24 പന്തിൽ മാക്സ്വെൽ അർധസെഞ്ചുറി തികച്ചു.
ആവേശ് ഖാന്റെ ആ ഓവറിൽ പിറന്നത് 20 റൺസ്. മാർക്ക് വുഡ് എറിഞ്ഞ അവസാന ഓവറിൽ മാക്സ്വെൽ(29 പന്തിൽ 59) പുറത്തായെങ്കിലും ആർസിബി 212ൽ എത്തിയിരുന്നു. 46 പന്തൽ 79 റൺസുമായി ഡൂപ്ലെസിയും ദിനേശ് കാർത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്നൗവിനായി മാർക് വുഡ് നാലോവറിൽ 32 റൺസിനും അമിത് മിശ്ര രണ്ടോവറിൽ 18 റൺസിനും ഓരോ വിക്കറ്റെടുത്തു. അവസാന അഞ്ചോവറിൽ മാത്രം ആർസിബി 75 റൺസാണ് അടിച്ചെടുത്തത്.
സ്പോർട്സ് ഡെസ്ക്