അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് എതിരെ 228 റൺസിന്റെ പടുകൂറ്റൻ വിജയ ലക്ഷ്യം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. വൃദ്ധിമാൻ സാഹ ശുഭ്മൻ ഗിൽ എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ടൈറ്റൻസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. സാഹ 43 പന്തിൽ 81 റൺസെടുത്ത് പുറത്തായപ്പോൾ ഗിൽ 51 പന്തിൽ 94 റൺസുമായി പുറത്താകാതെ നിന്നു. ഹാർദ്ദിക് പാണ്ഡ്യ 15 പന്തിൽ 25 റൺസും ഡേവിഡ് മില്ലർ 12 പന്തിൽ 21 റൺസുമെടുത്തു.

ഒന്നാം വിക്കറ്റിൽ 142 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. പവർപ്ലേയിൽ ആദ്യ 24 പന്തുകളിൽതന്നെ 50 പിന്നിട്ട ഗുജറാത്ത്, 50 ബോളിൽ നൂറിലെത്തി. പവർ പ്ലേ ഓവറുകളിൽ തകർത്തടിച്ച സാഹ 20 പന്തിൽ അർധ സെഞ്ചറി തികച്ചു. 29 പന്തുകളാണ് ഗില്ലിന് ഫിഫ്റ്റി തികയ്ക്കാൻ വേണ്ടിവന്നത്.

13ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ സാഹ പുറത്തായി. നാല് സിക്‌സുകളും പത്ത് ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ഗില്ലിന് കൂട്ടായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എത്തിയെങ്കിലും അധിക നേരം ക്രീസിൽനിന്നില്ല. രണ്ട് സിക്‌സുകൾ പറത്തിയ പാണ്ഡ്യ 15 പന്തിൽ 25 റൺസെടുത്തു. മുഹ്‌സിൻ ഖാന്റെ പന്തിൽ ലക്‌നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയാണ് ഹാർദിക്കിന്റെ ക്യാച്ചെടുത്തത്. 17.4 ഓവറുകളിൽ ഗുജറാത്ത് 200 പിന്നിട്ടു.

20ാം ഓവറിൽ സെഞ്ചറി നേടാൻ ഗില്ലിന് അവസരമുണ്ടായിരുന്നെങ്കിലും ലക്ഷ്യം നേടാനായില്ല. 12 പന്തുകളിൽ 21 റൺസുമായി ഡേവിഡ് മില്ലറും പുറത്താകാതെനിന്നു. ക്വിന്റൻ ഡി കോക്ക്, ദീപക് ഹൂഡ, നിക്കോളാസ് പുരാൻ എന്നിവരൊഴികെ എട്ടു താരങ്ങളാണ് ഇന്ന് ലക്‌നൗവിനായി പന്തെറിഞ്ഞത്. വിക്കറ്റ് കിട്ടിയത് മുഹ്‌സിൻ ഖാനും ആവേശ് ഖാനും മാത്രം.

പവർ പ്ലേയിൽ ഗുജറാത്ത് ആറോവറിൽ 78 റൺസടിച്ചപ്പോൾ സാഹ 20 പന്തിൽ അർധസെഞ്ചുറിയിലെത്തിയിരുന്നു. സാഹ തകർത്തടിക്കുമ്പോൾ കാഴ്ചക്കാരനായി നിന്ന ഗിൽ പവർ പ്ലേക്ക് ശേഷം കടിഞ്ഞാൺ ഏറ്റെടുത്തു. ഒമ്പതാം ഓവറിൽ ഗുജറാത്ത് 100 കടന്നതിന് പിന്നാലെ 29 പന്തിൽ ഗിൽ അർധസെഞ്ചുറിയിലെത്തി.

പതിമൂന്നാം ഓവറിലാണ് സാഹയെ വീഴ്‌ത്തി ആവേശ് ഖാൻ ലഖ്‌നൗവിന് ആശ്വസിക്കാൻ വക നൽകിയത്. 43 പന്തിൽ 10 ഫോറും നാലു സിക്‌സും പറത്തിയാണ് സാഹ 81 റൺസടിച്ചത്. സാഹ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. മാർക്കസ് സ്റ്റോയിനിസിന്റെ ഒരോവറിൽ സാഹയും പാണ്ഡ്യയും ചേർന്ന് 20 റൺസ് അടിച്ചുകൂട്ടി ഗുജറാത്തിനെ 150 കടത്തി.

പതിനഞ്ചാം ഓവറിൽ 176 റൺസിലെത്തിയ ഗുജറാത്തിന് പതിനാറാം ഓവറിൽ 15 പന്തിൽ 25 റൺസെടുത്ത ഹാർദ്ദിക്കിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ മില്ലറും ഗില്ലും ചേർന്ന് അവരെ 227 റൺസിലെത്തിച്ചു.

അർഹിച്ച സെഞ്ചുറി ഗില്ലിന് നഷ്ടമായങ്കിലും 51 പന്തിൽ ഏഴ് സിക്‌സും രണ്ട് ഫോറും പറത്തിയ ഗിൽ 94 റൺസുമായി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലർ രണ്ട് ഫോറും ഒരു സിക്‌സും പറത്തി 12 പന്തിൽ 21 റൺസെടുത്തു. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റെടുത്തു.

ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ലഖ്‌നൗ ഇന്നിറങ്ങിയത്. പേസർ നവീൻ ഉൾ ഹഖിന് പകരം ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡീ കോക്ക് ലഖ്‌നൗവിന്റെ ആദ്യ ഇലവനിലെത്തി. ജോഷ്വ ലിറ്റിൽ അയർലൻഡിലേക്ക് മടങ്ങിയതിനാൽ പകരം വിൻഡീസ് പേസർ അൽസാരി ജോസഫാണ് ഗുജറാത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടിയത്.